നാളെ ചിങ്ങത്തിലെ ഷഷ്ഠി വെള്ളിയാഴ്ച

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം.

author-image
parvathyanoop
New Update
നാളെ ചിങ്ങത്തിലെ ഷഷ്ഠി വെള്ളിയാഴ്ച

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം.

ചൊവ്വാദോഷശാന്തിക്ക് ജാതകത്തെ അടിസ്ഥാനമാക്കി വിധിപ്രകാരം ഷഷ്ഠി വ്രതമെടുക്കുന്നത് ഉത്തമമാണ്. അതുപോലെ സര്‍പ്പദോഷം മാറുന്നതിനും ത്വഗ്രോഗങ്ങള്‍ ശമിക്കുന്നതിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും സുബ്രഹ്മണ്യ പ്രീതികരമായ ഈ വ്രതം ശ്രേഷ്ഠമായി കാണുന്നു.

വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്.ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. ചിങ്ങത്തിലെ ഷഷ്ഠി നാളില്‍ വ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യ ഭഗവാനെയും ലളിതാദേവിയെയും ഭജിച്ചാല്‍ ആഗ്രഹസാഫല്യം നേടാം. ഈ ഷഷ്ഠിയെ ചന്ദനഷഷ്ഠിയെന്നും സൂര്യഷഷ്ഠിയെന്നും അറിയപ്പെടുന്നു.

അന്നു തന്നെയാണ് ലളിതാവ്രതവും.2022 സെപ്റ്റംബര്‍ 2 വെള്ളിയാഴ്ചയാണ് ചിങ്ങത്തിലെ ഷഷ്ഠി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:49 മുതല്‍ സെപ്റ്റംബര്‍ 2 ന് ഉച്ചയ്ക്ക് 1:51 വരെയാണ് ഷഷ്ഠി തിഥി സമയം.ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവര്‍ തലേന്ന് പഞ്ചമിനാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം.

സുബ്രഹ്മണ്യ സ്‌തോത്രങ്ങള്‍, സ്‌കന്ദപുരാണം എന്നിവ പാരായണം ചെയ്യണം. വഴിപാടുകള്‍, അന്നദാനം ഇവ നടത്തണം.ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കി ആഹാരം കഴിക്കാം.

ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവര്‍ അതിനനുസരിച്ച രീതിയില്‍ വ്രതമെടുക്കുക. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഐതിഹ്യം

ഒരിക്കല്‍ ബ്രഹ്മദേവനുമായി സുബ്രഹ്മണ്യസ്വാമി വാഗ്വാദത്തിന് ഇടയായി. ഒടുവില്‍ തനിക്കാണ് തെറ്റുപറ്റിയതെന്നറിഞ്ഞ സുബ്രഹ്മണ്യന്‍ പ്രായശ്ചിത്തമെന്നോണം സര്‍പ്പമായി വേഷം ധരിച്ചു. ഇതുകണ്ട് ദുഃഖിതയായ പാര്‍വതീദേവി മകന്റെ വൈരൂപ്യം മാറാന്‍ ശ്രീ പരമേശ്വരന്റെ ഉപദേശമനുസരിച്ച് ഒമ്പതുവര്‍ഷങ്ങള്‍ കൊണ്ട് 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ചതായി കഥയുണ്ട്.

സുബ്രഹ്മണ്യ സ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം

ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ

ആശ്ചര്യ വീരം സുകുമാര രൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്ക ഗൗരീ തനയം കുമാരം

സ്‌കന്ദം വിശാഖം സതതം നമാമി

സക്ന്ദായ കാര്‍ത്തികേയായ

പാര്‍വതി നന്ദനായ ച

മഹാദേവ കുമാരായ

സുബ്രഹ്മണ്യായ തേ നമഃ

subramanya temple shashti friday