ഇന്ന് തൃക്കാര്‍ത്തിക ...ഐതിഹ്യം

By subbammal.03 Dec, 2017

imran-azhar

ഇന്ന് തൃക്കാര്‍ത്തിക. വൃശ്ചികമാസത്തില്‍ കാര്‍ത്തിക നക്ഷത്രവും പൌര്‍ണ്ണമിയും ഒരുമിക്കുന്ന നാളിലാണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. സന്ധ്യയ്ക്ക് പൂജാമുറിയില്‍ വിളക്കുതെളിച്ച് തുടര്‍ന്ന് നടുമുറ്റത്തൊരുക്കിയ കാര്‍ത്തികദീപത്തിലും തുടര്‍ന്ന് മണ്‍ചെരാതുകളിലും തിരിതെളിയിച്ച് വീടാകെ ദീപങ്ങളാല്‍ അലങ്കരിക്കുന്നു. വാഴത്തടയില്‍ കുരുത്തോലയും പൂക്കളും കൊണ്ടലങ്കരിച്ചാണ് തൃക്കാര്‍ത്തിക വിളക്കുണ്ടാക്കുക. പുഴുക്ക്, അട, കരിക്ക് എന്നിവയാണ് കാര്‍ത്തിക നാളില്‍ വിളക്കുതെളിയിച്ച ശേഷം വിളന്പുക. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഇവ ആസ്വദിക്കുന്നു.

 

കേരളത്തില്‍ തൃക്കാര്‍ത്തിക ദേവീപ്രധാനമാണ്. പാര്‍വതീദേവി, കാര്‍ത്യായനി രൂപത്തില്‍ അവതരിച്ച ദിവസമാണു തൃക്കാര്‍ത്തിക എന്നാണ് ഐതിഹ്യം. അതുകൊണ്ടു കാര്‍ത്യായനീ ദേവ ിയുടെ ജന്മദിനം എന്ന നിലയിലാണു കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇന്നാണ് തൃക്കാര്‍ത്തിക കൊണ്ടാടുന്നത്. ശനിയാഴ്ച ഉച്ച വരെ ഭരണി നക്ഷത്രവും ശേഷിച്ച സമയം കാര്‍ത്തികയുമായതിനാല്‍ തമിഴ്നാട്ടില്‍ ഇന്നലെയായിരുന്നു കാര്‍ത്തിക ആഘോഷം.

 

 

തമിഴകത്ത് തൃക്കാര്‍ത്തിക സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ആഘോഷമാണ്. ശരവണപ്പൊയ്കയില്‍ പിറന്നുവീണ സുബ്രഹ്മണ്യനെ കൃത്തികമാര്‍ എന്ന ആറ് അമ്മമാര്‍ എടുത്തുവളര്‍ത്തിയതു മൂലം ആറു മുഖമുണ്ടായെന്നാണു വിശ്വാസം. ഈയവസ്ഥയില്‍ പാര്‍വതീദേവി കുട്ടിയെ എടുത്ത് ഒന്നാക്കിയപ്പോള്‍ വീണ്ടും ഒരു മുഖമായി എന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ പാര്‍വതീദേവി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാര്‍ത്തിക ദിവസമാണ് എന്നും ഐതിഹ്യമുണ്ട്. അതിനാലാണ് തൃക്കാര്‍ത്തികനാളില്‍ സുബ്രഹ്മണ്യനെ പൂജിക്കുന്നത്.

 

ശ്രീപരമേശ്വരന്‍ അഗ്നിരൂപിയായി നിലകൊളളുന്ന തമിഴ്നാട്ടിലെ തിരുവണ്ണാമല ക്ഷേത്രത്തില്‍ കുന്നിനുമുകളില്‍ തെളിയിക്കുന്ന തൃക്കാര്‍ത്തിക ദീപം പ്രസിദ്ധമാണ്.

OTHER SECTIONS