തുളസി വൃന്ദയോ ശ്രീമഹാലക്ഷ്മിയോ

By subbammal.16 Apr, 2018

imran-azhar

ശ്രീ മഹാലക്ഷ്മിയുടെ അംശമാണ് തുളസിയെന്നാണ് വിശ്വാസം. അതല്ല പരാശക്തി ഭക്തയായ വൃന്ദയാണ് തുളസിച്ചെടിയായി മാറിയതെന്നും ഐതിഹ്യമുണ്ട്. ജലന്ധരന്‍ എന്ന അസുരന്‍
വൃന്ദയെ വിവാഹം ചെയ്തു. ത്രിലോകവിജയത്തിനായി ഇറങ്ങിപ്പുറപ്പെട്ട ജലന്ധരന്‍റെ ക്രൂരതകള്‍ അതിരുവിട്ടെങ്കിലും വൃന്ദയുടെ പാതിവ്രത്യശക്തിയാലും ഭക്തിയാലും ദേവന്മാര്‍ക്ക് അവനെ വധിക്കാനാവാതെവന്നു. തുടര്‍ന്ന് ദേവകള്‍ ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ജലന്ധരന്‍ യുദ്ധഭൂമിയില്‍ നില്‍ക്കെ മഹാവിഷ്ണു വേഷപ്രച്ഛന്നനായി ജലന്ധരന്‍റെ കൊട്ടാരത്തിലെത്തി. പതിയെ കണ്ട വൃന്ദ പൂജ നിര്‍ത്തിവച്ച് അദ്ദേഹത്തെ പരിചരിച്ചു. പതിക്ക് പകരം അന്യപുരുഷനെ പരിചരിച്ചതോടെ വൃന്ദയുടെ പാതിവ്രത്യത്തിന്‍റെ ശക്തി ക്ഷയിക്കുകയും ജലന്ധരന്‍ വധി ക്കപ്പെടുകയും ചെയ്തു. തനിക്ക് പറ്റിയ ചതി മനസ്സിലാക്കിയ വൃന്ദ വിലാപത്തോടെ ജീവന്‍വെടിഞ്ഞു. എന്നാല്‍, വൃന്ദ എന്നും പാതിവ്രത്യത്തിന്‍റെ പ്രതീകമായി അറിയപ്പെടുമെന്നും തുളസ ിയായി പുനര്‍ജനിച്ച് ഭൂമിയില്‍ ഐശ്വര്യം പരത്തുമെന്നും ഭഗവാന്‍ വരമേകി. തനിക്ക് അര്‍പ്പിക്കപ്പെടുന്ന പൂജാപുഷ്പങ്ങളില്‍ പ്രഥമസ്ഥാനം തുളസിക്കായിരിക്കുമെന്നും ഭഗവാന്‍ അരുളി. അങ്ങനെയാണത്രേ തുളസിച്ചെടിയുണ്ടായത്. വിഷ്ണുപൂജയ്ക്കുളള പുഷ്പങ്ങളില്‍ പ്രഥമ സ്ഥാനവും തുളസിക്കുതന്നെ. രാവിലെ കുളിച്ച് ശുദ്ധിവരുത്തി തുളസിക്ക് ജലമേകി വലംവെച്ച് തൊഴുതാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. അതു കൊണ്ടാണ് പണ്ട് തറവാടുകളിലെല്ലാം തുളസിത്തറയ്ക്ക് വലിയ പ്രധാന്യം നല്‍കിയിരുന്നത്. തുളസിത്തറയില്‍ മഞ്ഞള്‍കൂടി നട്ടാല്‍ ലക്ഷ്മീ നാരായണ സങ്കല്പമായി. അശുദ്ധിയുളള സ്ഥലത്ത് തുളസി വളരില്ലെന്ന പ്രത്യേകതയുണ്ട്. മാത്രമല്ല, തുളസി നട്ടുവളര്‍ത്തുന്നത് ഇഴജന്തുക്കളെയും അകറ്റും. തുളസീ പത്രം നുളളിയെടുക്കുംമുന്പ് കേശവാര്‍ത്ഥം ലൂനാമിത്വാം വന്ദേ കേശവപ്രിയേ എന്ന് മനസ്സില്‍ ജപിക്കുക.

OTHER SECTIONS