സമ്പത്തിനും അറിവിനും ഉത്തമം വരലക്ഷ്മീ പൂജ

By parvathyanoop.10 08 2022

imran-azhar

 

ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്. ഈ ദിനത്തില്‍ സുമംഗലികളാണ് ആഗ്രഹനിവര്‍ത്തിക്കായി ഈ പൂജ നടത്തുക. ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും മറ്റ് ഈശ്വരന്‍മാരുടെ അനുഗ്രഹവും ഈ പൂജചെയ്യുന്നതിലൂടെ കിട്ടും.

 

അതിനാല്‍ ദേവിയുടെ ഈ രൂപത്തെ വര ലക്ഷ്മി അഥവാ വരം നല്‍കുന്ന ലക്ഷ്മി ദേവി എന്ന് വിളിക്കുന്നു.വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി വരലക്ഷ്മി വ്രതം ആചരിക്കുന്നു. ഈ ദിവസം വരാ-ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് അഷ്ടലക്ഷ്മിയെ അഥവാ ലക്ഷ്മീ ദേവിയുടെ എട്ട് രൂപങ്ങളെ ആരാധിക്കുന്നതിനു തുല്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീ, ഭു, സരസ്വതി, പ്രീതി, കീര്‍ത്തി, ശാന്തി, തുസ്തി, പുഷ്തി എന്നിവയാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന എട്ട് ദേവതകള്‍.


വരലക്ഷ്മി വ്രതത്തിന്റെ ഐതിഹ്യം:

 

പണ്ട് മഗധ രാജ്യത്തില്‍ കുണ്ഡിന്യപുര എന്ന പട്ടണത്തില്‍ ചാരുമതി എന്നൊരു സ്ത്രീ താമസിച്ചിരുന്നു. അവളുടെ ഭക്തിയില്‍ സംപ്രീതയായ മഹാലക്ഷ്മി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും വരലക്ഷ്മിയെ ആരാധിക്കാനും ആഗ്രഹങ്ങള്‍ പ്രാര്‍ഥിക്കാനും ആവശ്യപ്പെട്ടുവത്രെ. സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ രൂപമാണ് വരലക്ഷ്മി. പൗര്‍ണമിക്ക് മുമ്പുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയാണ് പ്രാര്‍ഥന നടത്താന്‍ നിര്‍ദ്ദേശിച്ചത്.

 

ചാരുമതി തന്റെ സ്വപ്നം വീട്ടുകാരോട് വിശദീകരിച്ചപ്പോള്‍, അവര്‍ പൂജ നടത്താന്‍ അവളെ പ്രോത്സാഹിപ്പിച്ചു. ഗ്രാമത്തിലെ മറ്റ് സ്ത്രീകളും പൂജ നടത്തുന്നതില്‍ അവളോടൊപ്പം ചേര്‍ന്നു. കീര്‍ത്തനങ്ങളോടൊപ്പം വരലക്ഷ്മി ദേവിക്ക് നിരവധി മധുരപലഹാരങ്ങളും നേദിച്ചു.പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വതി ഈ വ്രതം അനുഷ്ഠിച്ചു എന്നൊരു ഐതിഹ്യവും ഉണ്ട്. ഐശ്വര്യവും സന്തോഷവും തേടി പാര്‍വതി നടത്തിയ പൂജയാണിത്. കുടുംബത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും സമ്പത്തിനും അറിവിനും വേണ്ടി വരം തേടുന്ന സ്ത്രീകള്‍ ഇത് അനുഷ്ഠിക്കാന്‍ തുടങ്ങി.

 

വ്രതമനുഷ്ഠിക്കേണ്ടത് ഇങ്ങനെ:

ഈ ദിവസത്തെ ഉപവാസം സൂര്യോദയത്തോടെ ആരംഭിക്കുകയും സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യുന്നു. അതിരാവിലെ എഴുന്നേറ്റ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വരുത്തിയ ശേഷമാണ് വ്രത പൂജയിലേക്ക് കടക്കേണ്ടത്. ചെമ്പ് കലശത്തില്‍ നാണയം, വെറ്റില, അടയ്ക്ക, മഞ്ഞള്‍, കണ്ണാടി, കരിവള, കുങ്കുമ ചെപ്പ്, അരിപ്പൊടി എന്നിവ നിറയ്ക്കണം. ഇതിന് മുകളില്‍ മാവില നിരത്തി അതിന് മുകളില്‍ ഒരു നാളികേരം വെക്കണം.

 

ഇതിന് മുകളിലായി ലക്ഷ്മീ ദേവിയുടെ ചിത്രം വെച്ച ശേഷം വെള്ള പൊങ്കാല പാകം ചെയ്ത് നിവേദിക്കാം.ഗണപതി പൂജ, വരളക്ഷ്മി പൂജ തുടങ്ങിയവയെല്ലാം പുഷ്പങ്ങളും ധാന്യങ്ങളും ഉപയോഗിച്ചാണ് ചെയ്യേണ്ടത്. പൂജ സമയത്ത്, ഒമ്പത് കെട്ടുകളുള്ള മഞ്ഞ നൂലുകള്‍ ബലിപീഠത്തിന് മുന്നില്‍ വയ്ക്കുകയും പൂജ നടത്തുകയും ചെയ്യുന്നു. വഴിപാടുകള്‍ നടത്തുകയും ആരതി ഉഴിയുകയും ചെയ്യുന്നു. പൂജയുടെ അവസാനം, പൂജയില്‍ പങ്കെടുത്ത ആളുകളുടെ കൈത്തണ്ടയില്‍ മഞ്ഞ നൂല്‍ ബന്ധിച്ചിരിക്കും.

 

ഇത് വരലക്ഷ്മിയുടെ അനുഗ്രഹം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.പൂജയ്ക്കായി വേവിച്ച പയര്‍വര്‍ഗ്ഗങ്ങള്‍, മധുര പലഹാരങ്ങള്‍, അരി മാവ്, കഞ്ഞി എന്നിവയും ഉള്‍പ്പെടുന്നു. വഴിപാടുകള്‍ ഒരു വാഴയിലയില്‍ വയ്ക്കുകയും പൂജ സമയത്ത് ദേവന്റെ മുന്‍പില്‍ വയ്ക്കുകയും ചെയ്യാം. പിന്നീട് ഈ പ്രസാദം ക്ഷണിക്കപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും വിതരണം ചെയ്യാം.വ്രതം അനുഷ്ഠിക്കുന്നവര്‍ പ്രസാദം മാത്രം കഴിക്കുകയും വൈകുന്നേരം ഉപവാസം അവസാനിക്കും വരെ മറ്റ് ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും വേണം.

 

വൈകുന്നേരം വ്രത സമയം സമാപിക്കുന്നതോടെ ഒരു പൂജ നടത്തിയ ശേഷം ഭക്തര്‍ക്ക് വ്രതം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കാം.ഈ വ്രതം ആചരിക്കുന്നവര്‍ക്ക് അവരുടെ സങ്കടങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും മോചനം ലഭിക്കും, സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടാനുമാകും. കുടുംബത്തില്‍ സമാധാനവും ഐക്യവും നിലനില്‍ക്കുന്നതിനും ഭക്തി പൂര്‍വമായ വ്രതാനുഷ്ടാനം സഹായിക്കും.

 

OTHER SECTIONS