പി​തൃബ​ലി മു​ട​ങ്ങാ​തെ ഇ​ട്ടാല്‍ പി​തൃ​പ്രീ​തി കിട്ടും മു​ട​ങ്ങി​യാല്‍​ പി​തൃശാ​പ​വും

By T J Saraswathy Amma posted by Subha Lekshmi B R.21 Jul, 2017

imran-azhar

പിതൃകര്‍മ്മം പിതൃക്കളെ ഉദ്ദേശിച്ചു ചെയ്യുന്ന കര്‍മ്മമാണ്. ജനിച്ച കുടുംബത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കളാണ് ആ കുടുംബത്തിലെ പിതൃക്കള്‍. നമ്മുടെ പന്ത്രണ്ടു മാസമാണ് പിതൃക്കളുടെ ഒരു ദിവസം. വര്‍ഷത്തില്‍ ഒരിക്കല്‍ പിതൃതര്‍പ്പണം നടത്തുന്പോള്‍ പിതൃക്കള്‍ക്ക് ദിവസവും ആഹാരം കിട്ടുന്നു. വിശപ്പോ ദാഹമോ കൊണ്ട് അവര്‍ അലയുന്നില്ല. അടുത്ത ഒരു ജന്മം കിട്ടുന്നതുവരെ (മറ്റൊരു ശരീരം) ജീവിച്ച കുടുംബത്തിലുള്ള ആള്‍ക്കാരില്‍ നിന്നും അവര്‍ ബലിതര്‍പ്പണം പ്രതീക്ഷിക്കുന്നു. ബലി കിട്ടിയില്ലെങ്കില്‍ അവര്‍ നിരാശരാകുന്നു. ആ നിരാശ പിതൃശാപമായി മാറുന്നു.

 

ബലിയിടുന്നത് ആത്മാവിനെ ഉദ്ദേശിച്ചാണ്. അച്ഛനമ്മമാരില്‍ നിന്നും രൂപം കൊണ്ട ശരീരത്തില്‍ ആത്മാവ് പ്രവേശിക്കുന്നു. പല ശരീരത്തില്‍ പല ആത്മാക്കള്‍ കുടികൊള്ളുന്നു. ശരീരധാരികളായ ആത്മാക്കള്‍ ഒരു കുടുംബത്തില്‍ ഒന്നിച്ചു വസിക്കുന്നു. രക്തബന്ധമുള്ള ശരീരങ്ങളിലുള്ള ആത്മാക്കളും ബന്ധപ്പെട്ടവരാണ്.

 

ഒന്നിച്ചുള്ള സഹവാസത്താലുള്ള ആത്മബന്ധം ഇവരെ ബന്ധുക്കളാക്കുന്നു. ഈ കുടുംബ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ മരിച്ചു പോയ ബന്ധുക്കളുടെ ആത്മാവിനു വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ബലി ഇടേണ്ടതാണ്. ശരീരത്തില്‍ ആത്മാക്കള്‍ വസിച്ചപ്പോഴുള്ള സ്നേഹാദരങ്ങള്‍ ബലികര്‍മ്മത്തിലൂടെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്നു.

 

ആര്‍ക്കൊക്കെ ബലിയിടാം
രക്തബന്ധമുള്ളവര്‍ക്കാണ് ബലിയിടാന്‍ പ്രധാന അവകാശം. ജീവിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ബലികര്‍മ്മം ചെയ്യാം.രക്തബന്ധമുള്ളവര്‍ക്ക് പുല ഉണ്ട്. 16 ദിവസം പുല ആചരിക്കണം. 16 ദിവസം കഴിഞ്ഞാലെ ക്ഷേത്രദര്‍ശനം പാടുള്ളൂ. പുലകുളി കഴിഞ്ഞ് പുണ്യാഹം തളിച്ചു ശുദ്ധമാക്കിയിട്ടേ ക്ഷേത്രത്തില്‍ പോകാവൂ.

ഒരാള്‍ മരണ മടഞ്ഞാല്‍ നാലു ദിവസം കടവുബലി ഇടണം. സഞ്ചയനം മുതല്‍ വീടിന്‍റെ തെക്കേമുറ്റത്ത് പച്ചോലമുടഞ്ഞ് പച്ചപന്തലിട്ട് ബലിയിടണം. പതിനാറിന് പുലകുളിച്ച് പുണ്യാഹം തളിക്കണം. പിന്നീട് എല്ലാമാസവും മാസബലി ഇടണം.

മരിച്ച നക്ഷത്രമോ തിഥിയോ നോക്കി വേണം മാസബലി ഇടേണ്ടത്. മാസബലിയോടുകൂടി തന്നെ 41ാം ദിവസം 41 ബലി ഇടണം. ബലിയും മാസബലിയും കഴിഞ്ഞാല്‍ ആണ്ടു ബലി ഇടണം. ഒരാണ്ടു തികയുന്ന തിഥിയോ നക്ഷത്രമോ നോക്കി ക്ഷേത്രത്തില്‍ പോയി ആണ്ടുബലിയും തിലഹോമവും നടത്തി പിതൃപ്രീതിവരുത്താവുന്നതാണ്.

 

 

പിതൃതര്‍പ്പണത്തിന് തിരുവനന്തപുരത്ത് തിരുവല്ലം ക്ഷേത്രം അതിപ്രധാനമാണ്. പരശുരാമ സ്വാമിയാണ് അവിടെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠ ശ്രീ പരമശിവന്‍റേതാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്രന്‍, വേദവ്യാസന്‍, മവപശ്യാവതാരമൂര്‍ത്തി, അയ്യപ്പന്‍, കൃഷ്ണന്‍ ഗണപതി തുടങ്ങിയ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്.

ശ്രീ പരശുരാമന്‍ ആദ്യമായി ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം എന്ന നിലയിലും, പരശുരാമന്‍റെ മാതാപിതാക്കള്‍ക്ക് പതൃതര്‍പ്പണം ചെയ്തക്ഷേത്രം എന്ന നിലയിലും ഈ പുണ്യസ്ഥലം പ്രസിദ്ധമാണ്. ഇവിടെ കര്‍ക്കടക മാസത്തിലെ കറുത്തവാവിനു നടത്തുന് പിതൃതര്‍പ്പണം അതിവിശേഷമാണ്. എല്ലാ ദിവസവും ഇവിടെ പിതൃതര്‍പ്പണം ചെയ്യാവുന്നതാണ്. മരണശേഷം മുടങ്ങിപ്പോയ ബലികര്‍മ്മങ്ങള്‍ക്കു കൂടി കര്‍ക്കടകവാവുബലി പരിഹാരമാണ്. വാവുബലിയോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന ഹോമമാണ് തിലഹോമം. കഴിവതും കര്‍ക്കട വാവുബലിയും തിലഹോമവും മുടങ്ങാതെ നടത്തുന്നത് പിതൃപ്രീതിക്ക് ഉത്തമമാണ്.

ബലികര്‍മ്മം വ്രതശുദ്ധിയോടെ വേണം ചെയ്യാന്‍. വാവിനു മൂന്നു ദിവസം മുന്പ് മുതല്‍ മത്സ്യമാംസാദികള്‍ വര്‍ജിക്കണം. വാവിന്‍റെ തലേദിവസം നല്ലെരി ആഹാരം ഉപേക്ഷിക്കണം. അതിനു പറ്റാത്തവര്‍ക്കു ഒരു നേരം പച്ചരി വറ്റിച്ചു കഴിക്കാം. സന്ധ്യയ്ക്കു മുന്പ് പഴവര്‍ഗ്ഗങ്ങളോ ലഘു ഭക്ഷണമോ കഴിക്കാം. പിറ്റേദിവസം ബലിയിട്ട് ക്ഷേത്രദര്‍ശനവും നടത്തിയ ശേഷമേ ജലപാനം പോലും പാടുള്ളു. അന്നേദിവസം മത്സ്യമാംസാദികള്‍ കഴിക്കരുത്.

അന്നദാനം, വസ്ത്രദാനം തുടങ്ങിയ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും പിതൃസംതൃപ്തി വരുത്തുന്നതാണ്. ഇപ്പോള്‍ പലക്ഷേത്രങ്ങളിലും കര്‍ക്കടക വാവുബലി നടത്തുന്നുണ്ട്.
തിരവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം (ജനാര്‍ദ്ദന സ്വാമിക്ഷേത്രം) തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, തിരുവില്ല്വാമല വില്ല്വാദി, നാദക്ഷേത്രം, ഐവര്‍ മഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം തുടങ്ങിയവയും പിതൃതര്‍പ്പണത്തിന് പ്രസിദ്ധമാണ്.

OTHER SECTIONS