ഇന്ന് മകരച്ചൊവ്വ; പ്രാധാന്യമറിഞ്ഞ് അനുഷ്ഠിക്കാം

By online desk.21 01 2020

imran-azhar


നവഗ്രഹങ്ങളില്‍ ഒന്നായ ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം. അതിനാല്‍ മകരമാസം ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച അതായത് മുപ്പെട്ട് ചൊവ്വ പ്രധാനമാണല്ലോ. ചൊവ്വയുടെ സ്വാധീനശക്തി കൂടുതല്‍ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയര്‍ ഭക്തിപൂര്‍വം ആചരിക്കുന്നു.

 

ചൊവ്വയുടെ അധിദേവതകള്‍ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ്. മകരം യുഗ്മരാശിയായതിനാല്‍ ഭദ്രകാളീ പ്രീതികരമാണ്. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മറ്റും നടത്താറുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദര്‍ശനവും കടുംപായസ വഴിപാടുസമര്‍പ്പണവും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു വിശ്വാസം.


ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്. ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തില്‍ പറയുന്നു . സര്‍വ മംഗളങ്ങളും പ്രദാനം ചെയ്യുന്ന മംഗള സ്വരൂപിണിയാണ്. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. ആദിപരാശക്തിയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്, ഒരു കയ്യില്‍ ശരീരം വേര്‍പെട്ടു രക്തം വാര്‍ന്നൊലിക്കുന്ന തല, അരക്കെട്ടില്‍ മുറിച്ചെടുത്ത കൈകള്‍ തൂക്കിയ രൂപം . നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോള്‍ ഭയം അപ്രത്യക്ഷമാകുന്നു എന്നൊരു തത്വം ഇതിന്റെ പിന്നിലുണ്ട്.

സര്‍വചരാചരങ്ങളുടെയും മാതാവായ ദേവി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിത്.തന്റെ മക്കള്‍ക്ക്ദോഷം സംഭവിക്കാന്‍ ഒരമ്മയും ആഗ്രഹിക്കുകയില്ല. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തില്‍ എപ്പോഴും ഐശ്വര്യം കളിയാടും . ദേവീ പ്രീതിയാല്‍ ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ബാധിക്കുകയുമില്ല . ഭദ്രകാളി എന്നാല്‍ ഭദ്രമായ കാലത്തെ നല്‍ക്കുന്നവള്‍ എന്നര്‍ഥം. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും നേടിതരുമെന്നാണ് വിശ്വാസം.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം , കര്‍ക്കിടകം , കന്നി , വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നില്ക്കുന്നവര്‍ , ചൊവ്വ ദശാ കാലമുള്ളവര്‍, അവിട്ടം, ചിത്തിര , മകയിരം നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കണം.

അറിവാണ് ശക്തി

 

OTHER SECTIONS