വിദ്യാരംഭം അക്ഷരം കുറിക്കല്‍ മാത്രമല്ല, ഇതെല്ലാം എഴുത്തിനിരുത്തലിന്റെ ഭാഗമാണ്

By RK.09 10 2021

imran-azhar

 


പള്ളിക്കല്‍ സുനില്‍

 

ഗുരുതുല്യരായ വ്യക്തികളുടെ മടിയില്‍ കുട്ടിയെ ഇരുത്തി ദേവതകള്‍ക്ക് അഭിമുഖമായി ഇരുന്ന് വേണം വിദ്യാരംഭം നടത്തുവാന്‍.

 

മൂന്ന് വയസ്സിനു മുമ്പ് വിദ്യാരംഭം നടത്തരുത്. സാധാരണ മാസങ്ങളില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങള്‍ വിദ്യാരംഭത്തിന് ഉത്തമമാണ്. വെളുത്ത പക്ഷമാണെങ്കില്‍ ശ്രേഷ്ഠം.

 

വിജയദശമി ദിവസം എഴുത്തിന് ഇരുത്തുന്നതാണ് ഏറ്റവും നല്ലത്. മറ്റു ദിവസങ്ങളില്‍ വിദ്യാരംഭം നടത്തുന്നത് മുഹൂര്‍ത്തം നോക്കിയാകണം.

 

കുഞ്ഞിന്റെ നാക്കില്‍ ആദ്യം സ്വര്‍ണ്ണം കൊണ്ട് ഓം ഹരി ശ്രീ ഗണപതയേ നമ: എന്നെഴുതണം. തുടര്‍ന്ന് വലത്തേ ചെവിയിലും ഇടത്തേ ചെവിയിലും ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായേ വിച്ചേ നമ എന്ന നവാക്ഷരീ മന്ത്രം ഒമ്പതു പ്രാവശ്യം ജപിക്കണം. ഐം സാരസ്വത ബീജം, ഹ്രീം ശക്തി ബീജം, ക്ലീം കാമബീജം, സരസ്വതിയും ദുര്‍ഗ്ഗയും ലക്ഷ്മിദേവീയും എന്റെ കുടുംബത്തിന് താങ്ങായി തളരാത്ത പിന്‍ബലമായി തണലായി ഉണ്ടാകേണമേ എന്ന് ഉള്ളില്‍ പ്രാര്‍ത്ഥിക്കണം.പിന്നീട് ഉരുളിയില്‍ നിരത്തിയ ഉണക്കലരിയില്‍ ഹരി ശ്രീ ഗണപതയേ നമ: എന്ന് വലതു കൈയിലെ മോതിരവിരല്‍ കൊണ്ട് എഴുതിക്കണം. ഞാന്‍ എഴുതിക്കുന്ന ഈ കുഞ്ഞ് പറയുന്നതെല്ലാം പൊന്നുപോലെ തിളങ്ങണം എന്നും ചെയ്യുന്നതെല്ലാം കര്‍മ്മപുഷ്ടിയോടെ വിളങ്ങണം എന്നും ആചാര്യന്‍ കുഞ്ഞിന്റെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിക്കണം.

 

പുരാണഗ്രന്ഥങ്ങള്‍ വിശകലനം ചെയ്യുന്നവരും ഏതെങ്കിലും ക്ഷേത്ര തന്ത്രിമാരോ മേല്‍ശാന്തിമാരോ തികഞ്ഞ ഈശ്വരവിശ്വാസികളോ ആയിരിക്കണം കുട്ടികളെ എഴുത്തിനിരുത്തേണ്ടത്.

 

കുഞ്ഞിന്റെ വീട്ടില്‍ നവമി ദിവസം വ്രതാനുഷ്ഠാനത്തോടെ അമ്മയുംഅച്ഛനും കുട്ടിയെ മാറി മാറി മടിയിലിരുത്തി ദുര്‍ഗ്ഗാദേവിയുടെയും മഹാലക്ഷ്മിദേവിയുടെയും സരസ്വതി ദേവിയുടെയും അഷ്‌ടോത്തര നാമം ജപിക്കണം. വീട്ടില്‍ ചന്ദനത്തിരിയും അഷ്ടഗന്ധവും പുകച്ച് സുഗന്ധപൂരിതമാക്കണം. വീടിനെ ദേവാലയമാക്കി മാറ്റി ഈ പ്രാവശ്യത്തെ നവരാത്രികാലം തേജോമയമാക്കി മാറ്റാം.

 

 

 

 

OTHER SECTIONS