അനന്തപുരിയുടെ സ്വന്തം കണ്ണകി

ചിലപ്പതികാരത്തിന്റെ ചിലമ്പൊലിയും, കണ്ണകിയെ ആവാഹിച്ച ആറ്റുകാലമ്മയും ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും നമുക്ക് പരിചയപ്പെടുത്തുന്ന വഴിവിളക്കുകളാണ്

author-image
online desk
New Update
അനന്തപുരിയുടെ സ്വന്തം കണ്ണകി
 
   
 
പൗരാണിക ദ്രാവിഡ ദേവതയായ കാളീ സങ്കല്പമാണ് അനന്തപുരിയിലെ ആറ്റുകാലമ്മ. പാതിവൃത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ കാളീരൂപത്തിലുള്ള അവതാരമായാണ് ആറ്റുകാലമ്മയെ ആരാധിക്കുന്നത്. സംഘകാലത്ത്, അതായത് ഏകദേശം രണ്ടായിരം വര്‍ഷങ്ങൾക്ക് മുമ്പ് ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസ കാവ്യത്തിലാണ്  വീരനായികയായ കണ്ണകിയുടെ കഥ പറയുന്നത്.
 
കഥാസാരം
 
കാവേരീപട്ടണത്തിലെ ഒരു ധനിക വ്യാപാരിയുടെ മകനായ കോവലൻ അതി സുന്ദരിയും സമ്പന്നയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു. എന്നാൽ മാധവിയെന്ന ഒരു നർത്തകിയുമായി പിന്നീട് അടുപ്പത്തിലായ കോവലൻ കണ്ണകിയെ മറന്ന് തന്റെ സമ്പത്ത് മുഴുവൻ മാധവിക്കായി ചെലവഴിച്ചു. അങ്ങനെ ദരിദ്രനായി മാറിയ കോവലനെ ഒരു ദിവസം മാധവി തെരുവിലേക്ക് ഇറക്കിവിടുകയും ചെയ്തു. തനിക്ക് സംഭവിച്ച തെറ്റ് തിരിച്ചറിഞ്ഞ കോവലൻ കണ്ണകിയുടെ അടുത്തേക്ക് തിരികെയെത്തുന്നു. പവിത്രയും പതിവ്രതയുമായ കണ്ണകി കോവലനെ സ്വീകരിക്കുകയും രണ്ടുപേരും കാവേരീപട്ടണം വിട്ട് പാണ്ഡ്യ രാജധാനിയായ മധുരയിലേക്ക് കുടിയേറുകയും ചെയ്യുന്നു. വ്യാപാരം ചെയ്യുന്നതിന് പണം കണ്ടെത്താൻ തന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ രണ്ട് ചിലമ്പുകളിൽ ഒരെണ്ണം കണ്ണകി കോവലന് വിൽക്കാനായി നൽകി.
 
 
എന്നാൽ ആയിടയ്ക്ക്, പാണ്ഡ്യ രാജ്ഞിയുടെ മുത്തുകൾ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തിൽ നിന്നും മോഷണം പോയിരുന്നു. കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിച്ച കോവലൻ, രാജ്ഞിയുടെ മോഷണം പോയ ചിലമ്പന്വേഷിച്ച് നടന്ന പട്ടാളക്കാരുടെ പിടിയിലകപ്പെട്ടു. തുടര്‍ന്ന് രാജസദസ്സിലെത്തിച്ച കോവലനെ രാജാവ് ഇല്ലാത്ത കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി. ഈ വിവരമറിഞ്ഞ് ക്രുദ്ധയായ കണ്ണകി തന്റെ കൈവശമുണ്ടായിരുന്ന മറ്റേ ചിലമ്പുമായി രാജസദസ്സിലെത്തുകയും കോവലന്റെ നിരപരാധിത്വം തെളിയിക്കാനുള്ള  ഒരു തെളിവായി ആ ചിലമ്പിനെ രാജാവിന്റെ മുന്നിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കണ്ണകിയുടെ ചിലമ്പുടഞ്ഞ് വിലയേറിയ മാണിക്ക്യരത്നങ്ങൾ ചിതറിവീണു. അതുകണ്ട് പശ്ചാത്താപവിവശരായി രാജാവും രാജ്ഞിയും തൽക്ഷണം മരണപ്പെട്ടു. കാരണം രാജ്ഞിയുടെ മോഷ്ടിക്കപ്പെട്ട ചിലമ്പിലുണ്ടായിരുന്നത് കേവലം വിലകുറഞ്ഞ മുത്തുകളായിരുന്നു. എന്നാൽ നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിലുള്ള കോപാഗ്നിയിൽ പ്രതികാരമൂർത്തിയായി മാറിയ കണ്ണകി തന്റെ ഒരു മാറിടം അറുത്തെറിയുകയും സംഹാരരുദ്രയായി മധുരാനഗരം ചുട്ടെരിക്കുകയും ചെയ്തു.
  
ആറ്റുകാലമ്മ
 
 
മധുരയെ ചുട്ടെരിച്ച കണ്ണകി അവിടം ഉപേക്ഷിച്ച് ചേര രാജധാനിയായ കൊടുങ്ങല്ലൂരിലേക്ക് പോകുംവഴി ആറ്റുകാൽ ദേശത്തെത്തിയെന്നും, അവിടത്തെ മുല്ലവീട്ടിൽ കാരണവർക്ക് ബാലികാരൂപത്തിൽ ദർശനം നൽകിയെന്നും, അദ്ദേഹത്തിന് സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശാനുസരണം തെക്കത് നിർമ്മിച്ച് ദേവിയെ കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.
കാലാന്തരത്തിൽ തെക്കത് മുടിപ്പുരയായും, പിന്നീടത് പഞ്ച പ്രകാരങ്ങളോടുകൂടിയ ഒരു മഹാ ക്ഷേത്രമായും പരിണമിച്ചു. സ്ത്രീത്വത്തിന്റെ മഹനീയത നിറഞ്ഞു തുളുമ്പുന്ന ദ്രാവിഡ ശാക്തേയ സങ്കല്പങ്ങളായ കാളീ, ഭഗവതീ ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് ഒരിക്കലും ജാതി വർണ്ണ വ്യത്യാസങ്ങൾ ബാധകമായിരുന്നില്ല. 
 
 
ദ്രാവിഡ സംസ്കാരത്തിന്റെ സവിശേഷമായ ആചാരങ്ങളിലൊന്നായ പൊങ്കാല ഉത്സവത്തിന് ആയിരം വർഷത്തിലേറെ പഴക്കമുണ്ട്. തമിഴർ ഇതിനെ പൊങ്കൽ എന്നാണ് വിളിക്കുന്നത്. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവമാണ് ആറ്റുകാൽ പൊങ്കാല.
ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവകാലത്തുള്ള തോറ്റംപാട്ടിൽ ചിലപ്പതികാരവും പാടാറുണ്ട്. കൂടാതെ ക്ഷേത്രത്തിലെ ഗോപുരങ്ങളിൽ കണ്ണകിയുടെ കഥ ശില്പങ്ങളായി ജ്വലിച്ചു നിൽക്കുന്നതും കാണാം. സംഘകാലത്ത് കേരളവും തമിഴ്‌നാടും ഒറ്റ രാജ്യമായിരുന്നു. ചേര രാജാവായ ചേരൻ ചെങ്കുട്ടവന്റെ അനുജനും കേരളീയനുമായ ഇളങ്കോവടികൾ ഇരിങ്ങാലക്കുടയിലെ തൃക്കണാമതിലകത്തിരുന്നാണ് ചിലപ്പതികാരം രചിച്ചത്.
 
 
ചിലപ്പതികാരത്തിന്റെ ചിലമ്പൊലിയും, കണ്ണകിയെ ആവാഹിച്ച ആറ്റുകാലമ്മയും ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും നമുക്ക് പരിചയപ്പെടുത്തുന്ന വഴിവിളക്കുകളാണ്. ജീവിതത്തിലെ നന്മ തിന്മകളെക്കുറിച്ച് തിരിച്ചറിവ് നൽകുന്ന കോവലന്റെ ജീവിതപാഠവും, കണ്ണകിയുടെ പാതിവൃത്യത്തിന്റെ മഹത്വവും ഓരോ ദർശന വേളയിലും ആറ്റുകാലമ്മ നമ്മെ ഓർമ്മപ്പെടുത്തുന്നു.
 
 
 
 
attukal temple