മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം

ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ് വിഷ്ണു മോഹിനി അവതാരം ആദ്യമായി സ്വീകരിക്കുന്നത്. പിന്നീട് ഭസ്മാസുരനെ വധിക്കാനും മോഹിനി രൂപം വിഷ്ണു സ്വീകരിക്കുന്നുണ്ട്

author-image
online desk
New Update
 മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം

മോഹിനി

ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ് വിഷ്ണു മോഹിനി അവതാരം ആദ്യമായി സ്വീകരിക്കുന്നത്. പിന്നീട് ഭസ്മാസുരനെ വധിക്കാനും മോഹിനി രൂപം വിഷ്ണു സ്വീകരിക്കുന്നുണ്ട്. പരമശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ എന്നും ഐതിഹ്യങ്ങളുണ്ട്.

ശ്രീ മഹാവിഷ്ണുവിന്റെ മോഹിനി രൂപത്തിലുള്ള അവതാരം പ്രതിഷ്ഠയായുള്ള ഏക ക്ഷേത്രമാണ് അരിയന്നൂർ ശ്രീ ഹരികന്യക ക്ഷേത്രം! തൃശ്ശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഗുരുവായൂരിൽ നിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്ക് മാറി കുന്ദംകുളം റൂട്ടിലാണ് ഹരികന്യക ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠിച്ച 108 ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നാണ് അരിയന്നൂർ ക്ഷേത്രം.

പ്രധാനവഴിയിൽ നിന്ന് അല്പം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പടവുകൾ കയറി എത്തിയാൽ കിഴക്കേ ഗോപുരവും തറയുമാണ് ആദ്യം കണ്ണിലെത്തുക. ഇവ പഴമയുടെ പെരുമയായി നില കൊള്ളുന്നു.നമസ്ക്കാരമണ്ഡപവും വലിയ ബലിക്കലും ആഴമേറിയ കിണറുമെല്ലാം വിസ്മയം ജനിപ്പിക്കുന്ന ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്.

ഭാരതീയ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ ഭരണ നിയന്ത്രണം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്.ഹരികന്യകാപുരം ലോപിച്ചാണ് അരിയന്നൂർ ആയി മാറിയത്.നിരവധി മുനിയറകളും കുടക്കല്ലുകളുമുള്ള പ്രദേശമാണ് അരിയന്നൂർ. ഏകദേശം 2000 വർഷത്തെ പഴക്കമുണ്ട് ഹരികന്യകാ ക്ഷേത്രത്തിന്.

ariyoor sree harikanyaka temple