പ്രകൃതിയില്‍ ശുഭോര്‍ജം നിറയുന്ന കാലം

മകരം മുതല്‍ മിഥുനം തീരുംവരെ സൂര്യന്‍ വടക്കോട്ട് സഞ്ചരിക്കുന്ന കാലം ഉത്തരായണം. കര്‍ക്കടകം മുതല്‍ ധനു അവസാനം വരെ സൂര്യന്‍ തെക്കോട്ട് സഞ്ചരിക്കുന്ന കാലം ദക്ഷിണായനം. പ്രകൃതിയില്‍ ശുഭോര്‍ജം കൂടുതല്‍ നിലകൊള്ളുന്നത് ഉത്തരായണത്തില്‍ എന്നാണ് വിശ്വാസം.

author-image
online desk
New Update
പ്രകൃതിയില്‍ ശുഭോര്‍ജം നിറയുന്ന കാലം

പ്രൊഫ.ദേശികം രഘുനാഥന്‍

മകരം മുതല്‍ മിഥുനം തീരുംവരെ സൂര്യന്‍ വടക്കോട്ട് സഞ്ചരിക്കുന്ന കാലം ഉത്തരായണം. കര്‍ക്കടകം മുതല്‍ ധനു അവസാനം വരെ സൂര്യന്‍ തെക്കോട്ട് സഞ്ചരിക്കുന്ന കാലം ദക്ഷിണായനം. പ്രകൃതിയില്‍ ശുഭോര്‍ജം കൂടുതല്‍ നിലകൊള്ളുന്നത് ഉത്തരായണത്തില്‍ എന്നാണ് വിശ്വാസം.

ഈ ശുഭ അയനത്തിലേക്ക് കാല്‍വയ്ക്കുന്ന ദിവസമാണ് മകര സംക്രാന്തി. ധനുവില്‍ നിന്നും സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുന്ന സമയം.

ശബരിമലയിലെ മകരജ്യോതിയും, തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉത്സവവും, ഉത്തരേന്ത്യയിലെ പ്രയാഗ സ്‌നാനങ്ങളും വ്രതങ്ങളും ഉത്സവങ്ങളും ഉത്തരായണ ബന്ധിത ആഘോഷങ്ങളാണ്.

മഹാഭാരതത്തില്‍ ഉത്തരായണം പ്രതീക്ഷിച്ച ഭീഷ്മര്‍ ശരശയ്യയില്‍ കിടക്കുന്നത് വര്‍ണ്ണിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്കും, മുക്തി പ്രാപിച്ചവര്‍ക്കും ഭൗതിക പുരോഗതിക്കും ആത്മീയ ഉന്നതിക്കും, നിത്യശാന്തിക്കും ഉത്തരായണം ഉത്തമമായി വിശ്വസിക്കപ്പെടുന്നു.

കേരളത്തില്‍ ഗൃഹം, ക്ഷേത്രം, ഉത്സവം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ക്ക് ശ്രേഷ്ഠമായി കരുതുന്നത് ഉത്തരായണമാണ്. ഉത്തരായണത്തിന്റെ ഒരു മദ്ധ്യബിന്ദുവായി വിഷ്ണുവിനെ കാണാം.

അന്ന് കിട്ടുന്ന കൈനീട്ടവും അന്ന് കാണുന്ന കണിയും ശ്രേഷ്ഠമെന്നല്ലോ ധാരണ.

ഭാരതത്തിലെ പല കുംഭമേളകളും പുണ്യസ്‌നാനങ്ങളും ഉത്തരായണത്തിലാണ്. ഗുരുക്കന്മാരും സിദ്ധന്മാരും, ശിഷ്യര്‍ക്ക് മന്ത്രവും, ദീക്ഷയും നല്‍കുന്നതും പ്രധാനമായും ഉത്തരായണത്തിലാണ്.

മകരസംക്രാന്തിയോടെ മഹാരാഷ്ട്രയില്‍ ഒരാള്‍ മറ്റൊരാളിന് എള്ളും ശര്‍ക്കരയും ചേര്‍ത്ത എള്ളുണ്ട കൊടുക്കും. എന്നിട്ട് പറയും ഇത് സ്വീകരിക്കൂ മധുരമായി സംസാരിക്കൂ. വേദത്തില്‍ ഒരു മന്ത്രമുണ്ട്.

'മിത്രസ്യമാ ചക്ഷുസാ

സര്‍വ്വാണി ഭൂതാനി

സമീക്ഷാന്തം.

മിത്രസ്യാഹം ചക്ഷുസാ സര്‍വ്വാണി

ഭൂതാനി സമീക്ഷ

മിത്രസ്യചക്ഷുഷാ സമീക്ഷാ മഹേ'

അതായത് എല്ലാ ജീവജാലങ്ങളും എന്നെ മിത്രമായി കാണട്ടെ, ഞാനും എല്ലാറ്റിനെയും സ്‌നേഹഭാവത്തോടെ കാണും. അങ്ങനെ നമുക്ക് എന്നും എപ്പോഴും സ്‌നേഹത്തോടെ പരസ്പരം ഇടപെടാം.'

വേദത്തിലെ ഈ മന്ത്രസത്തയാണ് മഹാരാഷ്ട്രയിലെ എള്ളുണ്ട നല്‍കുന്നതിലെ തത്വം.

മനുഷ്യരുടെ പെരുമാറ്റം പ്രകൃതിയെയും പ്രകൃതിയുടെ പ്രഭാവം മനുഷ്യനെയും സ്വാധീനിക്കും.

ഈ പരസ്പര സ്വാധീനം പരസ്പരപൂരകത്വമാണ് എല്ലാ ആചാരാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനം. സൂര്യോദയം എന്നുമുണ്ട്. സംക്രമണം മാസംതോറും. ഉത്തരായണം വര്‍ഷംതോറും. പ്രകൃതിയിലെ പലതും ആവര്‍ത്തിക്കുന്നതാണ്.

എന്നാല്‍ ഓരോ ദിവസത്തേയും സൂര്യോദയം വ്യത്യസ്തമാണ്. ഇവ മാറിമാറി വരുമ്പോള്‍ അനുഭൂതികളും, അനുഭവങ്ങളും വ്യത്യസ്തമായി അനുഭവപ്പെടാം. സൂര്യന്റെ തെക്കോട്ടുള്ള യാത്ര അവസാനിച്ച് വടക്കോട്ടുള്ള യാത്ര ആരംഭിക്കുമ്പോള്‍ ഉത്തരായണം തുടങ്ങും.

ദക്ഷിണ ദിക്കില്‍ നിന്ന് സൂര്യന്‍ മുക്തനായി. സൂര്യന്റെ ഈ മുക്തിനല്‍കുന്ന ആനന്ദം തന്നെയാണ് മകരസംക്രാന്തി ആഘോഷങ്ങള്‍. ഈ സംക്രാന്തി ദിനത്തില്‍ ഗംഗായമുനാ സരസ്വതി സംഗമമായ പ്രയാഗയില്‍ ലക്ഷോപലക്ഷം പേരാണ് സംക്രമണ സ്‌നാനത്തിനെത്തുന്നത്.

ഈ പ്രയാഗാസ്‌നാനം ഭാരതീയന്റെ ദൃഢനിശ്ചയത്തിന്റെയും, നിര്‍ഭയതയുടെയും ദീക്ഷയാണ്. ഈ ദീക്ഷ ഉത്തരേന്ത്യയില്‍ ഹോളിയോടെയാണ് സമാപനം കുറിക്കുന്നത്.

ഈ പ്രയാഗാ സ്‌നാനത്തിന്റെ മറ്റൊരു പതിപ്പല്ലേ ശബരിമല തീര്‍ത്ഥാടന വ്രതവും, പമ്പാസ്‌നാനവും, മകരജ്യോതി ദര്‍ശനവുമെല്ലാം.

മലയാളിക്ക് ഓരോ മകരജ്യോതിയും ഓരോ വര്‍ഷത്തിലേയും പുതുപ്രതീക്ഷയുടെ പുതു പ്രകാശമാണ്. സംയമണ, ഔചിത്യം, ചുറ്റുപാടുമായുള്ള ഇണങ്ങിച്ചേരല്‍ ഇവ മൂന്നുമാണ് ജീവിതം സുഖകരമാക്കുന്നത്. അതേ ഉത്തരായണത്തിലെ എള്ളുണ്ട വിതരണത്തില്‍ മറ്റൊരു കാര്യംകൂടി കലര്‍ന്നിട്ടുണ്ട്.

നമുക്ക് ഇതുവരെ പരസ്പരം ചെയ്ത തെറ്റുകുറ്റങ്ങളെ ക്ഷമിക്കാം. ഇനി ഒരുമയോടെ ഒരേ മനസോടെ മുന്നേറാം.

ഇങ്ങനെ പഴയ തെറ്റുകളും കുറ്റങ്ങളും മറക്കുക എന്നതിലൂടെ, ഓരോരുത്തരിലും മറ്റുള്ളവരെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന ഒരു പുതുഹൃദയത്തിന്റെ തുടക്കം കൂടിയാണ് ഉത്തരായണ പുണ്യാരംഭം.

ഇതിലൂടെ വ്യക്തിപുരോഗതിയും ഒപ്പം ലോകപുരോഗതിയുമാണ് സ്വപ്നം കാണുന്നത്. ഉത്തരായണത്തിലെ ഒരു അഷ്ടമി നാളില്‍ ഭഗവാനോടൊപ്പം തന്നെ കാണാനെത്തിയ പാണ്ഡവര്‍ക്ക് നല്‍കാനുള്ള ധര്‍മ്മോപദേശം ഭീഷ്മര്‍ നല്‍കി.

എന്നിട്ട് കൃഷ്ണന്റെ നേര്‍ക്ക് തിരിഞ്ഞു. ഭഗവാനെ തനിക്ക് ദേഹത്യാഗത്തിന് സ്വച്ഛന്ദമൃത്യുവിന് അനുമതി നല്‍കണമേ എന്ന് അപേക്ഷിച്ചു'. കൃഷ്ണന്‍ അനുമതി നല്‍കി.

ആ അന്ത്യനിമിഷത്തില്‍ ഭീഷ്മര്‍ വരും തലമുറയിലെ ഭാരതനിവാസികള്‍ക്കായി ധര്‍മ്മപുത്രരോട് പറഞ്ഞു:

'സത്യേഷ്ഠയതി തവ്യം വഃ

സത്യംഹി പരമം ബലം

ആനൃശംസ്യ പരൈഭാവ്യം

സദൈവ നിയതാത്മ ഭിഃ

ബ്രഹ്‌മണൈ്യര്‍ ധര്‍മ്മ ശിലൈശ്ച

തപോ നിതൈശ്ച ഭാരതഃ'

അതായത് സദാ സത്യത്തിനായി അനവരതം നിലകൊള്ളുക. സത്യമാണ് സര്‍വ്വോത്തമമായ ബലം. സദാ അവരവരുടെ മനസിനെയും ഹൃദയത്തെയും നിയന്ത്രിച്ച് കരുണാഭാവം നിലനിര്‍ത്തി ജീവിക്കുക. ദുര്‍പ്രവൃത്തിക്ക് അധീനനാകരുത്.

ലോകത്തിന് ജ്ഞാനവും സദാചാരബോധവും നല്കുന്നവരെ പ്രോത്സാഹിപ്പിക്കുക. ധര്‍മ്മം വിട്ടുജീവിക്കരുത്. സദാ തന്റെ സദ്ശക്തികളെ പോഷിപ്പിച്ചുകൊണ്ടേയിരിക്കുക.' അതേ ഭീഷ്മരുടെ ഈ ഹിതോപദേശത്തില്‍ അന്തര്‍ലീനമായ സന്ദേശവും ലക്ഷ്യവുമാണ് ഉത്തരായണ പുണ്യാഘോഷത്തിന്റെ കാതല്‍.

(പ്രൊഫ.ദേശികം

രഘുനാഥന്‍: 8078022068)

Astro