കൂവളം നട്ടാൽ അശ്വമേധത്തിന്റെ ഫലം ;കൂവളത്തെ എങ്ങനെ പരിചരിക്കാം ; അറിയേണ്ടതെല്ലാം

By online desk .02 10 2020

imran-azhar

 


ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്.


കൂവളത്തിലയിലൂടെ ജന്മാന്തരപാപങ്ങള്‍ നശിക്കും. സര്‍വ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവപാര്‍വതിമാര്‍ക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളില്‍ അറിയപ്പെടുന്നു.


എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നല്‍കി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ചിത്തിര നക്ഷത്രത്തിന്റെ വൃക്ഷമാണു കൂവളം. ഈ നാളുകാര്‍ ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങള്‍ കുറയ്ക്കും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും. 27 നക്ഷത്രക്കാരും അവരവരുടെ ജന്മവൃക്ഷത്തെ പരിപാലിച്ചുപോന്നാല്‍ മേല്‍പറഞ്ഞ ഫലങ്ങള്‍ ലഭിക്കും.


കൂവളം നടുന്നതും ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമാണ്. കൂവളം നശിപ്പിക്കുക, വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക, പരിസരം ശുദ്ധമായി സൂക്ഷിക്കാതിരിക്കുക എന്നിവ അതീവ ദോഷകരമാണ്. വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടില്‍ ദീപം തെളിയിക്കുന്നതും ഐശ്വര്യം നിലനിര്‍ത്താന്‍ ഉത്തമം.


ഒരു കൂവളം നട്ടാല്‍ അശ്വമേധയാഗം നടത്തിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുളള ശിവക്ഷേത്രദര്‍ശനം നടത്തിയ ഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയ ഫലം, ഗംഗയില്‍ നീരാടിയ ഫലം എന്നീ സല്‍ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങളില്‍ പറയുന്നു.


കൂവളം പറിക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍


മാസപ്പിറവി, പൗര്‍ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ഥി, തിങ്കളാഴ്ച ഈ ദിവസങ്ങളില്‍ കൂവളത്തില പറിക്കുന്നതു ശിവകോപത്തിനു കാരണമാകുമെന്നാണു വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്നു പറിച്ചുവച്ചു പിറ്റേന്നു പൂജ നടത്താവുന്നതാണ്.


ദേവസാന്നിധ്യമുള്ള ഈ വൃക്ഷത്തില്‍ നിന്ന്, ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ ഇലകള്‍ അടര്‍ത്താവൂ. കൂവളത്തില മരത്തില്‍ കയറിപ്പറിക്കുന്നതാണ് ഉത്തമം.
ക്ഷേത്രത്തില്‍ വില്വപത്രം പൂജയ്ക്കായി സമര്‍പ്പിച്ച് ബില്വാഷ്ടകം ചൊല്ലി നമസ്‌കരിക്കുന്നത് ഇരട്ടിഫലം നല്‍കും, പ്രത്യേകിച്ച് ശിവരാത്രിദിനത്തില്‍.


ശിവക്ഷേത്രത്തില്‍ കൂവളത്തില കൊണ്ടുളള അര്‍ച്ചനയാണ് ഏറ്റവും പ്രധാനം. കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാല്‍ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും.

OTHER SECTIONS