തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ; അറിയേണ്ടുന്ന കാര്യങ്ങള്‍

പാര്‍വതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.

author-image
parvathyanoop
New Update
തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് ; അറിയേണ്ടുന്ന കാര്യങ്ങള്‍

പാര്‍വതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.

ഭഗവാന്റെ അര്‍ദ്ധപകുതി ശ്രീപാര്‍വ്വതീദേവിയായതിനാല്‍ തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നല്‍കി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്‌തോത്രവും ജപിക്കണം . കൂടാതെ ശിവക്ഷേത്രത്തില്‍ പാര്‍വതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങള്‍) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ 'ഓം നമഃശിവായ' എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാര്‍വതീദേവിയുടെ മൂലമന്ത്രമായ ''ഓം ഹ്രീം ഉമായൈ നമ :'' ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവന്‍ ശിവപാര്‍വതീ സ്മരണയില്‍ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.

 തിങ്കളാഴ്ച വ്രതം വളരെ പ്രത്യേക നിറഞ്ഞ അനുഷ്ഠാനമാണ്. ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്താന്‍ ഈ വ്രതാനുഷ്ഠാനം വളരെ ഉത്തമമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയാണ് വ്രാതാനുഷ്ഠാനം നീളുന്നത്.

ഹൈന്ദവ വിശ്വാസ പ്രകാരം വ്രതങ്ങള്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. ഒരു വ്യക്തിയുടെ മനസ്സ് ദുര്‍ചിന്തകള്‍ക്ക് അടിമപ്പെടാതെ സത്മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ വേണ്ടി മനസ്സിനെയും വാക്കിനെയും പ്രവര്‍ത്തിയെയും ശരീരത്തെയും ക്രമപ്പെടുത്തി ദൈവത്തെ ആരാധിക്കുന്ന രീതിയാണ് വ്രതങ്ങള്‍. ഇതിലെല്ലാം ഉപരിയായി നമുക്ക് ചുറ്റും ഒന്നുമില്ലായ്മയില്‍ അല്ലെങ്കില്‍ പട്ടിണിയില്‍ ജീവിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവര്‍ അനുഭവിക്കുന്ന വിശപ്പ് നമ്മളും അനുഭവിച്ചറിയുക എന്നൊരു അടിസ്ഥാന തത്വവും വ്രതത്തിന്റെ ഭാഗം ആണ്.

 

ശാസ്ത്രീയമായി പറയുകയാണെങ്കില്‍ വ്രതങ്ങള്‍ ശരീരത്തിലെ ദഹനേന്ദ്രീയങ്ങള്‍ക്ക് വിശ്രമം നല്‍കുന്നുണ്ട് എന്നു മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വ്രതങ്ങള്‍ ഒരു പരിഹാരം തന്നെയാണ് എന്നു തന്നെ പറയാം. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്തുവാനും കുടുംബ ഐശ്വര്യങ്ങള്‍ക്കും ആയി ഒരുപാട് വ്രതങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഭഗവാന്‍ പരമശിവനെ പ്രീതിപ്പെടുത്താനുള്ള വ്രതാനുഷ്ഠാനമാണ് സോമവാര വ്രതം അഥവാ തിങ്കളാഴ്ച വ്രതം. തിങ്കളാഴ്ച വ്രതത്തിന്റെ സവിശേഷതകളും വ്രതം അനുഷ്ഠിക്കുന്ന രീതികളും ചുവടെ ചേര്‍ക്കുന്നു.

ഉമാമഹേശ്വര പ്രീതിയ്ക്കായി അനുഷ്ഠിക്കുന്ന ഈ വ്രതം സോമവാര വ്രതം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. അതിനുള്ള കാരണം 'സോമം' എന്നര്‍ത്ഥം വരുന്ന ചന്ദ്രന്റെ ദശാദോഷം തീര്‍ക്കുവാന്‍ കൂടി വ്രതം അനുഷ്ഠിക്കുന്നു എന്നതിനാലാണ്. ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്തുവാന്‍ ഈ വ്രതം അനുഷ്ഠിക്കുന്നതിന്റെ പ്രധാന കാരണം ഉമാദേവി ഈ വ്രതം അനുഷ്ഠിച്ചാണ് പരമശിവനെ സ്വന്തം ആക്കിയത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വിശ്വാസപ്രകാരം സ്ത്രീകള്‍ 12 ആഴ്ച്ച മുടങ്ങാതെ തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ നല്ല ഭര്‍ത്താവിനെ ലഭിക്കും എന്നാണ് വിശ്വാസം. പുരുഷന്മാര്‍ അനുഷ്ഠിച്ചാല്‍ നല്ല ഭാര്യയെ ലഭിക്കും എന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.

 

തിങ്കളാഴ്ച വ്രതത്തില്‍ തന്നെ ഏറ്റവും ഉത്തമമായത് എന്നു വിശേഷിപ്പിക്കുന്നത് തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും ചേര്‍ന്നു വരുന്ന ദിവസങ്ങളിലെ വ്രതമാണ്. ആഗ്രഹസിദ്ധി പൂര്‍ത്തിയാകും എന്നു പറയപ്പെടുന്ന ഈ ദിവസം ഉമാമഹേശ്വര ക്ഷേത്രത്തില്‍ സ്വയംവര പുഷ്പാഞ്ജലി നടത്തുന്നതും വേഗത്തില്‍ ഫലസിദ്ധി ഉണ്ടാക്കും.വിവാഹിതരായ സ്ത്രീയോ പുരുഷനോ പ്രധാനമായും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത് നല്ല ഭര്‍ത്താവിനെയോ ഭാര്യയെയോ ലഭിക്കാന്‍ അല്ല മറിച്ച് വൈധവ്യ യോഗം അകറ്റുവാനും ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും ദാമ്പത്യ സുഖത്തിനും കുടുംബ ഐശ്വര്യത്തിനും സന്താന സൗഭാഗ്യത്തിനും കുടുംബത്തിന്റെയും സന്താനങ്ങളുടെയും ഭര്‍ത്താവിന്റെയും ഉന്നതിയ്ക്കും വേണ്ടി ആണ്.തിങ്കളാഴ്ച വ്രതം ആരംഭിക്കുന്നത് തിങ്കളാഴ്ച ദിവസം അല്ല എന്നതാണ് ഈ വ്രതത്തിന്റെ സവിശേഷത. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ഈ വ്രതം ആരംഭിക്കുന്നുണ്ട്.

കുളിച്ചു ശുദ്ധിയായി ഞായറാഴ്ച വൈകുന്നേരം വിളക്ക് കൊളുത്തി നമഃശിവായ മന്ത്രം ഉരുവിട്ടു കൊണ്ടാണ് ഇത് ആരംഭിക്കുന്നത്. ഞായറാഴ്ച രാത്രി ഉപവാസം എടുത്ത് തിങ്കളാഴ്ച ഏഴര വെളുപ്പിന് കുളിച്ച് വിളിക്കു കൊളുത്തി നമഃശിവായ മന്ത്രം ഉരുവിടണം.ഈ ദിവസം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന നേദ്യചോര്‍ കഴിയ്ക്കുന്നതും ഉത്തമമാണ്. തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ പകല്‍ സമയങ്ങളില്‍ ഉറങ്ങാതെ ഇരിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വൈകുന്നേരം ക്ഷേത്ര ദര്‍ശനം സാധ്യമാകും എങ്കില്‍ അതും ഉത്തമമാണ്. നമഃശിവായ മന്ത്രം സന്ധ്യാനേരങ്ങളില്‍ ഉരുവിട്ടുകൊണ്ടിരിക്കണം.ശേഷം രാത്രിയില്‍ ഭക്ഷണം ഒഴിവാക്കി ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കുക. പിറ്റേദിവസം (ചൊവ്വാഴ്ച) പുലര്‍ച്ചെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി നമഃ ശിവായ മന്ത്രം ഉരുവിട്ട് കൊണ്ട് വ്രതം അവസാനിപ്പിക്കുക.

വ്രതദിവസം ശിവപുരാണവും ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്. സന്ധ്യയ്ക്ക് നൂറ്റെട്ട് തവണ 'ഓം നമഃശിവായ ' ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.

  തിങ്കളാഴ്ചയും രോഹിണിയും ചേര്‍ന്ന് വരുന്ന ദിനം ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.മേടം, ഇടവം, ചിങ്ങം, വൃശ്ചികം എന്നീ മാസങ്ങളിലെ തിങ്കളാഴ്ചകളില്‍ വ്രതാനുഷ്ഠാനം ഏറെ ഗുണകരമാണ്.

somanatha vrutham