ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം

സർവ്വസാധാരണമായി ഭഗവാന്റെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്ന കോലങ്ങളിൽ കമിഴ്ന്ന അലങ്കാരപ്പൂക്കളാണ് എങ്കിൽ ഗുരുവായൂരപ്പന്റെ സ്വന്തമായ സ്വർണ്ണക്കോലത്തിന് മലർന്ന പൂക്കളാണ് എന്ന ഒരു സവിശേഷത ഉണ്ട്. കോലത്തിന്റെ നടുവിലായി അതിമനോഹരമായ മുരളിയൂതുന്ന ശ്രീകൃഷ്ണ രൂപത്തോടുകൂടിയ ഗോളക, അതിനു ചുറ്റും പ്രഭാമണ്ഡലം, അതിന്റെ മുകൾഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലുമായ് ദശാവതാരരൂപങ്ങൾ, താഴെ അനന്തശയനം, നാലുമൂലകളിലായി ശംഖ്,ചക്രം,ഗദ,പത്മം എന്നിവ ആലേഖനം ചെയ്ത ശില്പകലയോടുകൂടിയതാണ് പ്രഭാമണ്ഡലം, അതിനുതാഴെ ഇരുവശങ്ങളിലുമായി സൂര്യ-ചന്ദ്ര പതക്കങ്ങൾ.

author-image
Sooraj Surendran
New Update
ഗുരുവായൂരപ്പന്റെ സ്വർണ്ണക്കോലം

സർവ്വസാധാരണമായി ഭഗവാന്റെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കുന്ന കോലങ്ങളിൽ കമിഴ്ന്ന അലങ്കാരപ്പൂക്കളാണ് എങ്കിൽ ഗുരുവായൂരപ്പന്റെ സ്വന്തമായ സ്വർണ്ണക്കോലത്തിന് മലർന്ന പൂക്കളാണ് എന്ന ഒരു സവിശേഷത ഉണ്ട്. കോലത്തിന്റെ നടുവിലായി അതിമനോഹരമായ മുരളിയൂതുന്ന ശ്രീകൃഷ്ണ രൂപത്തോടുകൂടിയ ഗോളക, അതിനു ചുറ്റും പ്രഭാമണ്ഡലം, അതിന്റെ മുകൾഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലുമായ് ദശാവതാരരൂപങ്ങൾ, താഴെ അനന്തശയനം, നാലുമൂലകളിലായി ശംഖ്,ചക്രം,ഗദ,പത്മം എന്നിവ ആലേഖനം ചെയ്ത ശില്പകലയോടുകൂടിയതാണ് പ്രഭാമണ്ഡലം, അതിനുതാഴെ ഇരുവശങ്ങളിലുമായി സൂര്യ-ചന്ദ്ര പതക്കങ്ങൾ.

തേജോമയമായ ഈ സ്വർണ്ണക്കോലം നൂറ്റാണ്ടുകൾക്ക് മുമ്പ് ദേവസ്വത്തിന്റെ ഇരട്ടപ്പൂട്ട് ഭണ്ഡാരത്തിൽ (ഡബ്ബിൾ ലോക്കർ) സൂക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ദേവസ്വത്തിൽ വർഷങ്ങൾക്ക് മുമ്പ്, അതായത് 1928 വരെ ഭഗവൽസേവനം ചെയ്തിരുന്ന ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ തലമുതിർന്ന പത്മനാഭൻ ആനയ്ക്ക് തിരുവിതാംകൂർ മഹാരാജാവ്, ആകൃതികൊണ്ടും, പ്രകൃതികൊണ്ടും, ചന്തംകൊണ്ടും തലയെടുപ്പുകൊണ്ടും ഒന്നാംകിടക്കാരനായതുകൊണ്ട് നൽകിയ സമ്മാനം "സ്വർണ്ണം കൊണ്ടുള്ള ഒരു വീരശൃംഖല " ഗോളകയ്ക്ക് ചുറ്റും മനോഹരമായി ചാർത്തിയിട്ടുണ്ട്.

അതിനുതാഴെയായി നടുവിൽ പച്ചക്കല്ല് കൊളുത്തിയിട്ട വലിയൊരു സ്വർണ്ണപ്പൂവ്, അതിനുചുറ്റുമായി നടുവിൽ ഇളക്കത്താലിയോടുകൂടിയ പത്ത് പൂക്കൾ, ഇതിനും ഗോളകയ്ക്കും ചുറ്റുമായി 180 ചെറിയ പൂക്കൾ, എട്ട് ദളധാരകൾ, 33 പാലയ്ക്ക, 238 ചെറിയ കുമിളകൾ, മുകളിൽ അഞ്ച് തട്ടുകളോടുകൂടിയ കമനീയമായൊരു കുട, എന്നിങ്ങനെയാണ് സ്വർണ്ണക്കോലത്തിന്റെ പ്രധാനഭാഗങ്ങൾ!

ചുറ്റും പൊടിപ്പുകെട്ടിയതും 35 ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ളതായ സ്വർണ്ണക്കോലത്തിന്റെ പീഠം മാത്രമാണ് വെള്ളികൊണ്ട് പൊതിഞ്ഞിരിക്കുന്നത്. ഇത്രയും മനോഹരവും പരിപാവനവുമായ ഈ സ്വർണ്ണക്കോലം എത്രയോ വർഷങ്ങളായി ഭഗവാന്റ സ്വർണ്ണത്തിടമ്പിന്റ സാമീപ്യംകൊണ്ട് അനുഗ്രഹീതമായിരിക്കുന്നു. അതുതന്നെയാണ് അതിന്റെ മഹത്വവും.

ഗുരുവായൂർക്ഷേത്രത്തിൽ വർഷത്തിൽ പത്ത് ദിവസങ്ങളിസായി പതിനഞ്ച് നേരമാണ് ഈ ദിവ്യമായ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നത്. അതിപ്രകാരമാണ്:

1) അഷ്ടമിരോഹിണി 3 നേരം

🔸 ഗുരുവായൂർ ഏകാദശി

2) അഷ്ടമിവിളക്ക് 1നേരം

3) നവമിവിളക്ക് 1 നേരം

4) ദശമിവിളക്ക് 1നേരം

5) ഏകാദശിവിളക്ക് 2നേരം

🔸 ഉത്സവം

6) ആറാംവിളക്ക് 1നേരം

7) ഏഴാംവിളക്ക് 2നേരം

8) എട്ടാംവിളക്ക് 1നേരം

9) ഒമ്പതാംവിളക്ക് 2നേരം (പള്ളിവേട്ട)

10) പത്താംവിളക്ക് 1നേരം (ആറാട്ട്)

എന്നാൽ 2019 ൽ ദശമി സുദിനം രണ്ട് ദിവസം വന്നതിനാൽ മേൽപറഞ്ഞതിൽനിന്നും ഒരുദിവസം കൂടുതലായി സ്വർണ്ണക്കോലം എഴുന്നള്ളിക്കുകയും ഉണ്ടായി. വളരെ അപൂർവ്വം വർഷങ്ങളിൽ ഇത്തരമൊരു സാഹചര്യം വന്നുചേരാറുണ്ട്. ഗുരുവായൂർ ക്ഷേത്രം സാമൂതിരി ഭരണകാലങ്ങളിൽ, 1971 മാർച്ച് 9 ന് മുമ്പുള്ള കാലഘട്ടങ്ങളിൽ, ഈ അതിവിശിഷ്ടമായ സ്വർണ്ണക്കോലം, ആനത്തലേക്കെട്ട് എന്നിവ ഇരട്ടപ്പൂട്ട് ഭണ്ഡാര അറയിൽനിന്നും വിശേഷദിവസങ്ങളിൽ എടുക്കാൻ പ്രത്യേമായി കോവിലകം ആസ്ഥാനത്ത് നിന്നും ആളെ ചുമതലപ്പെടുത്തി അയക്കുക പതിവായിരുന്നു.

ഇന്ന് ഭരണസാരഥ്യം ദേവസ്വം ഭരണസമിതിയുടെ അധികാരപരിധിയിലായതിനാൽ ദേവസ്വം അഡ്മിനിസ്റ്റേറ്ററുടേയും, ഭരണസമിതി അംഗമായ ഊരാളൻ മല്ലിശ്ശേരി മനയിലെ കാരണവരുടേയും സാന്നിദ്ധ്യത്തിലാണ് ഇരട്ടപ്പൂട്ട് ഭണ്ഡാര അറ എന്ന ഡബ്ബിൾലോക്കർ തുറക്കുന്നതും സ്വർണ്ണക്കോലം പുറത്തെടുക്കുന്നതും എന്നതും ഒരു യാഥാർത്ഥ്യം മാത്രം.

Astro