നാഗദൈവങ്ങളുടെ അനുഗ്രഹത്തിനായി : ഇന്ന് കന്നിയിലെ ആയില്യം

വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത് ഉത്തമമാണ് മാത്രമല്ല നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്.

author-image
parvathyanoop
New Update
നാഗദൈവങ്ങളുടെ അനുഗ്രഹത്തിനായി : ഇന്ന് കന്നിയിലെ ആയില്യം

എല്ലാ മാസവും ആയില്യം നാളില്‍ ക്ഷേത്രങ്ങളിലും തറവാടുകളിലും നാഗപൂജയും നൂറും പാലും വഴിപാടുകളാലും നിറഞ്ഞു നില്‍ക്കാറുമുണ്ട്. ആയില്യ പൂജകളില്‍ ഏറ്റവും പ്രധാനം കന്നി, തുലാം മാസത്തിലെ ആയില്യ പൂജയാണ്. ഇത്തവണത്തെ ആയില്യം അതായത് കന്നി ആയില്യം സെപറ്റംബര്‍ 22 ആയ ഇന്നാണ്. ആയില്യ വ്രതമെടുക്കുന്നവര്‍ തലേദിവസം മുതല്‍ അതായത് ഇന്നലെ മുതല്‍ വ്രതം ആരംഭിക്കണം.

ഈ സമയത്ത് മദ്യം, ലഹരി, മത്സ്യ-മാംസാദികള്‍ എന്നിവ വര്‍ജിക്കണം. ബ്രഹ്മചര്യം പാലിച്ച് പൂര്‍ണ്ണഭക്ഷണം ഉപേക്ഷിച്ച് വ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്. അതിന് കഴിയാത്തവര്‍ ലഘുവായ ഭക്ഷണം കഴിച്ച് വ്രതം നോക്കണം. ആയില്യംകഴിഞ്ഞ് പിറ്റേന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി അവിടുന്ന് ലഭിക്കുന്ന തീര്‍ത്ഥം സേവിച്ചുവേണം വ്രതം അവസാനിപ്പിക്കാന്‍. വ്രത ദിവസം നാഗക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും ആരാധന നടത്തുന്നത് ഉത്തമമാണ് മാത്രമല്ല നാഗപ്രതിഷ്ഠയ്ക്ക് ചുറ്റും 5 തവണ വലം വയ്ക്കുന്നതും നല്ലതാണ്.

രാവിലെയാണെങ്കില്‍ സൂര്യോദയത്തിന് ശേഷവും വൈകുന്നേരമാണെങ്കില്‍ സൂര്യാസ്തമയത്തിന് മുന്‍പും വേണം പ്രദക്ഷിണം നടത്താന്‍. ആയില്യ വ്രതം ആരംഭിക്കുന്ന ദിവസം മുതല്‍ ഓം നമശിവായ മന്ത്രം 336 തവണ ജപിക്കാന്‍ ശ്രദ്ധിക്കുക. കന്നി മാസത്തിലെ ആയില്യം തൊഴുതാല്‍ ഒരു വര്‍ഷത്തെ ആയില്യപൂജ തൊഴുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.

നാഗശാപം ഒരാളുടെ നാശത്തിന് തന്നെ കാരണമാകും. അത് അയാളുടെ കുടുംബ പരമ്പരയെതന്നെ വേട്ടയാടും. നാഗ ശാപം മാറാനും പകര്‍ച്ചവ്യാധിപ്പോലെയുള്ള രോഗങ്ങള്‍ മാറുന്നതിനും നാഗരാജ പൂജ നല്ലതാണ്. അതുപോലെ സര്‍പ്പ സംബന്ധമായ ശാപങ്ങള്‍ അകറ്റാനുള്ള പരിഹാരമാണ് സര്‍പ്പബലി. അതുകൊണ്ടുതന്നെ സര്‍പ്പബലി കഴിപ്പിക്കുന്നതും ഉത്തമമാണ്. നാഗരാജ ഗായത്രിമന്ത്രം ചൊല്ലുന്നത് ഏറെ ഉത്തമം.

നാഗരാജ ഗായത്രി മന്ത്രം

ഓം സര്‍പ്പ രാജായ വിദ്മഹെ

പത്മ ഹസ്തായ ധീമഹി

തന്വോ വാസുകി പ്രചോദയാത്

സര്‍പ്പദോഷപരിഹാരത്തിനായി നവനാഗസ്തോത്രം കുറഞ്ഞത് 9 തവണ ജപിക്കാവുന്നതാണ് . നാഗങ്ങള്‍ക്കു പ്രധാനമായ കന്നി ആയില്യദിനത്തില്‍ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം.

നവനാഗസ്തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ-

ഈ നവനാഗസ്തോത്രം കുറഞ്ഞത് 9 തവണ ജപിക്കാവുന്നതാണ് . നാഗങ്ങള്‍ക്കു പ്രധാനമായ കന്നി ആയില്യദിനത്തില്‍ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠം.ഈ മന്ത്രം എത്രത്തോളം തവണ ചൊല്ലാന്‍ പറ്റുമോ അത്രയും നല്ലത്. ഈ ദിനം പ്രത്യേകിച്ചും ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തവര്‍ ഈ മന്ത്രം ചൊല്ലുന്നത് വളരെ ഉത്തമമാണ്. കന്നി ആയില്യത്തിന് കേരളത്തില്‍ പ്രസിദ്ധമാണ് വെട്ടിക്കോട് ആയില്യം.

രോഗപരിഹാരം

രോഗപരിഹാരത്തിനും നാഗശാപം മാറുന്നതിനും സര്‍പ്പദോഷത്തിന് പരിഹാരം കാണുന്നതിനും എല്ലാം കന്നിആയില്യവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. സര്‍പ്പക്കാവ് നശിപ്പിക്കുകയും, സര്‍പ്പത്തെ കൊല്ലുകയും ചെയ്താല്‍ സര്‍പ്പബലിയിലൂടെ അതിന് പരിഹാരം കാണേണ്ടതാണ്. ഇത് കൂടാതെ കളമെഴുതി സര്‍പ്പം പാട്ടും സര്‍പ്പം തുള്ളലും നടത്തുന്നതും നല്ലതാണ്.

ഇത് കൂടാതെ നിങ്ങളുടെ ദശാ കാലങ്ങള്‍ അനുസരിച്ച് രാഹു കേതു ദശാസന്ധിയുള്ളവര്‍ സര്‍പ്പക്ഷേത്രത്തില്‍ ഈ പ്രത്യേക ദിനത്തില്‍ വഴിപാടുകളും മറ്റും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്

astrology ayilya pooja