സര്‍വ്വപാപശാന്തിക്ക് ഏകാദശിവ്രതം; വ്രതചിട്ടകള്‍ അറിയാം

By RK.18 11 2021

imran-azhar


എല്ലാവിധത്തിലുള്ള ദു:ഖദുരിതശാന്തിക്കും ഐശ്വര്യത്തിനും ഒരേ പോലെ ഗുണകരമായ വ്രതമാണ് ഏകാദശിവ്രതം. കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുന്ന വ്രതം അളവറ്റ സുകൃതം നല്‍കും. പിതൃശാപം, പൂര്‍വ്വികദോഷം, ദാരിദ്ര്യദു:ഖം, ശത്രുദോഷം, ശാപദോഷം തുടങ്ങി ഏത് പ്രതികൂല ഊര്‍ജ്ജങ്ങള്‍ക്കും പരിഹാരമാണ് ഏകാദശീവ്രതം. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപദുരിതങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഏകാദശിവ്രതം.

 

ശേനിദോഷങ്ങള്‍ നീങ്ങുന്നതിന് ശനിയാഴ്ചവ്രതം, ദാമ്പത്യഭദ്രതയ്ക്ക് തിങ്കളാഴ്ചവ്രതം, ആരോഗ്യസിദ്ധിക്ക് ഞായറാഴ്ചവ്രതം, ശത്രുദോഷശാന്തിക്കായി ചൊവ്വാഴ്ചവ്രതം, എന്നിവയെല്ലാം നാം നോക്കാറുണ്ട്. കറുത്ത വാവ് ദിവസം വ്രതമെടുക്കുന്നത് പിതൃക്കളുടെ അനുഗ്രഹത്തിന് നല്ലതാണ്. എന്നാല്‍ ഏകാദശിവ്രതമാകട്ടെ ഈ പറഞ്ഞ എല്ലാം കാര്യങ്ങള്‍ക്കും ഒരേപോലെ ഗുണകരമാണ്.

 

വിഷ്ണുപ്രീതിക്ക് ഏകാദശിവ്രതം ക്ഷിപ്രഫലപ്രദമാണ്. വിഷ്ണുപ്രീതിയിലൂടെ എല്ലാവിധ ഭൗതികസുഖങ്ങളും ലഭിക്കുന്നു. പുരാണേതിഹാസങ്ങള്‍ പ്രകാരം മോക്ഷദായകനായ മൂര്‍ത്തിയും വിഷ്ണുഭഗവാന്‍ തന്നെ. അതുകൊണ്ട് തന്നെ വൈഷ്ണവരുടെ പ്രധാന വ്രതവും ഏകാദശിയാണ്. വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുപൂജകള്‍, വൈഷ്ണവപരമായ രാജഗോപാലഹോമം, സന്താനഗോപാലഹോമം, സുദര്‍ശനഹോമം, തിലഹോമം തുടങ്ങി എല്ലാ കര്‍മ്മങ്ങള്‍ക്കും ഏകാദശി ഉത്തമദിവസമാണ്. വൈഷ്ണവക്ഷേത്ര തീര്‍ത്ഥാടനങ്ങള്‍ക്കും ദാനകര്‍മ്മങ്ങള്‍ക്കും ഏകാദശി ഏറ്റവും വിശിഷ്ടം.

 

പഴയ തലമുറയില്‍ ഏകാദശിവ്രതം സ്വീകരിക്കാത്തവര്‍ ഈശ്വരവിശ്വാസികള്‍ക്കിടയില്‍ കുറവാണ്. ഒരു തവണ വ്രതമെടുത്താല്‍ തന്നെ അളവറ്റ പുണ്യം ഏകാദശിയിലൂടെ ലഭിക്കും. അപ്പോള്‍ കൃത്യമായി എല്ലാ ഏകാദശിയും പാലിച്ചാലോ ഏകാദശേന്ദ്രിയൈ: പാപം യദ്കൃതം ഭവതി പ്രഭോ ഏകാദശോപവാസേന തത്‌സര്‍വ്വം വിലയും വ്രജേത് എന്ന ശ്ലോകത്തിലൂടെ കൈ, കാല്, വായ്, ഗുഹ്യം, ഗുദം, കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്, മനസ്സ് എന്നീ 11 ഇന്ദ്രിയങ്ങള്‍ കൊണ്ട് ചെയ്തിട്ടുള്ള എല്ലാ പാപങ്ങളും ഏകാദശിവ്രതത്തിലൂടെ മാറും.

 

ഏകാദശിവ്രതം ചിട്ടകള്‍

 

ദശമി ദിവസം ഉച്ചക്ക് മാത്രം ഭക്ഷണം കഴിക്കാം. രാവിലെയും വൈകിട്ടും പഴവര്‍ഗ്ഗം മാത്രം ആകാം. ആരോഗ്യപരമായി കഴിയുന്നവര്‍ ജലപാനം മാത്രം ആക്കുക. വെറും നിലത്തേ കിടക്കാവൂ പരമാവധി സമയം ശ്രീകൃഷ്ണ പ്രാര്‍ത്ഥന ചെയ്യുക. ഏകാദശി നാളില്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് വിഷ്ണു സ്മരണയോടെ ഏതൊരു കാര്യവും ചെയ്യുക. പൂജാമുറിയിലോ ക്ഷേത്രത്തിലോ ഇരുന്ന് ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങള്‍ പരമാവധി ജപിക്കുക. നാരായണീയം, ഭാഗവതം, വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത തുടങ്ങിയ യഥാശക്തി പാരായണം ചെയ്യുക. ഭഗവത് പ്രസാദമായ പഴവര്‍ഗ്ഗം, കരിക്ക് എന്നിവ മാത്രം ഭക്ഷിക്കാം. മുഴുവന്‍ സമയവും ഭഗവത് സ്മരണ നിലനിര്‍ത്തുക. കാമ-ക്രോധ ലോഭ വികാരങ്ങള്‍ ബാധിക്കാതെ മനസ്സിനെ സൂക്ഷിക്കണം. ക്ഷേത്രദര്‍ശനം നടത്തി ഭഗവാന് തുളസിമാല, നെയ്‌വിളക്ക് എന്നിവ നടത്തി പ്രാര്‍ത്ഥിക്കുകയും വേണം. അരയാലിന് 7 പ്രദക്ഷിണം ചെയ്യുന്നത് ഉത്തമം.

 

ഏകാദശി നാളില്‍ രാത്രിയില്‍ ഉറങ്ങാതെ ഭഗവത് പ്രാര്‍ത്ഥന ചെയ്യണം. ഏകാദശിയുടെ പിറ്റേന്ന് വ്രതം പൂര്‍ത്തിയാക്കണം. ദ്വാദശി കഴിയുന്നതിന് 2 നാഴിക (48 മിനിറ്റ്) മുമ്പേ പാരണവീട്ടി വ്രതം അവസാനിപ്പിക്കണം. ദ്വാദശി തിഥിയുള്ളപ്പോഴോ പാരണ പാടുള്ളൂ. ദ്വാദശി നാളിലും ഒരിക്കലൂണ് പാലിക്കണം.

 

ദശമി, ഏകാദശി, ദ്വാദശി ഈ മൂന്ന് ദിനങ്ങളിലും പകലുറക്കം പാടില്ല. ഏകാദശി നാളില്‍ രാത്രിയിലും ഉറങ്ങരുത്.

 

 

 

OTHER SECTIONS