ഒരു നേരം ആഹാരം; മൂന്ന്, ആറ് ദിവസം വ്രതം; ഷഷ്ഠി വ്രതത്തില്‍ ഇതൊക്കെ പാലിക്കണം

By RK.08 11 2021

imran-azhar

 


അറിഞ്ഞും അറിയാതെയും എല്ലാവരും ധാരാളം തെറ്റുകള്‍ ചെയ്യാറുണ്ട്. അതു വഴി സംഭവിക്കുന്ന എല്ലാ പാപങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഷഷ്ഠിവ്രതം. ഒപ്പം സന്താനങ്ങളുടെ സൗഭാഗ്യങ്ങള്‍ക്കും പാപദുരിതങ്ങള്‍ക്കും ഷഷ്ഠിവ്രതം ഉത്തമമാണ്.

 

ശിവന്റെയും ശക്തിയുടെയും പുത്രനായ സുബ്രഹ്‌മണ്യനെ പ്രാര്‍ത്ഥിച്ചാല്‍ പാപദുരിതങ്ങളെല്ലാം നീങ്ങും. സുബ്രഹ്‌മണ്യ പ്രീതിക്ക് ഏറ്റവും അത്ഭുതസിദ്ധിയുള്ള വ്രതമാണ് ഷഷ്ഠിവ്രതം.

 

ഈ ദിവസം ചെയ്യുന്ന ഏതൊരു പ്രാര്‍ത്ഥനയും ക്ഷിപ്രഫലസിദ്ധിയുള്ളതാണ്. ബ്രഹ്‌മാവിന്റെ ശാസനക്ക് വിധേയനായ സുബ്രഹ്‌മണ്യന്‍ അപമാനത്താല്‍ നാഗരൂപത്തില്‍ വര്‍ഷങ്ങളോളം തപസ്സില്‍ മുഴുകി. ദുഃഖിതയായ പാര്‍വ്വതിദേവി ശിവ നിര്‍ദ്ദേശപ്രകാരം ഷഷ്ഠി ദിവസം വ്രതം പാലിച്ച് ധ്യാനത്തില്‍ മുഴുകി.

 

അമ്മയുടെ ദുഃഖവും വ്രതചര്യയും കണ്ട മുരുകന്‍ തപസ്സ് അവസാനിപ്പിച്ച് കൈലാസത്തിലേക്ക് തിരിച്ച് ചെന്നു എന്ന് വിശ്വാസം. അന്നുമുതല്‍ സുബ്രഹ്‌മണ്യ പ്രീതിക്ക് ഷഷ്ഠിദിവസം വ്രതം സ്വീകരിക്കുവാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു എന്ന് ഐതിഹ്യം.

 

6 ദിവസമായും 3 ദിവസമായും സ്‌കന്ദഷഷ്ഠി വ്രതമെടുക്കാം. തലേദിവസവും സ്‌കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം പാലിക്കുന്നവരുണ്ട്. മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം.

 

ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍ ഒന്നും കഴിക്കാതെ പൂര്‍ണ്ണ ഉപവാസമെടുക്കണം. ആറു ദിവസം വ്രതമെടുക്കുന്നവര്‍ക്ക് എന്നും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗം മാത്രവും കഴിക്കാം.

 

അവരവരുടെ ആരോഗ്യസ്ഥിതിപോലെ ലഘുഭക്ഷണമോ നിരാഹാരമോ ആകാം.

 

 

 

 

 

 

OTHER SECTIONS