ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല, ശിവക്ഷേത്ര ദര്‍ശനം ഇങ്ങനെ വേണം, ഫലം ഉറപ്പ്

By RK.08 09 2021

imran-azhar

 

 

സര്‍വ്വ ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും നാഥനാണ് ശിവ ഭഗവാന്‍ പരമശിവന്‍. ശിവനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല.

 

ശിവക്ഷേത്രത്തില്‍ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തില്‍, ക്ഷേത്രം സൂക്ഷിപ്പുകാരായി ഛണ്ഡന്‍, പ്രഛണ്ഡന്‍ എന്നീ ദ്വാരപാലകര്‍ ഉണ്ട്. ഇവരെ മനസ്സില്‍ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി അകത്ത് പ്രവേശിക്കണം.

 

അകത്തെത്തിയാല്‍ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശന്റെ വലതു വശത്തു നിന്നു വേണം തൊഴാന്‍. അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന് ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം.

 

തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നില്‍ക്കണം.

 

അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകള്‍ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുക. പിന്നീട് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം.

 

അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി താഴികക്കുടം നോക്കി കൂപ്പിയ കൈകള്‍ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടക്കുക. ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്ന് നന്തികേശന്റെ വലത് വശത്ത് വന്ന് നിന്ന് നന്തികേശനെ തൊഴണം.

 

ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തില്‍ ഒരു പ്രക്ഷിണം പൂര്‍ത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തില്‍ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.

 

അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.

 

 

 

 

 

OTHER SECTIONS