കാശിയില്‍ പാതി കല്പാത്തി

By online desk.08 11 2019

imran-azhar

 


ഏകദേശം 1425-26 കാലഘട്ടത്തില്‍ ലക്ഷ്മി അമ്മാള്‍ എന്ന ബ്രാഹ്മണസ്ത്രീ കാശി യാത്ര കഴിഞ്ഞു വരുമ്പോള്‍ തന്റെ കൈവശം ഒരു ബാണലിംഗം കൊണ്ടുവന്നതായും പ്രസ്തുത ബാണലിംഗത്തെ കല്പാത്തി പുഴയോരത്ത് പ്രതിഷ്ഠിക്കുവാന്‍ ആഗ്രഹിക്കുകയും തന്റെ ആഗ്രഹം അന്നത്തെ പാലക്കാട്ടുശ്ശേരി ശേഖരി വര്‍മ്മ രാജാവിനെ അറിയിക്കുകയും ചെയ്തു.

ഈശ്വര വിശ്വാസിയും സല്‍സ്വഭാവിയുമായിരുന്ന പാലക്കാട് രാജാവ് ആയത്തിന് സമ്മതം മൂളുകയും അദ്ദേഹം തന്റെ ഏറ്റവും വിശ്വസ്തനായ അകത്തേത്തറ വലിയ കോണിക്കലിടത്തിലെ കാരണവരായിരുന്ന ശ്രീമാന്‍ ഇട്ടികോമ്പി അച്ഛന്‍ അവര്‍കളെ ക്ഷേത്രം പണിത് പ്രസ്തുത ബാണലിംഗം നിശ്ചിത സ്ഥലത്ത് പ്രതിഷ്ഠ ചെയ്യുവാന്‍ ഉത്തരവ് നല്‍കുകയും, കാരണവര്‍ ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയതായും രേഖപെടുത്തിയിട്ടുണ്ട്.
സന്തുഷ്ട്ടനായ രാജാവ് ശ്രീ ഇട്ടികോമ്പി അച്ഛന്‍ അവര്‍കളെ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായി നിയമിക്കുകയും ചെയ്തു.

ആയതു കൊണ്ടുമാത്രം തൃപ്തിയാവാതെ സന്മനസ്സുള്ള രാജാവ് ക്ഷേത്രത്തിന്റെ പേരില്‍ നിളാ നദിയുടെ തെക്കുവശത്തു നിന്ന് ശംഖുവരത്തോടു വരെയുള്ള വസ്തുവഹകള്‍ എഴുതി വെയ്ക്കുകയും, ആയതിന് ഭക്തിപുരസ്സരം ചൊക്കനാഥപുരം സുന്ദരേശ്വര പെരുമാളിനെയും കല്ലേകുളങ്ങര ശ്രീ ഏമൂര്‍ ഭഗവതിയേയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.

1957 ല്‍ ആര്‍ക്കിയോളജി വിഭാഗം എപ്പിക്ഗ്രാഫിക്കിലൂടെ കല്‍പാത്തി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കരിക്കല്‍ സ്തൂപത്തില്‍ കണ്ടെത്തിയ കോലെഴുത്തിന്റെ രത്നചുരുക്കമാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട് ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം. കല്പാത്തി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം താഴ്ന്ന പ്രദേശമായത്‌കൊണ്ട് കുണ്ടമ്പലം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനും പാര്‍വതി ദേവിയുമാണ്.

പാലക്കാട്ടുശ്ശേരി രാജാവ് തഞ്ചാവൂരില്‍ നിന്നും കൊണ്ടുവന്നവരാണ് കല്പാത്തി അഗ്രഹാരത്തിലുള്ള ബ്രാഹ്മണന്മാര്‍ എന്നാണ് ചരിത്രം പറയുന്നത്.

ക്ഷേത്രത്തിലെ പ്രധാന ഉത്സവം രഥോത്സവമാണ്. തഞ്ചാവൂരിലെ കാവേരി തീരത്തുള്ള മായവരം നഗരത്തിലെ മയൂരനാഥ സ്വാമി ക്ഷേത്രത്തിലും വളരെ പണ്ടു കാലം മുതല്‍തന്നെ രഥോത്സവം നടന്നു വരുന്നുണ്ട്.

കല്പാത്തിയിലെ അഗ്രഹാരങ്ങള്‍ ഹെറിറ്റേജ് സ്മാരകങ്ങളാണ്. പഴയ കല്പാത്തി, പുതിയ കല്പാത്തി, ഗോവിന്ദരാജപുരം, വൈദ്യനാഥപുരം, ലക്ഷ്മിനാരായണപുരം, ചെക്കനാഥപുരം, അംബികാപുരം, ശേഖരിപുരം എന്നിവടങ്ങളായി കല്പാത്തിയിലെ അഗ്രഹാരങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. പാലക്കാട് നഗരത്തില്‍ പതിനെട്ടും ജില്ലയില്‍ മൊത്തം തൊണ്ണൂറ്റിയാറ് അഗ്രഹാരങ്ങളുമുണ്ട്.

1732ല്‍ കോഴിക്കോട് സാമൂതിരിയില്‍ നിന്നും തരൂര്‍ സ്വരൂപത്തിലെ അച്ചന്മാരെ പാലക്കാട്ടുശ്ശേരിയിലെ കല്പാത്തിയില്‍വെച്ച് ചതിക്കുകയുണ്ടായി അതെ തുടര്‍നാണ് പാലക്കാട്ടുശ്ശേരി രാജാവ് കോമു അച്ഛന്‍ സഹായത്തിനായി മൈസൂറിനെ ക്ഷണിച്ചു വരുത്തിയത്. സമാനമായ സംഭവം 1760-61 കാലഘട്ടത്തില്‍ കല്പാത്തിയില്‍വെച്ച് നടന്നിട്ടുണ്ട് അന്ന് ഉണ്ണിരാശ എറാടിയും മറ്റുമായിരുന്നു മറുപക്ഷത്ത്.

കല്പാത്തിപുഴ കൂലംകുത്തി ഒഴുകുന്ന സമയത്ത് ശത്രുക്കള്‍ക്ക് പിടി കൊടുക്കാതെ കോണിക്കലിടം ശക്തന്‍ തമ്പുരാന്‍ അച്ഛനിടത്തില്‍ (അച്ഛന്‍പടി) നിന്നും ഉടവാള്‍ കടിച്ചു പിടിച്ച് ഒഴുക്കിനെതിരെ നീന്തി കോണിക്കലിടം മാളികയില്‍ എത്തിയത് ചരിത്രത്തില്‍ രേഖപെടുത്തിയിട്ടുണ്ട്. ശക്തന്‍ തമ്പുരാന്‍ അന്ന് കല്പാത്തി വിശ്വനാഥസ്വാമി ക്ഷേത്രം ട്രസ്റ്റിയും ഭരണാധിപനുമായിരുന്നു.

പാലക്കാട്ടുശ്ശേരി രാജകുടുംബത്തിലെ വലിയ കോണിക്കലിടം കാരണവരാണ് ക്ഷേത്രത്തിന്റെ പാരമ്പര്യ ട്രസ്റ്റി. ഇപ്പോളത്തെ ട്രസ്റ്റി ശ്രീ വി.കെ.ഗോപിനാഥ വര്‍മ്മയും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് ശ്രീ വി.കെ.മണികണ്ഠ വര്‍മ്മയുമാണ്.

പ്രസിദ്ധമായ കല്‍പാത്തി രഥോത്സവം നവംബര്‍ 8 മുതല്‍ 17വരെയാണ്.14 മുതല്‍ 16 വരെയാണ് രഥപ്രയാണം

 

OTHER SECTIONS