/kalakaumudi/media/post_banners/60530adc8a6605e78f72ed91207980d5849ea626f62b1df420d7f8dd0cd320fd.jpg)
ക്ഷേത്രനഗരിയാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കുന്നതിനായി ഇന്ത്യന്‍ റയില്‍വേ കാഞ്ചീപുരം റയില്‍വേ സ്റ്റേഷന് സമ്മാനിച്ച ചേതോഹരമായ ഗോപുരത്തിലേക്ക് പുലര്‍ച്ചേ കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ഒരു മലയാളി സാന്നിധ്യം. ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പേരായിരുന്നു അത്. അദ്ദേഹം കേന്ദ്ര റയില്‍വേ സഹമന്ത്രിയായിരുന്ന കാലത്താണ് കാഞ്ചീപുരം റയില്‍വേ സ്റ്റേഷന് മോടി നല്‍കുന്ന ഗോപുരം നിര്‍മ്മിച്ചത്. പക്ഷേ കെടുകാര്യസ്ഥത കാരണം ഉപയോഗശൂന്യമായി കിടക്കുന്ന ഗോപുരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം.
കാഞ്ചീപുരം കാണാത്ത ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് പറഞ്ഞത് ജ്ഞാനമഹര്‍ഷിയും പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതനുമായ ജനാര്‍ദ്ദന അയ്യര്‍ എന്ന ശബരി പോറ്റിയാണ്. സുഹ്യത്ത് എസ് ബി ഐ ഉദ്യോഗസ്ഥനായ ജി.എസ്. അരുണ്‍ കുമാര്‍ സംഘടിപ്പിച്ച് നല്‍കിയ കാഞ്ചീപുരത്തെ കുറിച്ചുള്ള ചില വിശദാംശങ്ങളുമായാണ് യാത്ര തുടങ്ങിയത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് തിരിച്ച അനന്തപുരി ഏക്‌സ്പ്രസില്‍ ചെങ്കല്‍പട്ടില്‍ ഇറങ്ങി കാഞ്ചീപുരത്തേക്കുള്ള പാസഞ്ചര്‍ തീവണ്ടി പിടിച്ചു . കാഞ്ചീപുരത്തേക്കുള്ള പാസഞ്ചര്‍ വണ്ടിക്ക് കൊച്ചി മെട്രോയേക്കാള്‍ ഭംഗിയുണ്ട്. പട്ടുനൂലിന്റെ നാട്ടിലേക്ക് നൂറുകണത്തിന് പാസഞ്ചറുകളാണ് ഓരോ ദിവസവും കിതച്ചെത്തുന്നത് . കേരളത്തിലേത് പോലെ കോച്ചും പാളവുമില്ലെന്ന പരാതിയേ ഇവിടത്തുകാര്‍ക്കില്ല.
കാഞ്ചീപുരത്തെ പഴയ റെയില്‍വേ സ്റ്റേഷന് മുന്നിലെ തമിഴ്‌നാട് ഹോട്ടല്‍ സമുച്ചയത്തിലേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍ ഓട്ടോകൂട്ടം വളഞ്ഞു. കാഞ്ചീപുരത്തെ ട്രാവല്‍ ഗൈഡുമാരാണ് ഓട്ടോസാരഥികള്‍. കണ്ടാല്‍ മാന്യനെന്ന് തോന്നുന്ന ഒരാളെ ഒപ്പം കൂട്ടി; ഭാസ്‌കര്‍. ഓട്ടോയുടെ പേരും ഭാസ്‌കര്‍. റേറ്റ് പറഞ്ഞുറപ്പിച്ചു, കാഞ്ചീപുരത്തെ ക്ഷേത്രങ്ങളെല്ലാം കണ്ട് തീരുമ്പോള്‍ രൂപ 1500. തര്‍ക്കിക്കാന്‍ നില്‍ക്കാത്ത മാന്യന്‍.
കഥകള്‍ മനസിലിട്ട് ഉറക്കംതൂങ്ങുന്ന നഗരമാണ് കാഞ്ചീപുരം. നഗരമെന്ന് ഇതിനെ തീര്‍ത്തും വിളിക്കാനാവില്ല. നഗരവും ഗ്രാമവും ഇടം കലര്‍ന്ന ഒരു സംസ്‌കാരമാണ് കാഞ്ചീപുരത്തുള്ളത്. ചാനലുകളില്‍ തുണികടയുടെ പരസ്യം കാണുന്നവര്‍ക്ക് കാഞ്ചീപുരം പട്ടിന്റെ നഗരമാണ്. എന്നാല്‍ കാഞ്ചീപുരത്ത് വണ്ടിയിറങ്ങുന്ന ഏതൊരാള്‍ക്കും ഇവിടെ പട്ടും പ്രാര്‍ത്ഥനയും ഇഴപിരിയുന്നതായി കാണാം . കാഞ്ചീപുരത്ത് പട്ടില്ലാത്ത പ്രാര്‍ത്ഥനയില്ല. പ്രാര്‍ത്ഥനയില്ലാത്ത പട്ടുമില്ല. തെരുവുകളില്‍ കച്ചവടക്കാരുടെ കെട്ടിയാടലുകളില്ല. ഒരു പ്രത്യേക തരം നിശബ്ദത കാഞ്ചീപുരത്തിന്റെ ധമനികളിലുണ്ട്. കാമാക്ഷിയമ്മനാണ് കാഞ്ചീപുരത്തിന്റെ കുലദേവത. പരാശക്തിയായും സരസ്വതിയായും ലക്ഷ്മിമായും കാളിയായും കാമാക്ഷിയമ്മന്‍ കാഞ്ചീപുരത്തെങ്ങുമുണ്ട്.
ആദിത്യരശ്മികള്‍ അലങ്കാരം ചാര്‍ത്തുന്ന കാമാക്ഷിയമ്മന്റെ കൂറ്റന്‍ ഗോപുരത്തിന് സ്വര്‍ണ നിറമാണുള്ളത്. കവാടം പിന്നിടുമ്പോള്‍ ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടം. നൂറും ആയിരവുമൊന്നുമല്ല പതിനായിങ്ങളാണ് അമ്മയെ പാര്‍ക്കാന്‍ തിരക്കുകൂട്ടത്. ഓണ്‍ലൈനിലൂടെ അറിഞ്ഞ ക്ഷേത്ര പൂജാരി ശങ്കര്‍ ആനന്ദിനെ പരിചയം ഇല്ലായിരുന്നെങ്കില്‍ ജനസഹസ്രങ്ങള്‍ക്കിടയില്‍ നിന്ന് കാമാക്ഷിയമ്മനെ ഒരു ലോംഗ് ഷോട്ടായി കണ്ട് തൃപ്തിപ്പെടേണ്ടി വരുമായിരുന്നു. അഞ്ചേക്കറാണ് ക്ഷേത്രത്തിന്റെ വിസ്തൃതി. നാലുവശത്തും കൂറ്റന്‍ കവാടങ്ങള്‍. കരിങ്കല്ലില്‍ നിര്‍മ്മിച്ച നൂറ് കാലുകളുള്ള ഇടനാഴി കാണേണ്ടത് തന്നെയാണ്. ക്ഷേത്ര വളപ്പില്‍ വെട്ടിതിളങ്ങുന്ന വിശാലമായ കുളം.
പടിക്കെട്ടുകള്‍ കയറി ചെല്ലുമ്പോള്‍ സ്വര്‍ണ്ണം പൂശിയ ശ്രീകോവിലില്‍ അമ്മയെ കാണാം. ഇത് 24 തൂണുകളുള്ള ഗായത്രി മണ്ഡപമാണ് . ഇവിടെ ഇരിക്കുന്ന രൂപത്തിലാണ് അമ്മയുള്ളത്. ബ്രഹമാ,വിഷ്ണു, രുദ്ര ഈശ്വര, സദാശിവ സമേതയായാണ് ദേവി ഇരിക്കുന്നത്. പത്മാസനത്തില്‍ ഇരിക്കുന്ന പാര്‍വതി ദേവിയാണ് കാമാക്ഷിയമ്മന്‍. മൂകാംബികയിലേത് പോലെ ഇവിടെയും ശങ്കരാചാര്യര്‍ സ്വാമികള്‍ പ്രതിഷ്ഠിച്ച ശ്രീചക്രം കാണാം. ക്ഷേത്രത്തില്‍ ദേവിക്ക് ഏറ്റവും പ്രധാനം അഭിഷേകമാണ്. സ്വാമി ശങ്കര്‍ ആനന്ദ് തന്നെ അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നു. കാണേണ്ട കാഴ്ചയാണ് അഭിഷേകം. ദേവിയെ ചന്ദനവും കുങ്കുമവും ഭസ്മയും മഞ്ഞളും ചേര്‍ത്ത് അഭിഷേകം നടത്തും. അഭിഷേകം കണ്ടു തൊഴുതാല്‍ ഒരു ജന്മം സഫലമായെന്നാണ് ജനാര്‍ദ്ദന അയ്യര്‍ സ്വാമി (ശബരി പോറ്റി) പറഞ്ഞത്.
ശക്തിയെ ആരാധിക്കുന്ന മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഇന്ത്യയിലുള്ളത്. കാമാക്ഷിയെ ആരാധിക്കുന്ന കാഞ്ചീപുരം, മീനാക്ഷിയുടെ സവിധമായ മധുര, വിശാലാക്ഷിയുടെ അധിവാസ കേന്ദ്രമായ കാശി. കണ്ണുകളില്‍ സരസ്വതിയും പാര്‍വതിയും കൂടി കൊള്ളുന്ന പരാശക്തിയാണ് കാമാക്ഷിയമ്മന്‍.പതിനാലാം നൂറ്റാണ്ടില്‍ ചോള രാജാക്കന്‍മാരാണ് ക്ഷേത്രം നിര്‍മ്മിച്ചത്. അഞ്ചേക്കറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉഗ്രസ്വരൂപിണിയായ ദേവിയായ കാമാക്ഷിയെ മുന്നില്‍ ശ്രീചക്രം സ്ഥാപിച്ച് ശങ്കരാചാര്യര്‍ ശാന്ത സ്വരൂപിണിയാക്കിയെന്നാണ് ഐതിഹ്യം. ശ്രീ ചക്രത്തിലാണ് അര്‍ച്ചനകള്‍ നടത്തുന്നത്. ആദിശങ്കരന്റെ കാലത്ത് ജനങ്ങളെ ഭയപ്പെടുത്തി ദേവി ഉഗ്ര സ്വരൂപിണിയായ മഹാകാളിയായി നടന്നു വെന്നും ജനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ദേവി ശാന്തിസ്വരൂപിണിയായി ക്ഷേത്രത്തില്‍ തന്നെ അധിവസിക്കാന്‍ തുടങ്ങിയെന്നും ഐതിഹ്യമുണ്ട്. എന്നാല്‍ ഉത്സവ സമയത്ത് ക്ഷേത്രക്കെട്ടിലുള്ള ശങ്കരാചാര്യരില്‍ നിന്നും തത്കാലം മാറി പഴയ ഉഗ്രരൂപിണിയുടെ ഉത്സവ ബിംബം കാഞ്ചീപുരം ചുറ്റാറുണ്ട്. ദേവിയെ സര്‍വാഭരണ വിഭൂഷിതയായി ഒരുക്കുന്ന കാഴ്ച ചേതോഹരമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഇവിടെ ഉത്സവം.ഉത്സവത്തിന്റെ ഏഴാം നാള്‍ ദേവിയെ വെള്ളിരഥത്തില്‍ എഴുന്നള്ളിക്കും. വെള്ളിയാഴ്ച്ചകളില്‍ ദേവിയെ സ്വര്‍ണരഥത്തിലും എഴുന്നള്ളിക്കാറുണ്ട്. കാഞ്ചീപുരത്തെ മതപരമായ എല്ലാ ആചാരങ്ങളുടെയും കേന്ദ്രസ്ഥാനമാണ് കാമാക്ഷിയമ്മന്‍ ക്ഷേത്രം.
ശങ്കരാചാര്യര്‍ സ്ഥാപിച്ച കാഞ്ചി കാമകോടി പീഠം കാഞ്ചീപുരത്താണ്. ശങ്കരാചാര്യര്‍ കാഞ്ചീപുരത്ത് സമാധിയായെന്ന് ഒരു ഐതിഹ്യമുണ്ട്. ഹിമാലയത്തിലെ കേദാര്‍ നാഥിലാണ് അദ്ദേഹം സമാധിയായതെന്നും വിശ്വസിക്കുന്നവരുണ്ട്.
കാല്‍വ പെരുമാള്‍ എന്ന് അറിയപ്പെടുന്ന മഹാവിഷ്ണുവിന്റെ ഒരാലയം അമ്പലത്തിനുള്ളിലുണ്ട്. ആദി വരാഹ പെരുമാള്‍ എന്നും ഈ സന്നിധി അറിയപ്പെടുന്നു.
വരദരാജ പെരുമാളിന്റെ പെരുമ
രാജ്യത്തെ ഏറവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രം. ദിവ്യ ദേശങ്ങള്‍ എന്ന് അറിയപ്പെടുന്ന 108 വിഷ്ണുക്ഷേത്രങ്ങളില്‍ ഒന്നാണ് 23 ഏക്കറിലുള്ള വരദരാജ പെരുമാള്‍ ക്ഷേത്ര സമുച്ചയം. ചോള ചേര പാണ്ഡ്യ വിജയ നഗര സാമ്രാജ്യങ്ങളുടെ ശിലാലിഖിതങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പല്ലവ രാജാവായ നന്ദിവര്‍മനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. അതേസമയം ചോളന്‍മാരുടെ കാലത്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നും പറയുന്നുണ്ട്.
അനിയന്ത്രിതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ആരെയും പരിചയമില്ലാത്തതിനാല്‍ ശരിക്കും വിഷമിച്ചു. പണം തന്നാല്‍ ദര്‍ശനം ഒരുതി തരാമെന്ന വാഗ്ദാനവുമായി പിന്നാലെ കൂടിയ ഗൈഡുകള്‍ക്കൊപ്പം പോകാന്‍ തോന്നിയില്ല. തിരക്കിനിടയില്‍ ഒരു ബിന്ദുവായി അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. കിഴക്ക് വശത്തെ വിശാലമായ ഗോപുരം കടന്ന് അകത്തേക്ക് കയറിയപ്പോള്‍ നൂറ് തൂണുകളുള്ള മണഡ്പം. ഇത് വിജയ നഗര ഭരണകൂടം ഒറ്റകല്ലില്‍ നിര്‍മ്മിച്ചതാണെന്നാണ് ചരിത്രം. ഓരോ കോണിലും ഒറ്റ കല്ലില്‍ കൊത്തിയെടുത്ത ചങ്ങലയും കാണാം. ഓരോ തൂണുകളിലും അതിമനോഹരമായ ശില്പങ്ങള്‍.
രസകരമായ ഐതിഹ്യമാണ് ക്ഷേത്രത്തിനുള്ളത്.ഒരിക്കല്‍ നാലു കൈകളോടു കൂടിയ മഹാവിഷ്ണുവിന്റെ ദര്‍ശനം ബ്രഹ്മാവ് ആഗ്രഹിച്ചു. ആദ്യം തീര്‍ത്ഥമായും പിന്നീട് കാടായും ഭഗവാന്‍ ദര്‍ശനം നല്‍കി. തൃപ്തനാകാത്ത മഹാവിഷ്ണു അപ്പോള്‍ ഒരു അശരീരി കേട്ടു. നൂറ് തവണ അശ്വമേധ യാഗം അനുഷ്ഠിക്കുകയാണെങ്കില്‍ ദര്‍ശനം നല്‍കാം. ബ്രഹ്മാവ് നിരാശനായി. നൂറ് തവണ അശ്വമേധം അനുഷ്ഠിക്കാനുള്ള ക്ഷമയും സമയവും തനിക്കില്ല. ഒടുവില്‍ നൂറ് ആശ്വമേധ യാഗങ്ങള്‍ക്ക് തുല്യമായി ഒരെണ്ണം നടത്താന്‍ മഹാവിഷ്ണു അരുളി ചെയ്തു. കാഞ്ചീപുരത്ത് ആശ്വമേധ യാഗം അനുഷ്ഠിച്ചാല്‍ അത് നൂറ് തവണ അനുഷ്ഠിക്കുന്നതിന്റെ ഫലം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നത് ഇതു കൊണ്ടാണ്.
യാഗം തുടങ്ങിയപ്പോള്‍ തന്നെ യാഗാഗ്‌നിയില്‍ നിന്നും താന്‍ ആഗ്രഹിച്ച വിധത്തില്‍ മഹാവിഷ്ണുവായ വരദരാജ പെരുമാള്‍ ബ്രഹ്മാവിന് ദര്‍ശനം നല്‍കിയെന്നാണ് വിശ്വാസം. മഹാവിഷ്ണുവിനെ വരദരാജനായി ബ്രഹ്മാവ് പ്രാര്‍ത്ഥിച്ചത് കൊണ്ടാണ് ഇവിടം കാഞ്ചി എന്ന് അറിയപ്പെട്ടതെന്നും ഒരു ഐതിഹ്യമുണ്ട്. നില്‍ക്കുന്ന രൂപത്തിലാണ് ഭഗവാന്‍ വരദരാജ പെരുമാളിന്റെ കുറ്റന്‍ വിഗ്രഹം ഇവിടെ സ്ഥിതി ചെയ്യുന്നത്. നിലത്ത് നില്‍ക്കുകയാണ് ഭഗവാന്‍. നാലു കൈകളില്‍ ചക്രവും ശംഖും ഗദയും താമരയുമുണ്ട്. ദര്‍ശനത്തില്‍ കണ്ടത് പോലെ. ശ്രീ രാമാനുജനുമായി ക്ഷേത്രത്തിന് ബന്ധമുണ്ട്. അദ്ദേഹം ഇവിടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇക്കാലത്താണ് ക്ഷേത്രം പെരുമയിലേക്ക് കുതിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
വരദരാജപെരുമാള്‍ ശ്രീകോവിലിന് സമീപം മേല്‍ക്കൂരയില്‍ പല്ലിയുടെ ഒരു വലിയ രൂപം ഉണ്ട്. സ്വര്‍ണരൂപത്തിലുള്ള ഗൗളിയെ തൊട്ടുവണങ്ങിയാല്‍ പാപങ്ങള്‍ അവസാനിക്കുമെന്നും രോഗങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്നും വിശ്വസിക്കുന്നു. കോണി കയറി വേണം ഗൗളിയെ തൊടാന്‍. ഭഗവത് ദര്‍ശനത്തിനെന്ന പോലെ ഇവിടെയും തിരക്ക് അധികമാണ്.
2019 ലെ മഹാത്ഭുതം
2019 ജൂലൈയില്‍ കാഞ്ചീപുരത്തെത്തിയാല്‍ കാണാവുന്ന മഹാത്ഭുതമാണ് അത്തിവരദ ദര്‍ശനം. 1979 ലാണ് അത്തി വരദ സന്നിധി ഭക്തജനങള്‍ക്കായി ഒടുവില്‍ തുറന്നത്. 2019 ലെ കൃത്യമായ തിയതി തമിഴ് പുതുവത്സരത്തിന് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. 40 വര്‍ഷത്തിലൊരിക്കലാണ് അത്തി വരദ സന്നിധി തുറക്കുന്നത്. അത്തി മരത്തിലാണ് ഭഗവാന്റെ വിഗ്രഹം കൊത്തിയിരിക്കുന്നത്. കിടക്കുന്ന രൂപത്തിലാണത്രേ ഭഗവന്‍. മുസ്ലീം ആക്രമണത്തെ തുടര്‍ന്നാണ് അത്തി വരദ മൂര്‍ത്തിയെ അനന്ത സരോവരം എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ ഭദ്രമായി മുക്കിയതെന്നാണ് ഐതിഹ്യം . ഇപ്പോഴും ചുമലോളം വെള്ളത്തിലാണ് ക്ഷേത്രമുള്ളത്. ഗോപുരം മാത്രം കുളക്കരയില്‍ നിന്നാല്‍ കാണാം. രഹസ്യം സൂക്ഷിക്കുന്നതിനായി ഒരു കുടുംബത്തിനൊഴികെ മറ്റാര്‍ക്കും എവിടെയാണ് മൂര്‍ത്തിയെ ഒളിപ്പിച്ചതെന്ന് അറിയുമായിരുന്നില്ല. കുടുംബാംഗങ്ങള്‍ മരിച്ചതോടെ വിവരം അജ്ഞാതമായി തുടര്‍ന്നു . നാല്‍പത് വര്‍ഷത്തോളം ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടായിരുന്നില്ല. ഗര്‍ഭഗ്യഹത്തില്‍ വിഗ്രഹമില്ലാത്തതായിരുന്നു കാരണം. അത്തിവരദ മൂര്‍ത്തിയെ ലഭിക്കാതായതോടെ പകരം വിഗ്രഹം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് ചരിത്രം. അതാണ് ഇന്നത്തെ വരദരാജ പെരുമാള്‍. 1709ല്‍ അനന്ത സരോവരം വറ്റിച്ചു. അപ്പോള്‍ രഹസ്യ അറയില്‍ അത്തിവരദ മൂര്‍ത്തിയെ കണ്ടെത്തി. അങ്ങനെ 40 വര്‍ഷത്തില്‍ ഒരിക്കല്‍ വിഗ്രഹം പുറത്തെടുത്ത് 48 ദിവസം ഭക്തജനങ്ങള്‍ക്കി ദര്‍ശനം നല്‍കാമെന്ന് അധികൃതര്‍ തീരുമാനിച്ചു. 2019 ജൂലൈയിലാണ് അപൂര്‍വ അവസരം കൈവരുന്നത്. തിയതി തീരുമാനിച്ച് കഴിഞ്ഞാല്‍ അത്യത്ഭുതകരമായ തിരക്കായിരിക്കും കാഞ്ചീപുരത്ത് അനുഭവപ്പെടുകയെന്ന് 1979 ല്‍ ഉണ്ടായിരുന്നവര്‍ പറയുന്നു.
ഏകാംബരേശ്വര്‍
കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ശിവന്‍ മുഖ്യ പ്രതിഷ്ഠയായ ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഇവിടെത്തെ ശിവലിംഗം. ഇത് അതി വിശിഷ്ടമാണ് എന്നാണ് വിശ്വാസം . ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത് . ആയിരംകാല്‍ മണ്ഡപമാണ് ഇവിടെത്തെ ഏറ്റവും വലിയ ആകര്‍ഷണം. വിവാഹങ്ങള്‍ ഏറെ നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.
ഏകാംബരേശ്വരനും ഒരു ഐതിഹ്യമുണ്ട്
അമ്പലത്തിനുള്ളിലെ മാവിന്‍ ചുവട്ടിലിരുന്ന് തപസ് അനുഷ്ഠിക്കുകയായിരുന്ന പാര്‍വതിയുടെ ഭക്തി പരിശോധിക്കാന്‍ ശിവന്‍ അഗ്‌നിയെ നിയോഗിച്ചു. ദേവി വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിച്ച് അഗിനിയെ പ്രതിരോധിച്ചു. അപ്പോള്‍ ശിവന്‍ ഗംഗയെ അയച്ചു. ഗംഗയാകട്ടെ പാര്‍വതിയോടുള്ള ഭക്തിയില്‍ തപസിന് വില്‌നമുണ്ടാക്കാതെ ഒഴുകി. പാര്‍വതിക്ക് തന്നോടുള്ള ഭക്തി മനസിലാക്കിയ ശിവന്‍ അപ്പോള്‍ ദേവിക്ക് മുന്നില്‍ പ്രതൃക്ഷനായി. മാവിന്‍ ചുവട്ടില്‍ പ്രതൃക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. ഇത് സംബന്ധിച്ച് മറ്റൊരു ഐതിഹ്യവുമുണ്ട്.
ഭൂലോക സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന ശിവന്റെ കണ്ണുകള്‍ പാര്‍വതി ദേവി തന്റെ കൈകള്‍ കൊണ്ട് മൂടി. തന്റെ കര്‍മ്മത്തില്‍ ഭംഗമുണ്ടായത് കണ്ട് ക്രുദ്ധനായ ശിവന്‍ പാര്‍വതിയെ ശിക്ഷയെന്നോണം ഭൂമിയിലേക്ക് പറഞ്ഞയച്ചു. കാഞ്ചീപുരത്തെ കമ്പ നദിക്കരയിലെത്തിയ പാര്‍വതി അവിടെയിരുന്ന് മണല്‍ത്തരികള്‍ കൊണ്ട് ശിവലിംഗമുണ്ടാക്കി പ്രാര്‍ത്ഥന തുടങ്ങി. തടസങ്ങളുണ്ടാക്കി നോക്കിയെങ്കിലും പാര്‍വതിയുടെ അചഞ്ചലമായ ഭക്തിയില്‍ വീണു പോയ ശിവന്‍ തന്റെ ജടയിലെ ഗംഗാപ്രവാഹം കൊണ്ട് പാര്‍പതിയുടെ ശിവലിംഗത്തെ അനുഗ്രഹിച്ചു.
ക്ഷേതത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണുള്ളത്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളായി വിശ്വസിക്കപ്പെടുന്നു.
മാവിലെ ഓരോ ശിഖരത്തിലുമുള്ള മാങ്ങക്ക് വെവ്വേറെ രുചിയാണുള്ളത്. കുട്ടികളില്ലാത്ത സ്ത്രീകള്‍ ഇവിടെത്തെ മാങ്ങ രുചിച്ചില്‍ കുഞ്ഞുങ്ങളാല്‍ അനുഗ്രഹികപ്പെടുമെന്നാണ് ഐതിഹ്യം. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. ഇവിടെയുള്ള നിലതുണ്ട പെരുമാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ത്വക്കിനും വയറിനുമുണ്ടാകുന്ന രോഗങ്ങള്‍ക്കും ശരീരത്തിലുള്ള അമിതമായ ചൂടിനും ശമനമുണ്ടാകുമെന്നാണ് വിശ്വാസം.
കാഞ്ചീപുരത്തെ പെരുമാള്‍മാര്‍
നിരവധി പെരുമാള്‍ ക്ഷേത്രങ്ങള്‍ കാഞ്ചീപുരത്ത് കാണാം. ഉലഹലന്ത പെരുമാള്‍ ക്ഷേത്രമാണ് ഇതില്‍ ഒന്ന്. 35 അടി പൊക്കവും 24 അടി വീതിയുമുള്ള വലിയ രൂപമാണ് വാമനരൂപത്തില്‍ ആരാധിക്കുന്ന ഉലഹലന്ത പെരുമാളിന്റേത്. കൈലാസനാഥര്‍ ക്ഷേത്രത്തില്‍ സങ്കല്പിക്കുന്നത് ശിവനെയാണ്. പല്ലവ വാസ്തുവിദ്യയുടെ നേര്‍രൂപം ഇവിടെ ദര്‍ശിക്കാം. കച്ചബേശ്വര്‍ ക്ഷേത്രത്തിലുള്ള ശിവ സങ്കല്പം ആമയുടെ രൂപത്തിലാണ്. മഹാവിഷ്ണു ശിവനെ ആമയുടെ രൂപത്തില്‍ പ്രാര്‍ത്ഥിച്ചു എന്നാണ് വിശ്വാസം. ഒരിക്കല്‍ യമദേവന്‍ തനിക്ക് മനുഷ്യന്റെ നല്ലതും ചീത്തയുമായ പ്രവര്‍ത്തികള്‍ കണ്ടെത്തുന്നതിനായി മിടുക്കനായ ഒരു മന്ത്രിയെ തരണമെന്ന് ശിവനോട് പ്രാര്‍ത്ഥിച്ചു. ശിവന്റെ ആവശ്യപകാരം ബ്രഹ്മാവാണ് ചിത്രഗുപ്തനെ സൃഷ്ടിച്ച് യമദേവന് നല്‍കിയത്. കാഞ്ചീപുരത്തുള്ള ചിത്രഗുപ്ത സ്വാമി ക്ഷേത്രം ചിത്രഗുപ്തനെ സങ്കല്‍പ്പിക്കുന്നു. പാണ്ഡവദൂത പെരുമാള്‍, വൈകുണംപെരുമാള്‍ അഷ്ടബുജ പെരുമാള്‍ , മുക്തിശ്വരര്‍,യാതോക്ത്തകാരി പെരുമാള്‍, അഴകിയ സിംഗ പെരുമാള്‍,വിളക്കോടി പെരുമാള്‍ പവിഴവണ്ണാര്‍ പെരുമാള്‍,കുമാര കൂട്ടം സുബ്രഹ്മണ്യ സ്വാമി തുടങ്ങി അനേകം പ്രാചീന ക്ഷേത്രങ്ങള്‍ വേറെയുമുണ്ട് കാഞ്ചീപുരത്ത്.
എ ഡി അഞ്ചാം നൂറ്റാണ്ട് വരെ ചോള രാജാക്കന്‍മാരുടെ അധീനതയിലായിരുന്ന കാഞ്ചീപുരം. ഇവിടെ ക്ഷേത്രങ്ങളും മറ്റും നിര്‍മ്മിച്ച് പ്രധാന പട്ടണമാക്കി മാറ്റിയത് പല്ലവരാണ്. 700 മുതല്‍ 729 വരെ ഭരണാധികാരിയായിരുന്ന പല്ലവ രാജാവ് രാജസിംഹ വര്‍മ്മന്‍ രണ്ടാമനാണ് പ്രധാന ക്ഷേത്രങ്ങളില്‍ പലതും പണി കഴിപ്പിച്ചത്. കാഞ്ചീപുരത്തെ ക്ഷേത്രങ്ങള്‍ കണ്ടു തീര്‍ക്കാന്‍ മൂന്നു ദിവസമെങ്കിലും വേണം. ചെന്നൈ നഗരത്തില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് കാഞ്ചിപുരം.
പാട്ടും പ്രാര്‍ത്ഥനയും പ്രകൃതിയും ചേര്‍ന്ന് ഒരു മനോഹര അനുഭവമാകുന്നു കാഞ്ചീപുരം. ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിക്കാതിരുന്നാല്‍ തീര്‍ച്ചയായും അതൊരു നഷ്ടം തന്നെയായിരിക്കും. ശബരി പോറ്റിക്ക് നന്ദി ...