ധാര്‍മ്മിക മൂല്യങ്ങള്‍ പകരുന്ന ദേവസന്ധ്യകള്‍

By എ.കെ.ബി. നായർ.17 07 2019

imran-azhar

 

കേരളീയരില്‍ ആത്മീയത വളര്‍ത്താനും ഭക്തിസാന്ദ്രമാക്കുവാനും തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വളരെയധികം സഹായിച്ചിട്ടുണ്ട്. മാത്രമല്ല, കുടുംബജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ആചാര്യമര്യാദകള്‍ അദ്ധ്യാത്മരാമായണകാവ്യപാരായണത്തിലൂടെയാണ് മലയാളികള്‍ മനസിലാക്കിയത്. ധാര്‍മ്മികജീവിതം നയിക്കാന്‍ ഓരോ പുരുഷനും സ്ര്തീയും ശ്രീരാമനേയും സീതാദേവിയേയുമാണ് മാതൃകയാക്കേണ്ടതെന്ന ബോധം ജനമനസില്‍ അരക്കിട്ടുറപ്പിക്കാന്‍ വര്‍ഷം തോറും കര്‍ക്കടകമാസത്തില്‍ നടത്തുന്ന രാമായണപാരായണത്തിന് സാധിച്ചിട്ടുണ്ട്.മനുഷ്യന്റെ ഒരു വര്‍ഷം ദേവന്മാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസമാണ്. അവരുടെ പകല്‍ ഉത്തരായണകാലവും രാത്രി ദക്ഷിണായനകാലവുമാണ്. അവരുടെ രാത്രിയും പകലും മനുഷ്യലോകത്ത് സന്ധിക്കുന്നത് കര്‍ക്കടകമാസത്തിലാണ്. അതു കൊണ്ടാണ് ദേവസന്ധ്യ എന്ന നിലയില്‍ കര്‍ക്കടകമാസം തന്നെ രാമായണപാരായണം നടത്താന്‍ കേരളീയര്‍ തിരഞ്ഞെടുത്തത്.എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം മലയാളികള്‍ പാരായണത്തിന് തിരഞ്ഞെടുക്കാന്‍ കാരണം പരമശിവന്‍ പാര്‍വ്വതിക്ക് നേരിട്ടുപദേശിച്ചതുകൊണ്ടാണ്. മാത്രമല്ല ശിവന്‍ എപ്പോഴും ജപിക്കുന്നത് രാമ മന്ത്രമാണ്. ശ്രീരാമന്റെ പ്രിയശിഷ്യനായ ഹനുമാന്‍ ശിവാവതാരമാണെന്ന വസ്തുതയും കാരണമായിരിക്കാം.


അദ്വൈതമഹാദര്‍ശനം ദക്ഷിണാമൂര്‍ത്തിയായ പരമശിവനില്‍ നിന്ന് ലഭ്യമായതാണെന്ന് ശങ്കരവിരചിതമായ ദക്ഷിണാമൂര്‍ത്തീ സേ്താത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍വ്വജ്ഞനായ പരമശിവന്റെ മുഖത്ത് നിന്ന് പ്രവഹിച്ച ശ്രീരാമമാഹാത്മ്യം മലയാളിയുടെ മനസിലേയ്ക്ക് തുഞ്ചത്താചാര്യന്‍ ബോധപൂര്‍വ്വമാണ് രാമായണം കിളിപ്പാട്ടിലൂടെ സന്നിവേശിപ്പിച്ചത്.രാമായണപാരായണത്തിന് ഏത് സമയവും അനുയോജ്യമാണ്.'രാമനാമത്തെ സദാകാലവും ജപിച്ചീടും
കാമനാശനന്‍ ഉമാ വല്ലഭന്‍ മഹേശ്വരന്‍’
എന്ന ബാലകാണ്ഡത്തിലെ വരികള്‍ അതാണ് സൂചിപ്പിക്കുന്നത്. രാമായണപാരായണത്തിന് ആധുനിക ഇലക്രേ്ടാണിക് ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. അദ്ധ്യാത്മരാമായണഗ്രന്ഥം തന്നെ ഭക്തിയോടെ വന്ദിച്ചു വേണം പാരായണം ചെയ്യുവാന്‍. നിലവിളക്ക് കൊളുത്തി വച്ച് ദീപത്തിന് മുന്നിലിരുന്ന് വേണം രാമായണപാരായണം. പാരായണത്തിന് മുമ്പ് വന്ദനശ്ലോകങ്ങൾ ചൊല്ലണം. അതു പോലെ വായിച്ചുകഴിഞ്ഞാല്‍ ഏകശ്ലോകി രാമായണവും ചൊല്ലേണ്ടതാണ്. ഉച്ചവരെ പാരായണം ചെയ്യേണ്ടത് കിഴക്കോട്ട് ലക്ഷ്യമാക്കിയിട്ടാണ്. ഉച്ചയ്ക്ക് ശേഷം വടക്കോട്ട് നോക്കി വേണം പാരായണം. ഓരോ ദിവസത്തെയും പാരായണം അവസാനിപ്പിക്കേണ്ടത് ഗ്രന്ഥത്തിന്റെ വലത്തേ പേജിലാണ്. കര്‍ക്കടകമാസത്തിലെ അനുഷ്ഠാനപരമായ പാരായണത്തില്‍ ഉത്തരരാമായണം വായിക്കുന്നത് പൂര്‍വ്വികര്‍ വിലക്കിയിട്ടുണ്ട്. യുദ്ധകാണ്ഡത്തിലെ ഫലശ്രുതിയോടെ അദ്ധ്യാത്മരാമായണകാവ്യം പൂര്‍ണ്ണമായി. കാരണം പരമശിവന്‍ യുദ്ധകാണ്ഡത്തോടു കൂടിയാണ് രാമായണകഥ അവസാനിപ്പിച്ചത്. ഉത്തരരാമായണം യുദ്ധ കാണ്ഡത്തിന്റെ തുടര്‍ച്ചയല്ല. ആ ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതാകാമെന്നാണ് പണ്ഡിത മതം.

 

കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് രാമായണം പാരായണം ചെയ്യുന്നതാണ് ഉത്തമം. ധാര്‍മ്മിക മൂല്യങ്ങള്‍ എന്താണെന്ന് രാമായണത്തിലൂടെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ യുവതലമുറ നിര്‍ബ്ബന്ധമായും രാമായണം പാരായണം ചെയ്യേണ്ടതാണ്.

OTHER SECTIONS