നാളെ തൃക്കാര്‍ത്തിക (10/12/2019)

By online desk.09 12 2019

imran-azharവൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഈ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തര്‍ വിളക്കുകള്‍ തെളിയിക്കുന്നത്. മനസ്സിലേയും വീട്ടിലേയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തില്‍ വിളക്കുകള്‍ കത്തിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. വീട്ടില്‍ ദീപം തെളിയിച്ചാല്‍ എല്ലാ ദുര്‍ബാധകളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.

 

അഗ്‌നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസത്തെ പ്രാര്‍ത്ഥനയില്‍ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു.

 

മത്സ്യമാംസാദികള്‍ വര്‍ജിച്ച് വൃതമെടുത്താണ് ഭക്തര്‍ തൃക്കാര്‍ത്തിക ദിനത്തില്‍ വിളക്കുകള്‍ കത്തിക്കുന്നത്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. തമിഴ്‌നാട്ടിലാണ് കാര്‍ത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തിലും തൃക്കാര്‍ത്തിക ആചരിച്ചു വരുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാര്‍ത്തിക ദിനത്തില്‍ തന്നെയാണ് .

 

ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാര്‍ത്തിക നക്ഷത്രത്തില്‍ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും വിശ്വാസമുള്ളതിനാല്‍ , തുളസീ , സുബ്രഹ്മണ്യന്‍ , വിഷ്ണു എന്നിവരെയും ഈ അവസരത്തില്‍ പ്രീതിപ്പെടുത്തുന്നത് നന്നായിരിക്കും. തൃക്കാര്‍ത്തിക ദീപം തെളിയിക്കുന്ന വീടുകളില്‍ മഹാലക്ഷി വസിക്കും എന്നും ഐതിഹ്യം പറയുന്നു.

 

OTHER SECTIONS