ആദിപരാശക്തിയായ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ

By online desk .18 10 2020

imran-azhar

 

കേരളത്തിൽ ആദിപരാശക്തിയായ "ഭദ്രകാളിയെ (മഹാകാളി) ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ എന്നു പറയപ്പെടുന്നു. ഇതിന് വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കപ്പെട്ടതായി അറിയുവാൻ കഴിയുന്നു.

 

കേരളത്തിൽ ഇന്ന് കാണുന്ന പല ഭഗവതീ ക്ഷേത്രങ്ങളും കുറുംബക്കാവുകളും ഇവിടുന്നു ആവാഹിച്ചു കൊണ്ട് പോയി പ്രതിഷ്ഠിച്ചതാന്നാണ് പറയപ്പെടുന്നു.പരശുരാമൻ പ്രതിഷ്ഠിച്ച നാല് ദേവിമാരിൽ "ലോകാംബികയെന്നാണ്" കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്.കാളിയുടെ ഏറ്റവും ഉഗ്രഭാവമായ "രുധിര മഹാകാളി" ആണ് പടിഞ്ഞാറേ നടയിലെ "രഹസ്യ അറയിലെ" പ്രതിഷ്ഠ. ഇത് സംഹാരമൂർത്തിയാണ്. അതിനാൽ ഭക്തർക്ക് ദർശനം അനുവദിച്ചിട്ടില്ല. നല്ല കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഇച്ഛാശക്തിയുടെ പ്രതീകമാണ് ആദിശക്തിയുടെ ഈ ഭാവം എന്നാണ് സങ്കൽപ്പം.

 


നവരാത്രി- വിദ്യാരംഭ നാളിൽ വിദ്യാദേവിയായ "സരസ്വതിയായും" താലപ്പൊലി ദിവസം ഐശ്വര്യദായിനിയായ "മഹാലക്ഷ്മി" ആയും, വൃശ്ചിക തൃക്കാർത്തിക നാളിൽ ദുർഗതിനാശിനിയായ "ദുർഗ്ഗയായും" ദേവിയെ സങ്കൽപ്പിക്കുന്നു.കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും പരമശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്തോത്രത്തിൽ പറയുന്നു.

 

 


പരമാത്മാവായ ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെയില്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.
ഇവിടെ ദർശനം നടത്തിയാൽ രോഗങ്ങളും കടുത്ത ദുരിതങ്ങളും ദാമ്പത്യകലഹങ്ങളും ഇല്ലാതാവും എന്നൊരു വിശ്വാസം ഭക്തർക്കുണ്ട്.

 


"ഭക്തിയുടെ രൗദ്രഭാവം" എന്ന് വിശേഷിക്കപ്പെടുന്ന കൊടുങ്ങല്ലൂർ ഭരണിയും, താലപ്പൊലി മഹോത്സവുമാണ് പ്രധാന ആഘോഷങ്ങൾ.ശൈവപുരാണങ്ങൾ പ്രകാരം രക്തബീജനെ വധിക്കാൻ പാർവ്വതി എടുത്ത രൗദ്രഭാവം ആണ് മഹാകാളി (കാളരാത്രി). കാളികാപുരാണത്തിൽ കാളി പരമദൈവമായ, സർവ രക്ഷകയായ, മോക്ഷദായകിയായ സാക്ഷാൽ ജഗദീശ്വരി തന്നെ ആകുന്നു.
"ഭദ്രോൽപ്പത്തി പ്രകരണത്തിൽ" ശിവപുത്രി എന്നൊരു ഭദ്രകാളി സങ്കല്പം ഉണ്ട്. ഈ കാളി ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും അവതരിച്ചവൾ ആണ്. ദാരികനെ വധിക്കാൻളവേണ്ടിയാണ് ഈ അവതാരം.

 


വേതാളാരൂഢയാണ് ഭഗവതി. ഇതാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവെ ആരാധിക്കപ്പെടുന്ന ഭദ്രകാളി. ഇത് സപ്തമാതാക്കളിൽ പെടുന്ന ഭഗവതിയാണ്.ദേവീമാഹാത്മ്യപ്രകാരം പരാശക്തിയായ മഹാലക്ഷ്മിയിൽ നിന്നാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. സാത്വിക ഭാവത്തിൽ ആണ്‌ അവതാരം. ഭാഗവതത്തിൽ മധുകൈടഭവധത്തിന് മഹാവിഷ്ണുവിനെ സഹായിക്കാൻ വേണ്ടിയും മഹാകാളി അവതരിക്കുന്നുണ്ട്.

 


ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ദുർഗ്ഗാ ഭഗവതിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡി". ഇതേ കാളി രക്തബീജനെയും വധിക്കയാൽ രക്തചാമുണ്ഡി എന്നും പേര് വന്നു.


ഇഷ്ടവഴിപാടുകൾ

കടുംപായസം, രക്തപുഷ്പ്പാഞ്ജലി, കോഴിയെ നടക്ക് വെക്കൽ, മഞ്ഞൾ കുരുമുളക് ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, തവിട് അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുതിപൂജ, പൊങ്കാല എന്നിവയൊക്കെ ഈ ഭഗവതിയുടെ ഇഷ്ട വഴിപാടുകളാണ്.


കാളി സ്തുതികൾ
1.
സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ
2.
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ
3.
ഓം ജയന്തി മംഗളാ കാളീ
ഭദ്രകാളീ കപാലിനീ
ദുർഗ്ഗാ ക്ഷമാ ശിവാ
ധാത്രീ സ്വാഹ സ്വധാ
നമോസ്തുതേ നമോസ്തുതേ.
ജയത്വം ദേവിചാമുണ്ഡേ
ജയഭൂതാർത്തി ഹാരിണി
ജയ സർവ്വഗതേ ദേവി
കാളരാത്രി നമോസ്തുതേ.

OTHER SECTIONS