കൊട്ടിയൂര്‍ വൈശാഖ മഹോത്സവം

By Akhila Vipin .02 06 2020

imran-azhar

 

പരശുരാമകല്പിതമായ യാഗം മുടങ്ങിയതിനു ശേഷം വളരെക്കാലം ഈ യാഗഭൂമി വനഭൂമിയായിക്കിടന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം കാനനവാസിയായ ഒരു കുറിച്യൻനായാട്ടിനായി ഈ വനമേഖലയിൽ എത്തുകയും, തന്റെ അമ്പ് മൂർച്ച കൂട്ടാനായി അടുത്തു കണ്ട ഒരു കല്ലിൽ ശക്തമായി ഉരയ്ക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ കല്ലിൽ നിന്നും ധാരധാരയായി രക്തം ഒഴുകാൻ തുടങ്ങി ഭയചകിതനായ ആ കാനനവാസി ആരോടാണ് ഈ വിവരം പറയേണ്ടതെന്നറിയാതെ പരിഭ്രമിച്ച് ഓടാൻ തുടങ്ങി. പേടിച്ചരണ്ട ആ കുറിച്യയുവാവ് ചെന്നെത്തിയത് പടിഞ്ഞീറ്റ നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു.

 


കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പടിഞ്ഞീറ്റ നമ്പൂതിരി കുറിച്യനെ ,പത്തു കിലോമീറ്ററുകൾക്കപ്പുറത്തുള്ള മണത്തണ എന്ന ഗ്രാമത്തിലെ അഞ്ചുനായർ തറവാടുകളിൽഈ വിവരം അറിയിക്കാൻ വേണ്ടി പറഞ്ഞയച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ രാജാവിന്റെ കാര്യക്കാരായ ഈ അഞ്ചു തറവാടുകളിലെ കാരണവന്മാരും, പരിചാരകരോടൊത്ത് അവിടേക്ക് പുറപ്പെട്ടു.പോകുന്നതിന് മുൻപ് അവർ, രാജകൊട്ടാരത്തിലേക്ക് ഈ വിവരം അറിയിക്കാനുള്ള ഏർപ്പാടും ചെയ്തു.

 


പടിഞ്ഞീറ്റ നമ്പൂതിരിയും, അഞ്ചു കാരണവന്മാരും, മറ്റുള്ളവരും, കുറിച്യനോടൊപ്പം കാനനത്തിലെത്തിച്ചേർന്നു. ശിലയിൽ നിന്നും അപ്പോഴും രക്തം പ്രവഹിക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ പടിഞ്ഞീറ്റ നമ്പൂതിരി തൊട്ടടുത്ത് ഉള്ള നീർച്ചോലയിൽ നിന്നും, കൂവയിലയിൽ ജലം ശേഖരിച്ച് ,മന്ത്രോച്ചാരണത്തോടെ തന്നെ ശിലയിൽ അഭിഷേകം ചെയ്തു. പക്ഷേ, യാതൊരു ഫലവുമുണ്ടായില്ല. രക്തം നിലക്കുന്നില്ല. പിന്നീട് പാൽ, നെയ്യ് ഇവ കൊണ്ടായി അഭിഷേകം. രക്തപ്രവാഹത്തിന് എന്നിട്ടും മാറ്റമുണ്ടായില്ല. അതിനു ശേഷം ഇളനീരഭിഷേകം ചെയ്തു. ഇതും കൂടിയായപ്പോൾ രക്തപ്രവാഹം നിലച്ചു. എല്ലാവർക്കും ആശ്വാസമായി . വേഗം തന്നെ അദ്ദേഹം ശിലയിൽ കളഭമരച്ച് പുരട്ടുകയും ചെയ്തു.

 


വിദഗ്ദ്ധ ജ്യോതിഷികളെ വരുത്തി ദേവപ്രശ്നം നടത്തിയപ്പോൾ ഇത് ഒരു സാധാരണ ശിലയല്ലെന്നും, സ്വയംഭൂ ആണെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.അപ്പോഴാണ് പരമേശ്വരനും, സതീദേവിക്കും ഇവിടെ ശക്തമായ സാന്നിധ്യമുണ്ടെന്ന കാര്യവും മനസ്സിലായത യാഗവേളയിൽ സാന്നിധ്യമറിയിച്ച ത്രിമൂർത്തികളും, ഭൂതഗണങ്ങളും, സർവ്വ ദേവഗണങ്ങളും ഇപ്പോഴും ഇവിടെ സാന്നിദ്ധ്യമറിയിക്കുന്നുണ്ടെന്നും, യഥാവിധി പൂജാകർമ്മങ്ങൾ ആരംഭിക്കണമെന്നും പ്രശ്നവശാൽ കാണുകയുണ്ടായി. അതനുസരിച്ച് രാജനിർദ്ദേശത്തോടെ പടിഞ്ഞീറ്റ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ, അഞ്ചു വീട്ടിൽ കാരണവൻമാരും ചേർന്ന് യാഗോത്സവം (വൈശാഖോൽസവം ) പുനരാരംഭിക്കാനുള്ള തീരുമാനം ഉണ്ടാവുകയും ചെയ്തു.അന്ന് മുതലാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള വർഷം തോറുമുള്ള വൈശാഖോൽസവം ആരംഭിച്ചത്. ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം ജൂണ്‍ 3 നാളെ ആരംഭിക്കും.

 

 

 

OTHER SECTIONS