കർക്കിടക മാസം; പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണം

By Chithra.18 07 2019

imran-azhar

 

കർക്കിടകം എന്ന ഈ പുണ്യ മാസത്തിൽ മലയാളി ഏറ്റവുമധികം കേട്ടിട്ടുള്ള ഒന്നാകണം കർക്കിടകബലി. മരിച്ചു പോയ നമ്മുടെ പിതൃക്കളെ ഓർക്കാനായുള്ള ദിവസം. അവർക്ക് വേണ്ടി പൂജകളും ക്രിയകളും ചെയ്ത് അവരെ സന്തോഷിപ്പിക്കാനും പ്രീതിപ്പെടുത്താനുമുള്ള ദിവസം. ഈ മാസത്തിന്റെ തന്നെ പ്രത്യേകതയാണ് കർക്കിടകമാസത്തിൽ കറുത്ത വാവിന് ചെയ്യുന്ന കർക്കിടക വാവുബലി.

 

നമ്മുടെ പിതൃക്കളുടെ ആത്മശാന്തിക്കുകൂടി വേണ്ടിയാണ് പുണ്യതീർത്ഥങ്ങളിൽ ബലിയർപ്പിക്കുന്നത്. കർക്കിടക മാസത്തിലെ കറുത്ത വാവ് പിതൃക്കൾക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അതുകൊണ്ടാണ് ഈ ദിവസം തന്നെ ബലിയർപ്പിക്കപ്പെടുന്നതും.

 

സ്വന്തം മനസ്സിൽ നിന്ന് സ്വന്തം ബോധത്തെയാണ് നാം ആവാഹിച്ച് ഈശ്വരനിൽ ലയിപ്പിക്കുന്നത്. അതിനാലാണ് നെഞ്ചിൽ ചേർത്ത് പിടിച്ച് നാം ബലി കർമം ചെയ്യുന്നത്. നമ്മുടെ ഉപബോധത്തെ പ്രപഞ്ചത്തോളം എത്തിക്കുന്ന പൂജയാണ് ഈ കർമം.

 

പിതൃ പരമ്പരയിലെ എല്ലാവരെയും കണക്കിലെടുത്തുകൊണ്ടാണ് നമ്മൾ ബലി ഇടുന്നത്. ഒരു കർക്കിടക ബലി തർപ്പണം എല്ലാ ജീവജാലങ്ങൾക്കും കൂടി വേണ്ടിയാണ് സമർപ്പിക്കപ്പെടുന്നത്. ഈ ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടൽ ഒരു വർഷം വരെ പിതൃക്കൾക്ക് അനുഭവിക്കപ്പെടും എന്നാണ് വിശ്വാസം.

 

ജൂലൈ 31നാണ് ഈ വർഷത്തെ കർക്കിടകവാവ്‌ വരുന്നത്.

OTHER SECTIONS