ഈ മന്ത്രം നിത്യവും ജപിക്കൂ, ഗണേശ ഭഗവാന്‍ തടസ്സമകറ്റും, സമ്പത്ത് നല്‍കും

കുടുംബമായി കഴിയുന്നവർക്ക് ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് മന്ത്ര ജപം.നിത്യജപത്തിന് അവർക്ക് പറ്റിയ ലളിതവും ഗാഢവുമായ ഒരു മന്ത്രമാണ് വെറും 8 വരികളുള്ള ശ്രീ ഗണേശനാമാഷ്ടകം.

author-image
Greeshma Rakesh
New Update
ഈ മന്ത്രം നിത്യവും ജപിക്കൂ, ഗണേശ ഭഗവാന്‍ തടസ്സമകറ്റും, സമ്പത്ത് നല്‍കും

ഓരോരുത്തർക്കും എത്ര തിരക്കുണ്ടെങ്കിലും ഈശ്വരോപാസന ഇല്ലെങ്കിൽ ജീവിതം കൂടുതൽ പ്രതിസന്ധി നിറഞ്ഞതാകും.മാത്രമല്ല ഒരു കാര്യവും ബുദ്ധിമുട്ടില്ലാതെ, ശരിയായി നടക്കുകയുമില്ല. അതിനാൽ എല്ലാവരും മനസ്സിന് പ്രിയം തോന്നുന്ന ഒരു ഇഷ്ടദേവതയെ കണ്ടെത്തി പ്രാർഥിക്കണം. നിത്യവും ഉപാസിക്കാൻ ആ ദേവതയുടെ ഒരു മന്ത്രം ജപിച്ചു ശീലിക്കണം.

കുടുംബജീവിതത്തില്‍ പെട്ടുഴലുന്നവരുടെ ചപല മനസ്സിനെ തെല്ലെങ്കിലും പിടിച്ചുനിര്‍ത്തി ഏകാഗ്രമാക്കാനും, അതിലൂടെ ശാന്തിയും സമാധാനവും കൈവരിക്കാനും ഉപാസന ഉപകരിക്കും. കുടുംബമായി കഴിയുന്നവർക്ക് ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് മന്ത്ര ജപം.നിത്യജപത്തിന് അവർക്ക് പറ്റിയ ലളിതവും ഗാഢവുമായ ഒരു മന്ത്രമാണ് വെറും 8 വരികളുള്ള ശ്രീ ഗണേശനാമാഷ്ടകം.

ഏതു കര്‍മ്മത്തിന്റെയും സഫലതയ്ക്ക് വിഘ്‌നേശ്വരനെ ആരാധിക്കണം. ഗണേശനെ ഇഷ്ടദേവതയായി ആരാധിക്കുന്നതില്‍ ആര്‍ക്കും ഒരു വൈമുഖ്യവും കാണില്ല.അഷ്ടാദശ പുരാണങ്ങളിലാണ് ഗണേശനാമാഷ്ടകം ഉപദേശിക്കപ്പെട്ടിരിക്കുന്നത്. സാക്ഷാൽ മഹാവിഷ്ണുവാണ് ഈ മന്ത്രോപദേശം നൽകിയത്. അതിന് ഇടയാക്കിയ ഒരു പുരാണകഥയുണ്ട്:

ഒരിക്കല്‍ പരശുരാമന്‍ ഗുരുനാഥനായ ശ്രീ പരമേശ്വരനെ വന്ദിക്കാൻ കൈലാസത്തിലെത്തി. വാതുക്കല്‍ മഹാഗണപതി കാവല്‍ നില്‍ക്കുകയാണ്. ഇപ്പോള്‍ അനവസരമാണ്. അകത്തു കടക്കുന്നത് ശരിയല്ല. എന്ന് ആഗതനെ വിനയപൂര്‍വ്വം ഗണപതി അറിയിച്ചു. പരശുരാമന്‍ ആ വാക്ക് കാര്യമാക്കിയില്ല. മുന്നോട്ടേക്ക് തന്നെ നടന്നു. ഗണപതി തടഞ്ഞു. നിര്‍ബ്ബന്ധമാണെങ്കില്‍, അകത്തുചെന്ന് അറിയിക്കാം:

കല്പനയുണ്ടെങ്കില്‍ കടത്തിവിടാം. എന്നു വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ശ്രീ മഹേശ്വരന്റെ പ്രിയശിഷ്യനാണു ഞാന്‍. എനിക്ക് അവസരം നോക്കേണ്ട ആവശ്യമില്ല. ശ്രീ പാര്‍വ്വതിക്ക് പോലുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് എന്റെ ഗുരുനാഥനോടുണ്ട് എന്ന് പരശുരാമന്‍ ശുണ്ഠി പിടിച്ച് പറഞ്ഞു. ഗണപതി എന്നിട്ടും വഴങ്ങിയില്ല: അതു നിങ്ങള്‍ തമ്മിലുള്ളകാര്യം, എന്തായാലും എന്റെ കര്‍ത്തവ്യം എന്റെ ഗുരുവിന്റെ ആജ്ഞ അക്ഷരം പ്രതി പാലിക്കുകയാണ്. അതു തെറ്റിക്കുക വയ്യ, എന്നു തീര്‍ത്തു പറഞ്ഞു.

വാഗ്വാദം മുത്തു. രണ്ടുപേരും തമ്മില്‍ പോരാട്ടമായി. കോപിഷ്ഠനായ ഭാര്‍ഗ്ഗവരാമനും ആജ്ഞ പാലിക്കുന്നതിൽ വ്യഗ്രനായ ഗണപതിയും തമ്മിലുള്ള സംഘട്ടനം അതിരൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചു. ലോകമാകെ ഇളകിമറിഞ്ഞു. ദേവകള്‍ അമ്പരന്നു, ഒടുവില്‍ പരശുരാമന്റെ പരശുവിനെ ബഹുമാനിച്ച് മഹാഗണപതി തന്റെ ഒരു കൊമ്പ് ആ ദിവ്യായുധത്തിന് ബലിയായി സമര്‍പ്പിച്ചു. വെളിയില്‍ നടന്ന കോലാഹലമറിഞ്ഞ് തന്റെ പുത്രന് സംഭവിച്ച മാനഹാനിയില്‍ ശ്രീപാർവതി കോപിഷ്ഠയായി. പരശുരാമനെ സംഹരിക്കുവാന്‍ തന്നെ ദേവി മുതിർന്നു.

ആപല്‍ക്കരമായ ഈ സന്ദർഭത്തിൽ ദുരന്തം ഒഴിവാക്കുന്നതിന് വേണ്ടി മഹാവിഷ്ണു പെട്ടെന്ന് ഒരു ബ്രാഹ്മണകുമാരന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അതിഥിയായ ബ്രഹ്മചാരിയെ മഹേശ്വരന്‍ യഥാവിധി സല്‍കരിച്ചു. ഗണപതിയുടെ നേരെ പരശുവുമായി നില്‍കുന്ന പരശുരാമനെ ശ്രീ പാര്‍വ്വതിയുടേയും ഗണപതിയുടെയും മഹിമ വിഷ്ണു വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. മാത്രമല്ല പെട്ടെന്ന് കോപിച്ച് പ്രവര്‍ത്തിച്ചുപോയ തെറ്റിൽ പശ്ചാത്തപിച്ച് അവരെ ആരാധിച്ച് പ്രസാദിപ്പിക്കാന്‍ ഉപദേശിച്ച് മറയുകയും ചെയ്തു. ബ്രാഹ്മണബാലനായി വന്ന വിഷ്ണു മഹാഗണപതിയുടെ മഹത്വത്തെ പ്രകീര്‍ത്തിച്ച് ചൊല്ലിയതാണ് ഗണേശനാമാഷ്ടകം. ഇത്ദേവിയെ സാന്ത്വനിപ്പിക്കുക മാത്രമല്ല, സന്തോഷിപ്പിക്കുകയും ചെയ്തു.

മഹാമന്ത്രം ഇതാണ്:

1. ഗണേശായ നമഃ

‘ഗ’ ജ്ഞാനാര്‍ത്ഥത്തെയും ‘ണ’ മോക്ഷത്തേയും വചിക്കുന്നു. അതിനു രണ്ടിനുമീശനാണ് ഗണേശന്‍. ജ്ഞാനത്തെയും മോക്ഷത്തെയും നല്‍കാന്‍ കഴിവുള്ളവന്‍.

2. ഏകദന്തായ നമഃ

ഏകമായ, പ്രധാനമായ, എല്ലാത്തിലുമുപരിയായ ദന്തത്തോട്, ബലത്തോട് കൂടിയവന്‍.

3. ഹേരംബായ നമഃ

ദീനന്‍ എന്നര്‍ത്ഥത്തെ കുറിക്കുന്നു ‘ഹേ!’ എന്ന ശബ്ദം. ‘രംബഃ’ എന്നതിനു പാലകന്‍ എന്നര്‍ത്ഥം, ദീനന്മാരെ രക്ഷിക്കുന്നവന്‍ എന്ന് ഹേരംബപദത്തിന് അര്‍ത്ഥം.

4. വിഘ്‌നനായകായ നമഃ

വിഘ്‌നം എന്നാല്‍ വിപത്ത്, നായകന്‍ എന്നാല്‍ ഖണ്ഡിക്കുന്നവന്‍, നശിപ്പിക്കുവാന്‍. ആപത്തുകളെ ധ്വംസിക്കുന്നവന്‍. വിഘ്‌നനായകന്‍.

5. ലംബോദരായ നമഃ

വിഷ്ണവും ശിവനും പ്രസാദമായി അര്‍പ്പിച്ച നൈവേദ്യവിഭവങ്ങളെ കണക്കിലധികം ഭക്ഷിച്ചതുകൊണ്ട് ലംബമായ ഉദരത്തോട്, കുടവയറോട് കൂടിയവന്‍,

6. ശൂര്‍പ്പകര്‍ണ്ണായ നമഃ

ഗണപതിയുടെ ചെവികള്‍ മുറം, ശൂര്‍പ്പം പോലെയുള്ളവയും വിഘ്‌നങ്ങളെ തടുക്കുന്നവയുമാണ്. അവ സമ്പത്ത് നല്‍കുന്നവയും ജ്ഞാനസ്വരൂപങ്ങളുമാകുന്നു.

7. ഗജവക്ത്രായ നമഃ

ഐരാവതത്തില്‍ കയറിസഞ്ചരിച്ച് കൊണ്ടിരുന്ന ഇന്ദ്രന് ദുര്‍വാസാവ് വിഷ്ണുപ്രസാദമായി ലഭിച്ച പാരിജാതം കാഴ്ച വച്ചു. ഗര്‍വ്വിഷ്ഠനായ ഇന്ദ്രന്‍ അതു ഐരാവതത്തിന്റെ മസ്തകത്തില്‍ നിക്ഷേപിച്ചു. പാരിജാതസഹചാരിണിയായ ലക്ഷ്മീദേവി ഐരാവത ശിരസ്സില്‍ അതോടൊപ്പം വാസമുറപ്പിച്ചു. ആ പാരമ്പര്യക്രമത്തില്‍ ഗജസന്തതികള്‍ക്ക് പാരിജാതചൂഡത്വം ലഭിക്കുകുയും ചെയ്തു. ഉത്തമഗജങ്ങളുടെ മസ്തകത്തില്‍ പാരിജാതമുണ്ടെന്നാണ് വിശ്വാസം. ഈ ദിവ്യവൈഭത്തിന്റെ സൂചകമാണ് ഗണപതിക്ക് ഗജമുഖത്വം കല്പിക്കപ്പെട്ടിരിക്കുന്നത്.

8. ഗുഹാഗ്രജായ നമഃ

സുബ്രഹ്മണ്യന്റെ ജ്യേഷ്ഠനായതുകൊണ്ട് ഗുഹാഗ്രജനായി. മാത്രമല്ല എല്ലാ ദേവപൂജകളിലും അഗ്രപൂജയുള്ളവനുമാണ് ഗണപതി.

ഫലശ്രുതി:മഹാവിഷ്ണു ദേവിയെ പറഞ്ഞു കേള്‍പ്പിച്ചത്.

‘പുത്രാഭിധാനം ദേവേഷു പശ്യ വത്സേ! വരാനനേ

ഏകദന്ത ഇതിഖ്യാതം സര്‍വദേവനസ്‌കൃതം

പുത്രനാമാഷ്ടകം സ്‌ത്രോത്രം സാമവേദോക്തിമീശ്വരീ

തൃണുഷ്വാവഹിതം മാതഃ സര്‍വിഘ്‌നഹരം പരം.”

സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഈ മന്ത്രം പതിവായി ജപിക്കുന്നതില്‍ ഭക്തർ താല്പര്യം പ്രദര്‍ശിപ്പിക്കണം. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവരുമെന്ന് പൂര്‍ണ്ണമായും വിശ്വസിക്കുക.

mantra lord ganesha Austrology