തൊഴില്‍ വൈഷമ്യ പരിഹാരത്തിന് ഹനുമത് മന്ത്ര ജപം

ജോലി ലഭിക്കാനും തൊഴിൽപരമായ ക്ലേശങ്ങൾ മാറാനും, മത്സര പരീക്ഷ, അഭിമുഖങ്ങൾ, എന്നിവയിൽ വിജയം ഉറപ്പിക്കാനും സഹായിക്കുന്ന അത്ഭുതകരമായ ഫലസിദ്ധിയുള്ള ഒരു ഹനുമദ് മന്ത്രമുണ്ട്.

author-image
Greeshma Rakesh
New Update
തൊഴില്‍ വൈഷമ്യ പരിഹാരത്തിന് ഹനുമത് മന്ത്ര ജപം

ജീവിതത്തിലും തൊഴിലിലും ഉണ്ടാകുന്ന തടസങ്ങൾ മറികടക്കാതെ ആർക്കും തന്നെ മുന്നോട്ട് പോകാൻ സാധിക്കില്ല. അതിന് നമ്മെ പ്രാപ്തനാക്കാൻ ഏറ്റവും ഫലപ്രഥമായ ഒന്നാണ് ഹനുമാൻ സ്വാമിയെ ഭജിക്കുക എന്നത്.ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും വീര്യത്തിലും ഹനുമാൻ സ്വാമിയേക്കാൾ അതിശയിപ്പിക്കുന്ന ഒരു മൂർത്തി പുരാണങ്ങളിൽ ആർക്കും കാണാൻ സാധിക്കില്ല.

ശ്രീരാമചന്ദ്രദേവന്റെ സഹായിയും സേവകനുമെല്ലാമായ ആഞ്ജനേയൻ ഭക്തിയുടെ ശ്രേഷ്ഠതയും ആത്മാർത്ഥതയുടെ ഔന്നത്യവും കൊണ്ട് മാത്രം ചിരഞ്ജീവിയായിത്തീർന്ന ഭഗവാനാണ്. അതിനാൽ ഏതു കാര്യത്തിലും തടസം വിടാതെ പിന്തുടരുന്നവരാണെങ്കിൽ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ പ്രതിവിധി ഉണ്ടാകുമെന്നാണ് വിശ്വാസം.

ഹനുമാൻ സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ ധാരാളം മന്ത്രങ്ങൾ ഉണ്ട്. ഓരോ കാര്യസാധ്യത്തിനും ഒരോ മന്ത്രങ്ങളുണ്ട്. ഇതിൽ ജോലി ലഭിക്കാനും തൊഴിൽപരമായ ക്ലേശങ്ങൾ മാറാനും, മത്സര പരീക്ഷ, അഭിമുഖങ്ങൾ, എന്നിവയിൽ വിജയം ഉറപ്പിക്കാനും സഹായിക്കുന്ന അത്ഭുതകരമായ ഫലസിദ്ധിയുള്ള ഒരു ഹനുമദ് മന്ത്രമുണ്ട്.

താഴെ പറയുന്ന ഈ മന്ത്രം നിഷ്ഠകൾ പാലിച്ച് നിശ്ചിത കാലം ജപിച്ചാൽ

ദീർഘനാളായി എത്ര ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തവർക്ക് തീർച്ചയായും ജോലി ലഭിക്കും. തൊഴിൽ സംബന്ധമായ ക്ലേശങ്ങളെല്ലാം അകലും. തൊഴിൽപരമായുള്ള ഉന്നമനത്തിനും ഉദ്യോഗക്കയറ്റത്തിനും ജോലിയിൽ മറ്റ് തരത്തിലുള്ള തടസങ്ങൾ ഒഴിയാനുമെല്ലാം ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.

എല്ലാ ദിവസവും മുടങ്ങാതെ രാവിലെ 11 തവണ വീതം ജപിക്കണം. ജപനിഷ്ഠകൾ ഹനുമദ് മന്ത്രങ്ങൾക്കെല്ലാം ഒരുപോലെ ആണ്. വ്യാഴാഴ്ച ജപം തുടങ്ങുന്നതാകും ഉത്തമം. കാരണം ഹനുമാൻ സ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ദിവസമാണ് ഗുരു കടാക്ഷം കൂടിയുള്ള വ്യാഴം. മന്ത്രജപത്തിന്റെ വിജയം നമ്മുടെ ഹനുമദ് ഭക്തിയുടെ ദൃഢതയെയും ഏകാഗ്രതയെയും ആശ്രയിച്ചാകും.

ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിക്കുന്ന ദിവസങ്ങളിൽ ഭക്തർ മത്സ്യമാംസാദികൾ ഒഴിവാക്കണം, ശാരീരിക ബന്ധം പാടില്ല. രാവിലെയും വൈകുന്നേരവും കുളിക്കണം. ഒരു നേരം കുളിച്ച് ശുദ്ധമായ ശേഷം നല്ല വസ്ത്രങ്ങൾ ധരിച്ച് അടുത്തുള്ള ഏതെങ്കിലും ഹനുമാൻ ക്ഷേത്രത്തിൽ പോകണം. ഹനുമാൻ ക്ഷേത്രമില്ലെങ്കിൽ ഹനുമാൻ ഉപദേവതയായുള്ള ക്ഷേത്രം തിരഞ്ഞെടുക്കാം.

അവിടെ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നോ ഇരുന്നോ കാര്യസിദ്ധി മന്ത്രം 108 തവണ ജപിക്കണം. ഇത് 41 ദിവസം തുടരണം. ഈ ജപകാലത്ത് ഏതെങ്കിലും ഒരു വ്യാഴാഴ്ച ആഗ്രഹലബ്ധി അല്ലെങ്കിൽ കാര്യവിജയം നിങ്ങളെ തേടിയെത്തും.

അഥവാ ആഗ്രഹം നടന്നില്ലെങ്കിൽ ക്ഷമയോടെ ജപം തുടരുക. തീർച്ചയായും വൈകാതെ ഫലം ലഭിക്കും. ഇതിനൊപ്പം ശനിയാഴ്ച ദിവസം സ്വന്തം വയസ്സിന് തുല്യമായ വെറ്റില മാലയാക്കി ശ്രീരാമ ജപം എന്ന് നിരന്തരം ജപിച്ചുകൊണ്ട് ഹനുമാൻ സ്വാമിക്ക് സമർപ്പിക്കുക കൂടി ചെയ്താൽ അതിവേഗം

ഫലസിദ്ധി ലഭിക്കും.

മന്ത്രം

ഓം ശ്രീ വജ്രദേഹായ രാമഭക്തായ

വായുപുത്രായ നമോസ്തുതേ

astrology lord hanuman hanuman mantra