മഹാകുംഭമേള

By online desk .20 01 2021

imran-azhar


ഭൂമിയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കൂട്ടായ്മയാണ് കുംഭമേള.അതിവിശിഷ്ടമായ ദിവസങ്ങളില്‍ ഗംഗ, യമുന, സരസ്വതി നദികളില്‍ സ്‌നാനം ചെയ്യലാണ് പ്രധാന ചടങ്ങ്. ഇങ്ങിനെ സ്‌നാനം ചെയ്യുന്നതിലൂടെ ജന്മജന്മാന്തരങ്ങളായി പേറുന്ന പാപങ്ങള്‍ കഴുകി കളയപ്പെടും എന്നാണ് വിശ്വാസം.

ദിഗംബരന്മാര്‍ എന്ന് അറിയപ്പെടുന്ന പതിനായിരക്കണക്കിന് നാഗ സന്യാസിമാര്‍, അഖോരികള്‍, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന യോഗികള്‍, ജാതി മത ലിംഗഭേദമന്യേ വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മഹാമേള.ശരീരം മുഴുവന്‍ ഭസ്മം പൂശി കഠിനമായ സാധനയും ആത്മീയ അച്ചടക്കത്തിന്റെ കര്‍ശനമായ പാത പിന്തുടരുകയും ചെയ്യുന്ന, നഗ്‌നരായ നാഗ സന്യാസിമാരുടെ വരവാണ് കുംഭമേളയുടെ ഒരു പ്രധാന ആകര്‍ഷണം. സാധാരണ ജനസമൂഹത്തില്‍ നിന്നും അകന്നു കഴിയുന്ന ഇവര്‍ എവിടെ നിന്നോ വന്ന് കുംഭമേളയില്‍ മാത്രം നാഗരികത സന്ദര്‍ശിച്ച്, പുണ്യ നദികളില്‍ സ്‌നാനം നടത്തി എവിടേക്കോ പോയി മറയുന്നു.

ജ്യോതിശാസ്ത്രം, ജ്യോതിഷം, ആത്മീയത, പാരമ്പര്യ അനുഷ്ഠാനങ്ങള്‍, സാമൂഹികവും സാംസ്‌കാരികവുമായ ആചാരങ്ങളും പ്രയോഗങ്ങളും, കുംഭമേളയേ അനുഭവതലത്തില്‍ അങ്ങേയറ്റം സമ്പന്നമാക്കുന്നു.കുംഭമേളയില്‍ ദൃശ്യമാകുന്ന ആത്മീയ-ആനന്ദവും, ഇടവിട്ടുള്ള മന്ത്രോച്ചാരണവും, അഖോരികളുടെ ഹൃദയം ത്രസിപ്പിക്കുന്ന താളവും നൃത്തവും, നിങ്ങളെ ആഒഴുക്കിനൊപ്പം നയിക്കും.


ആനപ്പുറത്തും, കുതിരപുറത്തും, രഥങ്ങളിലുമായി, ഷാഹി സ്നാനത്തിനായി വരുന്ന നാഗ സാധുക്കളുടെ തിളങ്ങുന്ന വാളുകളും അനുഷ്ഠാനങ്ങളും, ആകര്‍ഷകമായ നിരവധി സാംസ്‌കാരിക പരിപാടികളും കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന നിങ്ങള്‍ക്ക് ഒരു ജീവിത കാലത്തെ ഓര്‍മ്മകളും അനുഭവങ്ങളും നല്‍കും.പുണ്യ നദികളില്‍ സ്‌നാനം ചെയ്ത്, പാപങ്ങളില്‍ നിന്ന് സ്വയം മോചിതരായി മോക്ഷപ്രാപ്തി നേടുവാന്‍ ഏറ്റവും നല്ല സമയമായി കുംഭമേള കണക്കാക്കപ്പെടുന്നു.

 


ഹരിദ്വാര്‍ കുംഭമേള 2021

 


12 വര്‍ഷത്തിലൊരിക്കല്‍, നാല് പുണ്യസ്ഥലങ്ങളായ ഹരിദ്വാര്‍, പ്രയാഗ് രാജ്, ഉജ്ജ്വയ്‌നി, നാസിക് എന്നിവിടങ്ങളില്‍ കുംഭമേള നടത്തപ്പെടുന്നു. അടുത്ത കുംഭമേള ജനുവരി 2021 മുതല്‍ 2021 ഏപ്രില്‍ വരെ ഹരിദ്വാറില്‍ നടത്തപ്പെടും. 8 കോടിയിലധികം തീര്‍ഥാടകര്‍ സന്ദര്‍ശകര്‍ ഇത്തവണത്തെ കുംഭമേള സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ജ്യോതിഷപരമായ പ്രാധാന്യം കാരണം കുംഭമേള 2021 വളരെ സവിശേഷമാണ്. വര്‍ഷ കണക്ക് നോക്കുമ്പോള്‍ 2022 ലാണ് അടുത്ത കുംഭമേള നടക്കേണ്ടത്.
എന്നാല്‍, വളരെ വിശേഷപ്പെട്ട ഗ്രഹസ്ഥിതി കൊണ്ട്, വ്യാഴത്തിന്റെ സുസ്ഥിതി കുംഭത്തില്‍ വരുന്നതിനാല്‍ കുംഭമേള 2021 ല്‍ നടക്കുകയാണ്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വ്യാഴം കുംഭത്തില്‍ വരിക. ഈ സമയം വ്യാഴം വളരെ ശക്തിയുള്ളതും ഫലദാന ശേഷിയുള്ളതുമാണ്. അതിനാല്‍ ഇത്തവണത്തെ കുംഭമേള വളരെ ശുഭകരവും പ്രത്യേകതയുള്ളതുമാണ്.

 

OTHER SECTIONS