മഹാമേരുവിനെ വന്ദിക്കുക ജന്മസുകൃതം; മഹാമേരു ശ്രീചക്രം എന്താണ്?

പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ദിവ്യ പര്‍വ്വതമാണ് മഹാമേരു. ഇതിനെ വന്ദിക്കുക ജന്മ സുകൃതമാണ്. ഇത് മുപ്പത്തിമുക്കോടി ദേവതകളുടെ ഇരിപ്പിടം കൂടിയാണ്. ഇതിന്റെ ശൃംഗങ്ങള്‍ സ്വര്‍ണ്ണമയവും അത്യുജ്വലവുമാണ്.

author-image
Web Desk
New Update
മഹാമേരുവിനെ വന്ദിക്കുക ജന്മസുകൃതം; മഹാമേരു ശ്രീചക്രം എന്താണ്?

പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന ദിവ്യ പര്‍വ്വതമാണ് മഹാമേരു. ഇതിനെ വന്ദിക്കുക ജന്മ സുകൃതമാണ്. ഇത് മുപ്പത്തിമുക്കോടി ദേവതകളുടെ ഇരിപ്പിടം കൂടിയാണ്. ഇതിന്റെ ശൃംഗങ്ങള്‍ സ്വര്‍ണ്ണമയവും അത്യുജ്വലവുമാണ്.

മഹാമേരുവിന്റ നീളവും വീതിയും തുല്യം 84000 യോജനയാണ്. അതില്‍ 16000 യോജന ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്നു. അഗ്രഭാഗം സ്വര്‍ഗ്ഗവും മധ്യഭാഗം ഭൂതലവും ചുവട് പാതാളവും ആണ്. ഇതിന്റെ ഒരു ശൃംഗമാണ് ശ്രീ മഹാദേവന്റെ ഇരിപ്പിടമായ കൈലാസം. മഹാമേരുവിന്റെ കിഴക്കുഭാഗത്ത് മഹാവിഷ്ണുവും ബ്രഹ്‌മലോകം എന്നറിയപ്പെടുന്ന മധ്യഭാഗത്ത് ബ്രഹ്‌മാവും വസിക്കുന്നു.

സൂര്യചന്ദ്രന്മാര്‍ ഇതിനെ പ്രദക്ഷിണം വയ്ക്കുന്നു. സപ്തര്‍ഷികളും നക്ഷത്രങ്ങളും ഇതില്‍ നിന്നുമുദിക്കുന്നു. നിരവധി രത്‌നങ്ങളാല്‍ ഇത് സമ്പുഷ്ടമാണ്. ഇതിന്റെ താഴ്വരയില്‍ ചിരംജീവിയാകാനും അമരത്വം ലഭിക്കാനും മായയാകാനും പരകായപ്രവേശം നടത്താനും സര്‍വ്വ സിദ്ധിയാകാനും സൗന്ദര്യം ലഭിക്കാനും ഉള്ള ദിവ്യഔഷധങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നു. വിവിധ പക്ഷികളുടെ കളകൂജനങ്ങളാല്‍ ഇതിന്റെ അന്തരീക്ഷം മുഖരിതമാണ്. ഇതില്‍ ദിവ്യ സര്‍പ്പങ്ങള്‍ കാവല്‍ നില്‍ക്കുന്നു.

മഹാമേരുവിന്റെ നാല് ഭാഗങ്ങളിലായി 20 പര്‍വ്വതങ്ങളുണ്ട്. അത് കൂടാതെ പൂര്‍വ്വഭാഗത്ത് ദേവകൂടം, ജഠരം എന്നീ പേരുകളുള്ള രണ്ട് പര്‍വ്വതങ്ങളുണ്ട്. പശ്ചിമഭാഗത്ത് പവമാനന്‍, പരിത്രായന്‍ എന്നീ പര്‍വ്വതങ്ങളും. ദക്ഷിണ ഭാഗത്ത് കൈലാസം, കരവീരം പര്‍വ്വതങ്ങളും ഉത്തരഭാഗത്ത് മകരഗിരി, ത്രിശൃഗം പര്‍വ്വതങ്ങളും ഉണ്ട്. ഈ എട്ടുപര്‍വതങ്ങളുടെ നടുക്കാണ് മഹാമേരു പര്‍വ്വതം.

മഹാമേരുവില്‍ സമചതുരാകൃതിയില്‍ പതിനായിരം യോജന വിസ്താരത്തോടു കൂടി അവര്‍ണ്ണനീയമായ ബ്രഹ്‌മ ലോകം. ഇതിന്റെ എട്ടു ദിക്കുകളിലായി രണ്ടായിരത്തിയഞ്ഞൂറു യോജന വിസ്താരത്തില്‍ അഷ്ടദിക്ക്പാലകന്മാരുടെ എട്ടു പുരികളുണ്ട്. അങ്ങനെ ഈ ഭാഗത്ത് ബ്രഹ്‌മലോകം ഉള്‍പ്പെടെ ഒന്‍പത് പുരികള്‍.

അവയുടെ പേരുകള്‍ യഥാക്രമം നടുക്ക് ബ്രഹ്‌മാവിന്റെ മനോവതി, കിഴക്ക് ഇന്ദ്രന്റെ അമരാവതി , തെക്ക്-കിഴക്ക് അഗ്‌നിദേവന്റെ തേജോവതി, തെക്ക് യമധര്‍മ്മദേവന്റെ സംയമനി, തെക്കുപടിഞ്ഞാറ് നിറുതി ദേവന്റെ കൃഷ്ണാഞ്ജന, പടിഞ്ഞാറ് വരുണദേവന്റെ ശ്രദ്ധാവതി, വടക്കുപടിഞ്ഞാറ് വായുദേവന്റെ ഗന്ധവതി, വടക്ക് കുബേരന്റെ മഹോദയ, വടക്കുകിഴക്ക് ഈശാന ദേവന്റെ യശോവതി.

മഹാമേരുവെന്ന സുമേരു പര്‍വ്വതത്തിന് മൂന്ന് കൊടുമുടികളും അവയില്‍ ബ്രഹ്‌മാവിഷ്ണു മഹേശ്വരനും വസിക്കുന്നുവെന്ന് പറഞ്ഞുവല്ലോ. ആ മൂന്ന് കൊടുമുടികളും ചേര്‍ന്നുണ്ടാക്കിയ ത്രികോണത്തിനു മധ്യത്തിലായി നാലാമതൊരു കൊടുമുടിയുമുണ്ട്. അതില്‍ ശ്രീ ലളിതാപരമേശ്വരിയെന്ന ശ്രീലളിതാംബികാദേവി വസിക്കുന്നു. ഇതാണ് ദേവിയുടെ ആസ്ഥാനമായ ശ്രീചക്രം.

ഈ പ്രാദേശത്തിലെ മധ്യബിന്ദു ഭാഗം ഒരു കൂമ്പുപോലെ ഉയര്‍ന്നിരിക്കും. ഇതാണ് സര്‍വ്വാനന്ദമയ ചക്രം ഇതാണ് ദേവിയുടെ വാസസ്ഥലം. ഇവിടെ വലിയ ഒരു കുഴിയുണ്ട് ഇത് മഹാവിഷ്ണു വാമനാവതാരമെടുത്ത് മഹാബലിയജ്ഞം നടത്തിയപ്പോള്‍ വിഷ്ണുവിന്റെ ഇടത്കാലിലെ പേരുവിരല്‍ അമര്‍ത്തിയപ്പോള്‍ ഉണ്ടായ കുഴിയാണ്. ഇതിന് വിഷ്ണുപദി എന്നും പേര്. ഈ കുഴി പാതാളലോകം വരെയുണ്ട്.

യോഗാശാസ്ത്രപ്രകാരം ശ്രീചക്രത്തിന്റെ മദ്ധ്യഭാഗം പരമഭക്തനായ ലളിതാംബികാ ദേവീ ഉപാസകന്റെ (മനുഷ്യ) ശിരസ്സിലെ മൂര്‍ദ്ധാവില്‍ സ്ഥിതി ചെയ്യുന്ന സഹസ്രാധാരപത്മത്തിലെ സര്‍വ്വനന്ദമയത്തിലാണ് ശ്രീ ലളിതാംബികാ ദേവി വസിക്കുന്നത്. വിഷ്ണുപദം എന്ന കുഴി നട്ടെല്ലിന്റെ ഉള്‍വശവും പാതാളം മൂലാധാര ചക്രവും ആകുന്നു. ഭക്തിയിലൂടെ കുണ്ഡലീ പടിപടിയായി ഉയര്‍ന്നു ദേവിയുടെ പരമപദത്തില്‍ എത്തുന്നു. ഇതാണ് ശ്രീ ചക്രം.

Astro Mahameru sree chakram