നവരാത്രിയുടെ നാലാം ദിനമായ ഇന്ന് ആരാധിക്കേണ്ട ദേവീസ്വരൂപം ഏത് ?

author-image
online desk
New Update
നവരാത്രിയുടെ നാലാം ദിനമായ ഇന്ന് ആരാധിക്കേണ്ട ദേവീസ്വരൂപം ഏത് ?

നവരാത്രിയുടെ നാലാം ദിവസമായ ഇന്ന് (20/10/2020) ആരാധിക്കേണ്ട ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ. ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും പ്രവേശിച്ച് ശോഭിച്ച് തിളങ്ങി.

നവരാത്രിയുടെ നാലാം ദിനത്തിൽ ദേവിയുടെ കൂശ്മാണ്ഡ ഭാവമാണ് ആരാധിക്കപ്പെടുന്നത്.

'സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവള്‍ ' എന്നാണ് ഈ അവതാരനാമത്തിന്റെ അർഥം. എട്ടു കൈകള്‍ ഉള്ളതിനാല്‍ 'അഷ്ടഭുജദേവി' എന്നും പ്രപഞ്ച സൃഷ്ടിക്കു കാരണഭൂതയായതിനാൽ 'ആദിശക്തി' എന്നും വിശേഷണങ്ങൾ ഉണ്ട്. പാർവതീദേവി മഹേശ്വരനുമായുള്ള വിവാഹശേഷം ശിവശക്തീ ഭാവത്തിലായ ഉമയാണ് കൂശ്മാണ്ഡ. മഹാതേജസ്വിനിയായ ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

പ്രപഞ്ച സൃഷ്ടാവും സൂര്യഭഗവാന്റെ ദേവതയുമാണ് കൂശ്മാണ്ഡാ ദേവി. ജാതകത്തിൽ സൂര്യന്റെ അനിഷ്ടസ്ഥിതിമൂലം ദോഷം അനുഭവിക്കുന്നവരും ആദിത്യ ദോഷമുള്ളവരും ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ പ്രാർഥിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. സൂര്യനെ നിയന്ത്രിക്കുന്ന ദേവതയായതിനാൽ തന്നെ ചുവന്നപുഷ്പങ്ങൾക്കൊണ്ടുള്ള പൂജയാണ് പ്രിയം .

ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ ശരണം പ്രാപിച്ചാൽ എല്ലാവിധ രോഗപീഡകളിൽ നിന്ന് മുക്തിയും സമൂഹത്തിൽ സ്ഥാനവും കീർത്തിയും ലഭ്യമാകും.

നവരാത്രികാലത്തെ നാലാം ദിനം ദേവിയെ കൂശ്മാണ്ഡ ഭാവത്തിൽ പ്രാർഥിക്കുവാനുള്ള മന്ത്രം

"സുരാസമ്പൂര്‍ണകലശം രുധിരാപ്ലുതമേവ ച

ദധാനാ ഹസ്തപദ്മാഭ്യാം കൂശ്മാണ്ഡാ ശുഭദാസ്തു മേ "

കൂശ്മാണ്ഡ ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു

മാ കൂശ്മാണ്ഡ രൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ

നമഃസ്തസ്യൈ നമോ നമഃ

നവരാത്രി നാലാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം.

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“അണിമാദി ഗുണാധാരാ

മകരാദ്യക്ഷരാത് മികാം

അനന്തശക്തി ഭേദാതാം

രോഹിണീം പൂജ്യയാമ്യഹം”

navarathri