നവരാത്രിയുടെ ഏഴാം ദിവസമായ ഇന്ന് ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു

നവരാത്രിയുടെ ഏഴാം ദിവസമായ ഇന്ന് (23/10/2020) ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു. ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവി. അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ നല്കുന്ന ദേവിയാണ്. ത്രിലോചനങ്ങളുമുള്ള ദേവി ചതുർബാഹുവാണ്. ഗർദഭമാണ് വാഹനം. ഭയപ്പെടുത്തുന്ന രൂപം ഉള്ളവളാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റി ഭക്തർക്ക് ശുഭമായവ നല്കുന്നവളാകയാൽ ദേവിക്ക് ശുഭംകരി എന്നും നാമദേയമുണ്ട്.

author-image
online desk
New Update

ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൗര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു.

കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും ധരിച്ച് ചതുര്‍ഭുജയായി ദേവി വാഴുന്നു.നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത് കാളരാത്രീ ദേവിയാണ്. അതിനാൽ കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിനുത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ

ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ

വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ

വര്ധനമൂര്‍ധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയംകരീ”

കാളരാത്രീ ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു മാ കാളരാത്രി രൂപേണ സംസ്ഥിതാ

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ

നവരാത്രി ഏഴാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം.ശാംഭവീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം

സര്‍വ്വദേവ നമസ്കൃതാം

സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം

ശാംഭവീം പൂജ്യയാമ്യഹം

navarathri