ഇന്ന് മുതൽ വ്രതാരംഭം, പൂർണ ഫലപ്രാപ്തിക്കായി ഈ ചിട്ടകൾ

By Web Desk.17 10 2020

imran-azhar

 

 

നവരാത്രി കാലം ഭാരതത്തിൽ എല്ലായിടത്തും  ദേവി പൂജക്ക് പ്രാധാന്യം നൽകി ആചരിക്കുന്നു  പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളിൽ നവരാത്രി കൊണ്ടാടുന്നത്.ബംഗാളിൽ   കാളിയാണ് ആരാധനാമൂർത്തി, കർണ്ണാടകത്തിൽ  ചാമുണ്ഡേശ്വരി പൂജയാണ് മുഖ്യം.  പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. കേരളത്തിൽ സരസ്വതി പൂജക്കാണ് പ്രാധാന്യം. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിക്കുമുള്ള ഉത്തമ മാർഗ്ഗമാണ് നവരാത്രി വ്രതം. വിദ്യാർഥികൾ മാത്രമല്ല  ഏതു പ്രായത്തിലുള്ളവർക്കും മാതൃസ്വരൂപിയായ ദേവിയുടെ അനുഗ്രഹത്തിനായി  ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഈ  വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഒൻപതു  ദിവസം വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്തവർക്ക്   7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ഠിക്കാമെന്ന്  വിധിയുണ്ട്. എല്ലാ ദിവസവും വ്രതം നോക്കാൻ  കഴിയാത്തവർ  സപ്തമി, അഷ്ടമി, നവമി എന്നീ ദിവസങ്ങളിൽ വ്രതം നോക്കണം. മഹാകാളി, മഹാലക്ഷ്മി. സരസ്വതി എന്നീ ദേവീ ഭാവങ്ങളെയാണ് ഈ ദിനങ്ങളിൽ  പൂജിക്കേണ്ടത്. എങ്കിലും ഒൻപത്  ദിവസത്തെ വ്രതമാണ് അത്യുത്തമമായി കണക്കാക്കുന്നത്.


2020 ഒക്ടോബർ  16 ന് രാത്രി 1.01 ന് ഈ വർഷത്തെ നവരാത്രി ആരംഭിക്കും. ഇതനുസരിച്ച്  ഒക്ടോബർ  17 മുതൽ വ്രതം ആചരിക്കണം ഒക്ടോബർ  25 ന് രാവിലെ  7.43 ന് നവമി തീരും. അതുവരെയാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത് . ഒക്ടോബർ 26  തിങ്കളാഴ്ച രാവിലെ 9.01 വരെയാണ് ദശമി .  അന്ന് രാവിലെ ആദ്യാക്ഷരം കുറിക്കാം. അമാവാസി  നാൾ മുതൽ  വ്രതം തുടങ്ങുന്നതും ഉത്തമം . രാവിലെ കുളി കഴിഞ്ഞ് ദേവീ ക്ഷേത്ര ദര്‍ശനം നടത്തണം. വിദേശങ്ങളിലുള്ളവർക്ക് ക്ഷേത്രദർശനത്തിന്  സാധിക്കാതെ വന്നാൽ  ഇക്കാലത്ത് പ്രഭാത സ്നാനത്തിനു ശേഷം ദേവിയെ ഭജിക്കുക.


അരിയാഹാരം ദിവസവും  ഒരു നേരം മാത്രമാക്കിയാൽ  ഉത്തമം . പാൽ . നെയ്യ് , ഫലവർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക . മത്സ്യ മാംസ ഭക്ഷണം ഉപേക്ഷിക്കുക. ബ്രഹ്മചര്യം പാലിക്കുക. വിദ്യാർഥികളല്ലാത്തവര്‍ക്ക് മോക്ഷ പ്രാപ്തിക്കും ആത്മശത്രുനാശത്തിനും ദാരിദ്ര്യ ദുഃഖങ്ങൾ   ഇല്ലാതാവാനും സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാവും. നവരാത്രി വ്രതകാലത്ത് സായംസന്ധ്യയിൽ  സൗന്ദര്യ ലഹരിയിലെ  ശ്ലോകങ്ങൾ, ലളിതാ സഹസ്ര നാമം, ദേവീ മാഹാത്മ്യം തുടങ്ങിയവ പാരായണം ചെയ്താൽ കുടുംബത്തിൽ  ഐശ്വര്യം കുടിയിരിക്കുമെന്നാണ് വിശ്വാസം. ഒമ്പത് തിരിയിട്ട നിലവിളക്കിനു മുന്നിലിരുന്നു ജപിച്ചാൽ അത്യുത്തമം.

 

OTHER SECTIONS