മുറജപ പ്രഭയിൽ ഒരുങ്ങാൻ പത്മനാഭസ്വാമി ക്ഷേത്രം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും വീണ്ടും ഒരു മുറജപത്തിനു തയാറെടുക്കുകയാണ്.

author-image
online desk
New Update
മുറജപ പ്രഭയിൽ ഒരുങ്ങാൻ പത്മനാഭസ്വാമി ക്ഷേത്രം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും വീണ്ടും ഒരു മുറജപത്തിനു തയാറെടുക്കുകയാണ്. ആറു വർഷത്തിനു ശേഷം വീണ്ടും ഒരു മുറജപം വിരുന്നു വരുന്നു. അപൂർവമായ ആചാരങ്ങളുടെ സന്നിവേശം. പ്രപഞ്ചത്തിലെ ചരവും അചരവുമായ സർവതിനും ക്ഷേമമുണ്ടാകട്ടെയെന്ന പ്രാർഥനയുടെ ദിനങ്ങളാണിനി.

 

ഈമാസം 21 നാണു മുറജപം തുടങ്ങുക. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലാണു ജപം. ഓരോ മുറയും കഴിയുമ്പോൾ ശീവേലി. അങ്ങനെ മുറജപം പൂർത്തിയാകുന്ന 2020 ജനുവരി 16 ന് ലക്ഷം ദീപങ്ങൾ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ കാഴ്ചയൊരുക്കും. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ തുടങ്ങിവച്ച ചടങ്ങുകൾ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചെറിയ മാറ്റങ്ങളോടെ ആവർത്തിക്കുന്നുവെന്നാണ് ഈ ആഘോഷത്തിന്റെ സവിശേഷത.

ഏഴു മുറകളിലായിട്ടാണു ശീവേലി നടക്കുക. ഓരോ എട്ടാം ദിവസവും. ശ്രീ പദ്മനാഭൻ, നരസിംഹ മൂർത്തി, ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളിക്കുക. ഒന്നാം മുറയിൽ അനന്തവാഹനം, രണ്ടാം മുറയിൽ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയിൽ ഗരുഡവാഹനം എന്നീ ക്രമത്തിൽ എഴുന്നെള്ളിക്കണമെന്നാണു വ്യവസ്ഥ. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജലജപം പുനരാരംഭിക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത. കിഴക്കേ നടയിലുള്ള പദ്മതീർഥക്കുളത്തിലാണതു നടക്കുക. ക്ഷേത്രത്തിലെത്താതെ നഗരവാസികൾക്ക് മുറജപം ദർശിക്കാമെന്നതും ജലത്തെ പവിത്രീകരിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.

padmanabha swami temple murajapam