പഴവങ്ങാടി ഗണപതിക്ഷേത്രം: പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് കയറാം

By Online Desk .22 06 2019

imran-azhar

 

 

തിരുവനന്തപുരം: പുരാതനവും ചരിത്ര പ്രസിദ്ധവുമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അവസാനഘട്ടത്തില്‍. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് നാലമ്പലത്തിനുളളില്‍ കയറാം. നേരത്തെ നാലമ്പത്തിന് പുറത്തുവരെ മാത്രമേ ഷര്‍ട്ട് ധരിച്ച് പുരുഷന്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു. ശ്രീകോവിലിന് രണ്ട് ചുറ്റുമതിലാണ് മുമ്പുണ്ടായിരുന്നത് . എന്നാല്‍ ഇപ്പോള്‍ ഒറ്റ മതിലിനുള്ളിലാണ് പ്രധാന ക്ഷേത്രങ്ങളും ഉപദേവതാക്ഷേത്രങ്ങളും നിര്‍മമിച്ചിരിക്കുന്നത്. ഇതോടെ ക്ഷേത്ര കവാടത്തില്‍ നിന്നുതന്നെ ഗണേശഭഗവാനെ കണ്ടുതൊഴാനുള്ള സൗകര്യമാകും. ഇതിനായി ക്ഷേത്രത്തിന് മുന്നിലെ മതിലും മറയും മാറ്റും. പുറത്തുനിന്ന് ദര്‍ശനം സാധിക്കുന്ന വിധത്തില്‍ മുന്നില്‍ ഇരുമ്പുവേലി മാത്രം ഘടിപ്പിക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. മൈലാടിയിലെ കൃഷ്ണശിലയാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. മേല്‍ക്കൂരയില്‍ കരിങ്കല്ല് പാകി തേക്കിന്‍തടി മേഞ്ഞ് പുറത്ത് ചെമ്പോല മേഞ്ഞിട്ടുണ്ട്. ക്ഷേത്രവും ശേഷിച്ച ഭാഗവും മറയുന്ന രീതിയില്‍ മുകളില്‍ മറ്റൊരു മേല്‍ക്കൂരയുമുണ്ട്. പുറത്തുള്ള ഗോപുരത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. മൂന്നുനിലകളുള്ള ഗോപുരം പൂര്‍ത്തിയാകാന്‍ മൂന്നുമാസം വേണ്ടിവരും. ചുറ്റുമതിലില്‍ ഗണപതിയുടെയും ദേവതമാരുടെയും വര്‍ണാഭമായ ശില്‍പ്പങ്ങളുമുണ്ട്.