ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട പ്രദോഷദിനം

By Varun Krishna/Keerthana Lekshmi.09 11 2019

imran-azhar

 

ശിവശക്തിപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. പ്രദോഷവ്രതം പൂർണ്ണഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിച്ച് ശിവപദം പ്രാപ്തമാകുന്നു. വർഷത്തിലെ എല്ലാ പ്രദോഷവും എടുക്കാം. തിങ്കൾ പ്രദോഷമോ, ശനിപ്രദോഷമോ പ്രത്യേകമായും എടുക്കാം.

 

പ്രദോഷ വ്രതാനുഷ്ഠാനത്തിലൂടെ ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും പ്രാപ്തമാകും.

 

മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. പ്രദോഷം രണ് വിധമാണ്. നിത്യപ്രദോഷവും, പക്ഷ പ്രദോഷവും. ഒരു മാസത്തിൽ രണ്ടു പക്ഷ പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും. ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവർക്കു ദുരിതകാഠിന്യശമനത്തിന് ഉത്തമമാർഗമാണ് പ്രദോഷവ്രതം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷസന്ധ്യാ സമയത്ത്, ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ് പ്രദോഷസന്ധ്യ.

 

ഈ സമയം സകല ദേവീദേവന്മാരും അവിടെ സന്നിഹിതരായിരിക്കും. പ്രദോഷവ്രതാനുഷ്ഠാനത്തിലൂടെ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനം പുണ്യദായകമാണ്. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്. പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തിയാൽ സന്താനലബ്ധി, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാകുന്നു. വ്രതാനുഷ്ഠാനം പ്രദോഷദിനത്തിന്റെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം. തലേന്ന് ഒരിക്കലൂണ് നിർബന്ധമാണ്. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പുറകുവിളക്കിൽ എണ്ണ, ജലധാര എന്നിവ നടത്തുന്നത് ഉത്തമം. പകൽ മുഴുവൻ പൂർണ്ണ ഉപവാസം. പഞ്ചാക്ഷരീമന്ത്രജപം (108 തവണയോ അതിൽ കൂടുതലോ ജപിക്കണം. ബ്രാഹ്മമുഹൂർത്തിൽ ജപിച്ചാൽ അത്യുത്തമം), പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവസ്തുതികൾ, ഭജനകൾ എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. അന്നേ ദിവസം രാത്രിയിൽ ഉറങ്ങാതിരുന്ന് ശിവഭജനം നടത്തിയാൽ അത്യുത്തമം. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക (ഉപവാസമവസാനിപ്പിക്കുക). ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിക്കുന്നതിലൂടെ നിത്യദുരിതശമനം നിശ്ചയം.

OTHER SECTIONS