/kalakaumudi/media/post_banners/7f65e209a13acaf76c0679f646c4868cab262e9767b5182542c5c49681376c62.jpg)
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പരമ പവിത്രമായ ദൈവീക സന്നിധികളില്‍ ഒന്നാണ് വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രം. ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധേയമായ ദേവീ ചൈതന്യം വിളയാടുന്ന വെള്ളനാട്ടമ്മയുടെ മുന്നില്‍ പരിഹരിക്കപ്പെടാത്തതായി ഒന്നുമില്ലയെന്നത് അനുഭവ സാക്ഷ്യം. സര്‍വ്വസംഹാര മൂര്‍ത്തിയായ ഭദ്രകാളീ ദേവി എല്ലാ രൗദ്രഭാവങ്ങളും ആവാഹിച്ച് ദര്‍ശനം നല്‍കുന്ന ഈ സന്നിധിയില്‍ ദേവീതൃപ്തിക്കായി നടക്കുന്ന പൂജകള്‍ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്.
ഏറ്റവും ചിലവേറിയതും പ്രാധാന്യമേറിയതുമായ ഉദയാസ്തമന പൂജ, നിത്യപൂജയ്ക്ക് പുറമേ 18 പൂജകളും ശ്രീഭൂതബലിയും നടക്കുന്ന തെക്കന്‍ കേരളത്തിലെ അപൂര്‍വ്വമായ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ദേവീ ചൈതന്യം ക്ഷേത്രപരിസരത്തും നിറഞ്ഞു നില്‍ക്കുന്നതിന് ഒട്ടനവധി ഉദാഹരണങ്ങളും കാണാം. അതിലൊന്നാണ് നിത്യവും പൂക്കുന്ന ക്ഷേത്രാങ്കണത്തിലെ കൊന്നമരം. വള്ളുവനാട്ടില്‍ നിന്ന് കൂട്ടമായി വന്നു താമസിച്ച ജനസമൂഹത്തിന്റെ ആവാസ സ്ഥലം എന്ന രീതിയില്‍ വെള്ളനാട് എന്ന സ്ഥലനാമം ഈ ദേശത്തിനു ലഭിച്ചുയെന്നതാണ് ഐതിഹ്യം. വളരെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചെറിയ പീഠവും വാളും ചിലമ്പും വെച്ച് പൂജ കഴിച്ചിരുന്ന ക്ഷേത്രത്തിന്റെ നടത്തിപ്പുകാരനായ കാരണവര്‍ക്കുണ്ടായ ഒരു സ്വപ്‌ന ദര്‍ശനം ഈ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ച് പറയുന്നുണ്ട്. അതിന്റെ ഭാഗമായി തിരുവല്ലം ഭാഗത്തുണ്ടായിരുന്ന മൂലസ്ഥാനത്ത് നിന്ന് കൊണ്ടു വന്ന് പ്രതിഷ്ഠിച്ച ദാരു വിഗ്രഹമാണ് ഇന്ന് ഇവിടെയുള്ളത്.
അന്ന് ചൊവ്വയും വെള്ളിയും മാത്രം തുറക്കുന്ന ഒരു മുടിപ്പുരയായിരുന്നു ഇവിടം. ക്രമേണ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ വരികയായിരുന്നു. വടക്ക് ദര്‍ശനമായി തങ്കത്തില്‍ പൊതിഞ്ഞ ദാരു വിഗ്രഹത്തില്‍ വേതാളകണ്ഠ സ്ഥിതയായ ശ്രീ ഭദ്രകാളി അമരുന്നു. ഇത്തരത്തിലെ വിഗ്രഹ പ്രതിഷ്ഠകള്‍ കേരളത്തില്‍ അനവധിയുണ്ടെങ്കിലും മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദേവീ ആയുധങ്ങള്‍ പിടിച്ചിരിക്കുന്ന രീതിയ്ക്ക് വ്യത്യാസമുണ്ട്. വലതു പിന്നില്‍ ത്രിശൂലവും ഇടതു പിന്നില്‍ പരിചയും വലതു മുന്നില്‍ പാനപാത്രവും ഇടതു മുന്നില്‍ ഖള്‍ഗവും ധരിച്ചിരിക്കുന്നു. സാധാരണ ദേവീ വിഗ്രഹങ്ങളില്‍ ഇങ്ങനെ കാണാറില്ല. നിരന്തരം ദേവാസുര യുദ്ധം നടക്കുമ്പോള്‍ ദേവ•ാരേക്കാള്‍ അധിക ശക്തി തപോബലത്താല്‍ കൈവരിച്ച ദാരികനെ നിഗ്രഹിക്കാന്‍ ഭഗവാന്‍ പരമേശ്വര ജടയില്‍ നിന്ന് ഉത്ഭവിച്ച അതിരൗദ്രയായ ഭദ്രകാളീ സങ്കല്‍പ്പത്തിലാണ് ഇവിടെ ആരാധന നടക്കുന്നത്. ആ യുദ്ധ സ്മരണക്കായി ഇവിടെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പറണേറ്റും നിരത്തില്‍പ്പോരും നടക്കുന്നു. സദാ രൗദ്രഭാവം പുലര്‍ത്തുന്ന ദേവിയായതിനാല്‍ ഉപാസകനും ശാന്തിയും മേല്‍ശാന്തിയും ഉള്‍പ്പെടെയുള്ളവര്‍ അതീവ ജാഗ്രതയോടെ പൂജ ചെയ്യേണ്ട സന്ദര്‍ഭമാണ് ഇവിടെ സംജാതമാകുന്നത്. ശത്രുസംഹാരം ഉള്‍പ്പെടെയുള്ള പൂജകള്‍ പെട്ടെന്ന് ഫലം തരുന്നതിന് കാരണം ദേവിയുടെ ഈ ഭാവമെന്നാണ് സങ്കല്‍പ്പം. അതേസമയം കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കും പരമ ഭക്തരായ ദേവീദാസൻമാര്‍ക്കും മാതൃവാത്സല്യവും അമ്മ ചൊരിയുന്നു. നാടിന്റെ സര്‍വോന്മുഖമായ ഐശ്വര്യത്തിന്റെ പ്രതീകമായി നിലക്കൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ ഭരണസാരഥ്യം നിര്‍വഹിക്കുന്നത് 15 പേരടങ്ങുന്ന ഒരു കമ്മിറ്റിയാണ്. കൂന്താണി വാളിയറ ജനാര്‍ദ്ദനന്‍ നായര്‍ പ്രസിഡന്റും വെള്ളനാട് സുകുമാരന്‍ നായര്‍ സെക്രട്ടറിയുമായുള്ള ഈ കമ്മിറ്റി വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തുന്നത്. പ്രദേശത്തെ ഏറ്റവും വലിയ വിവാഹ മണ്ഡപം നിര്‍മ്മിക്കുകയും ക്ഷേത്രപരിസരത്തെ ഒരു ഏക്കര്‍ ഭൂമി വാങ്ങി അമ്മയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തത് ഈ കമ്മിറ്റിയാണെന്ന് ഭക്തജനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു.
ഇഷ്ടകാര്യലബ്ധിയ്ക്ക് ഗുരുതി പുഷ്പാഞ്ജലി
വെള്ളനാട്ടമ്മയ്ക്ക് സമര്‍പ്പിക്കുന്ന വിശേഷാല്‍ ഗുരുതി പുഷ്പാഞ്ജലി പ്രസിദ്ധമാണ്. എല്ലാ മലയാള മാസവും അവസാനത്തെ വെള്ളിയാഴ്ച ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്. കൊടിയ ബാധദോഷങ്ങളെയും മഹാവ്യാധികളെയും അകറ്റാനുള്ള വിശേഷാല്‍ വഴിപാടാണിത്. മനസ്സില്‍ ആഗ്രഹിച്ച എന്തു കാര്യവും ഭദ്രകാളീ ദേവിയുടെ മുന്നില്‍ അവതരിപ്പിച്ച് കാര്യസാദ്ധ്യം നേടാനുള്ള അവസരമാണിത്. ദേവിയുടെ ഇഷ്ട സൂക്തം കൊണ്ടുള്ള പുഷ്പാഞ്ജലി കൂടിയാണിത്. ശരീര-മനശുദ്ധികള്‍ പാലിച്ച് അനുഷ്ഠിക്കേണ്ട ഈ വഴിപാടില്‍ ദേവിയ്ക്ക് നിറമാലയും നെയ്വിളക്കും സമര്‍പ്പിക്കുന്നത് വിശേഷമാണ്.
ഗണപതി ഭഗവാന് 12 ഉടയ്ക്കല്‍
എല്ലാ മലയാളമാസവും ഗണപതി ഭഗവാന് 12 ഉടയ്ക്കല്‍ എന്ന വിശേഷാല്‍ ചടങ്ങ് നടക്കുന്നു. പുണര്‍തം നാളില്‍ രാവിലെ 8 മണിക്കാണ് ഗണപതി ഭഗവാന് മുന്നില്‍ വിശേഷാല്‍ പൂജയും 12 ഉടയ്ക്കല്‍ വഴിപാടും നടക്കുന്നത്. 12 രാശിപ്രകാരമുള്ള ദോഷങ്ങള്‍ മാറുന്നതിന് ഭഗവാന് 12 നാളികേരം ഉടച്ച് പ്രത്യേകം വഴിപാടായി നടത്തുന്ന ഈ ചടങ്ങ് ക്ഷേത്ര മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തിലാണ് നടക്കുക. വിഘ്‌നങ്ങള്‍ അകറ്റാന്‍ വളരെയധികം ഫലപ്രദമാണിത്.
അരളി, ചെണ്ടുമല്ലിപ്പൂക്കള്‍ ഒഴിവാക്കി പൂജ
ഇവിടുത്തെ മറ്റൊരു പ്രത്യേകത പൂജക്ക് എടുക്കുന്ന പൂക്കളെ കുറിച്ചുള്ളതാണ്. അരളി, ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള അധമ പുഷ്പഗണത്തില്‍ വരുന്ന പൂക്കള്‍ കൊണ്ട് ഇവിടെ പൂജ നടത്താറില്ല. നിവേദ്യം മറ്റും ദേവിയ്ക്ക് കൊടുക്കുമ്പോള്‍ വിഷാംശം ഉള്ള ഇത്തരം പൂക്കള്‍ ദേവിയെ അസ്വസ്ഥയാക്കും എന്ന സങ്കല്‍പ്പം ഉള്ളതു കൊണ്ടാണ് ഈ നിഷ്ഠ. തുളസി, തെച്ചി മുതലായവയാണ് അമ്മയ്ക്ക് ഇഷ്ടമെന്ന് കരുതുന്ന പുഷ്പങ്ങള്‍. ഇവ കൊണ്ടാണ് നിത്യപൂജകള്‍ നടത്തുന്നത്.
ദേവിയും ഗണപതിയും മാത്രം
ഈ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠയായി ദേവി വാണരുളുമ്പോള്‍ വിനായകന്‍ മാത്രമാണ് ചുറ്റമ്പലത്തിന് അകത്തുള്ള മറ്റൊരു പ്രതിഷ്ഠ. അവിടെയും കൃത്യതയും ശുദ്ധതയും പുലര്‍ത്തി തന്നെയാണ് പൂജകളും പരിപാലനവും നടക്കുന്നത്.
ശത്രുസംഹാരം ഏറ്റവും സഫലം
വെള്ളനാട് ശ്രീഭഗവതി ക്ഷേത്രത്തിനെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ദേവീ സങ്കല്‍പ്പത്തില്‍ ഏറ്റവും ഫലപ്രാപ്തി നല്‍കുന്ന പൂജകളിലൊന്നാണ്് ശത്രുസംഹാര പൂജ. ശത്രു മനുഷ്യനായി മാത്രം കരുതേണ്ടതില്ല ഇവിടെ. രോഗം, മറ്റു തടസ്സങ്ങള്‍ എന്നിവയെല്ലാം ശത്രുവായി സങ്കല്‍പ്പിച്ച് അമ്മയുടെ മുന്നില്‍ പരാതിയായി അവതരിപ്പിക്കാം. ഉടന്‍ തന്നെ അവയ്ക്ക് പരിഹാരമുണ്ടാകുമെന്നതാണ് പ്രത്യേകത. ഇതിനു പുറമേ ഒട്ടനവധി പ്രത്യേക പൂജകളും ഈ ക്ഷേത്രത്തില്‍ നടക്കുന്നു. എല്ലാറ്റിനും സത്ഫലം നിശ്ചയം.
തന്ത്രിയും മേല്‍ശാന്തിയും
പ്രസിദ്ധമായ ആറ്റുവാശ്ശേരി നീലമനയ്ക്കാണ് ഇവിടുത്തെ തന്ത്രം. പരമസാത്വികനായ ബ്രഹ്മശ്രീ. നീലമന ഗണപതി പോറ്റിയും അദ്ദേഹത്തിന്റെ മകനുമാണ് ഇവിടുത്തെ താന്ത്രിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം എന്നിങ്ങനെ ഇന്ത്യയിലും വിദേശത്തും പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ബ്രഹ്മശ്രീ മൂടാമ്പാടി കണ്ണന്‍ പോറ്റിയാണ് ഇപ്പോഴത്തെ മേല്‍ശാന്തി. തികഞ്ഞ ദേവീ ഉപാസകനായ ഇദ്ദേഹം ദേവീഹിതം അനുസരിച്ച് പൂജകള്‍ നിര്‍വഹിക്കുന്നത് ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ഭഗവതിയുടെ കിഴക്കേ നടയില്‍ വെച്ച് ഭക്തരുടെ ഏതു പ്രശ്‌നങ്ങളും മേല്‍ശാന്തിയോട് അവതരിപ്പിക്കാം. വിവാഹതടസ്സം, ദാമ്പത്യ പ്രശ്‌നങ്ങള്‍, സന്താനമില്ലായ്മ, വിദ്യാഭ്യാസവും ഉദ്യോഗപരവുമായ ബുദ്ധിമുട്ടുകള്‍, ഭൂമി, ഗൃഹം എന്നിവ സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങള്‍, രോഗശാന്തി പ്രതിവിധികള്‍ എന്നിവയ്‌ക്കെല്ലാമുള്ള പരിഹാരങ്ങള്‍ മേല്‍ശാന്തി ലഘു പരിഹാരങ്ങളിലൂടെ നിര്‍ദ്ദേശിക്കുന്നു.
നിങ്ങളിലെ ദൈവാനുഗ്രഹം തിരിച്ചറിയാം
മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ആഗ്രഹ പ്രാപ്തിയ്ക്കായി നിങ്ങളെത്തുമ്പോള്‍ ആ കാര്യത്തിന്റെ സാഫല്യത്തിന് ഏതളവു വരെ സാധ്യതയുണ്ടെന്നത് കൃത്യമായി പ്രവചിക്കുന്നുവെന്നതാണ് വെള്ളനാട് ദേവീ ക്ഷേത്രത്തിന്റെ പ്രത്യേകത. സാമാന്യ ലക്ഷണങ്ങള്‍ വെച്ചും മറ്റു ചില കണക്കുകൂട്ടലുകളും നിമിത്തങ്ങളും അടിസ്ഥാനപ്പെടുത്തി ആ വിഷയത്തിലെ ദേവീഹിതം മേല്‍ശാന്തി നിങ്ങളെ അറിയിക്കും. അപ്രകാരം പ്രവര്‍ത്തിച്ച് കാര്യസാദ്ധ്യം നേടിയവര്‍ അനവധിയാണ്. ഈ ദിവ്യശക്തി ക്ഷേത്രത്തിലെ മേല്‍ശാന്തി വെള്ളനാട്ടമ്മയുടെ സ്ഥിരം ഉപാസന കൊണ്ട് നേടിയെടുത്തതാണെന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടു പോകും.
ക്ഷേത്രത്തിലേക്കുള്ള വഴി
തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വെള്ളനാട് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുള്ള വഴി നെടുമങ്ങാട്ട് റൂട്ടില്‍ അഴീക്കോട് അരുവിക്കര വഴിയും പേയാട് വിളപ്പില്‍ശാല വഴിയും നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും കാട്ടാക്കട പൂവച്ചല്‍ വഴിയും ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് വെഞ്ഞാറമൂട് നെടുമങ്ങാട് വഴിയും കൊട്ടാരക്കര ഭാഗത്തു നിന്ന് വട്ടപ്പാറ നെടുമങ്ങാട് വഴിയും ചെങ്കോട്ട ഭാഗത്തു നിന്ന് തെ•ല, നെടുമങ്ങാട് വഴിയും ക്ഷേത്രത്തിലെത്തിച്ചേരാം.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകള്‍ :
കെ. ജനാര്‍ദ്ദനന്‍ നായര്‍ (പ്രസിഡന്റ്) 9446173077
സുകുമാരന്‍ നായര്‍ (സെക്രട്ടറി) 9495253116
എസ്.ആര്‍. അനില്‍കുമാര്‍ (ട്രഷറര്‍) 9497424707
തുളസീധരന്‍ നായര്‍ (മാനേജര്‍) 9961375913
കണ്ണന്‍പോറ്റി (മേല്‍ശാന്തി) 9995129618