രാമായണം വായിച്ചാല്‍ എന്ത് കിട്ടും?

അദ്ധ്യാത്മപ്രദീപകം അത്യന്തം രഹസ്യമി- തദ്ധ്യാത്മരാമായണം മൃത്യുശാസന പ്രോക്തം അദ്ധ്യയനം ചെയ്തീടും മര്‍ത്യജന്മികള്‍ക്കെല്ലാം മുക്തിസിദ്ധിക്കു മസന്ദിഗ്ധമിജ്ജന്മംകൊണ്ടേ! ഇക്കാലത്ത് എവിടെ പോകുമ്പോഴും എന്തു ചെയ്യുമ്പോഴും മനുഷ്യരില്‍ ഒരു ചോദ്യമുയരും; എന്തുകിട്ടും? എന്ന്. വായിക്കൂ, പഠിക്കൂ, രാമായണം എന്നു വല്ലവരും പറഞ്ഞാല്‍ അപ്പോഴും അതേ ചോദ്യം- എന്തു കിട്ടും എന്ന്! ഇത്ര വ്യാപകമോ തീവ്രമോ അല്ലെങ്കിലും പണ്ടും ഇതേ ചോദ്യം ഉയര്‍ന്നിരിക്കാം. അതുകൊണ്ടാവാം രാമായണ വായനകൊണ്ട് എന്തൊക്ക കിട്ടും എന്ന് എഴുത്തച്ഛന്‍ ഗ്രന്ഥാരംഭത്തില്‍തന്നെ ചുരുക്കിയും വിപുലപ്പെടുത്തിയുമൊക്കെ പറഞ്ഞുവെച്ചത്.

author-image
Web Desk
New Update
രാമായണം വായിച്ചാല്‍ എന്ത് കിട്ടും?

അദ്ധ്യാത്മപ്രദീപകം അത്യന്തം രഹസ്യമി- തദ്ധ്യാത്മരാമായണം മൃത്യുശാസന പ്രോക്തം അദ്ധ്യയനം ചെയ്തീടും മര്‍ത്യജന്മികള്‍ക്കെല്ലാം മുക്തിസിദ്ധിക്കു മസന്ദിഗ്ധമിജ്ജന്മംകൊണ്ടേ! ഇക്കാലത്ത് എവിടെ പോകുമ്പോഴും എന്തു ചെയ്യുമ്പോഴും മനുഷ്യരില്‍ ഒരു ചോദ്യമുയരും; എന്തുകിട്ടും? എന്ന്. വായിക്കൂ, പഠിക്കൂ, രാമായണം എന്നു വല്ലവരും പറഞ്ഞാല്‍ അപ്പോഴും അതേ ചോദ്യം- എന്തു കിട്ടും എന്ന്! ഇത്ര വ്യാപകമോ തീവ്രമോ അല്ലെങ്കിലും പണ്ടും ഇതേ ചോദ്യം ഉയര്‍ന്നിരിക്കാം. അതുകൊണ്ടാവാം രാമായണ വായനകൊണ്ട് എന്തൊക്ക കിട്ടും എന്ന് എഴുത്തച്ഛന്‍ ഗ്രന്ഥാരംഭത്തില്‍തന്നെ ചുരുക്കിയും വിപുലപ്പെടുത്തിയുമൊക്കെ പറഞ്ഞുവെച്ചത്.

ആത്മജ്ഞാനത്തിന്റെ പ്രകാശംചൊരിയുന്ന രാമായണം മൃത്യുവിനെ ജയിച്ചിട്ടുള്ള ശിവനാല്‍ പറയപ്പെട്ടതാണ്. അതുവായിക്കുന്ന മര്‍ത്ത്യജന്മികള്‍ക്കു ഈ ഒരു ജന്മംകൊണ്ടു തന്നെ മോക്ഷം ലഭിക്കുമെന്നകാര്യം ഉറപ്പാണ്. ഓരോവാക്കും ആറ്റിക്കുറുക്കിയാണ് എഴുത്തച്ഛന്‍ പ്രയോഗിക്കുന്നത്. ശിവന് മൃത്യുഞ്ജയന്‍ എന്നും മനുഷ്യന് മര്‍ത്ത്യജന്മി എന്നുമുള്ള വിശേഷണംശ്രദ്ധേയമാണ്. നാം ജന്മികള്‍ എന്നു പറയുന്നതു കുറേ ഭൂമിയും ഭൗതികസമ്പത്തും ഉള്ളവരെയാണല്ലോ?

വാസ്തവത്തില്‍ ജന്മംലഭിക്കുന്നവരെല്ലാം ജന്മികളാകുന്നു. അതുപോലെ മൃഗമായ ജനിച്ചാല്‍ മൃഗജന്മിയും പക്ഷിയായി ജനിച്ചാല്‍ പക്ഷിജന്മിയുമാകും. പക്ഷിയായും മൃഗമായും വൃക്ഷമായുമൊക്കെ അനേകജന്മങ്ങള്‍ക്കൊടുവിലാണ്മനുഷ്യജന്മം ലഭിക്കുന്നത്. സല്‍ക്കര്‍മ്മങ്ങളിലൂടെ ജീവിച്ചില്ലെങ്കില്‍അവര്‍ക്കു വീണ്ടും ജന്മക്‌ളേശങ്ങള്‍ സഹിക്കേണ്ടിവരും.അത്ഒഴിവാക്കാന്‍, ഈ ഒരു ജന്മംകൊണ്ടുമോക്ഷം ലഭിക്കാന്‍ ഒരു വഴിയുണ്ട്. കാലനെ, മരണത്തെ, ജയിച്ചിട്ടുള്ള പരമശിവനാല്‍ പറയപ്പെട്ട ശ്രീരാമകഥവായിക്കുകയാണത്. അത്യന്തം രഹസ്യമായ അദ്ധ്യത്മ ജ്ഞാനത്തിന്റെ പ്രകാശം അതു നിങ്ങളില്‍ ഉളവാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ഈ വിധത്തില്‍ മോക്ഷത്തിന്റെ കാര്യം പറഞ്ഞാല്‍ മസ്സിലാകാത്ത സാധാരണക്കാരുണ്ടാകുമല്ലോ ഭൗതികസുഖങ്ങള്‍ കിട്ടുമെന്നു പറഞ്ഞാലെ അവര്‍ ആകര്‍ഷിക്കപ്പെടൂ.അതിനായി കുറേ വരികള്‍ക്കുശേഷം എഴുത്തച്ഛന്‍ ഇങ്ങനേയും എഴുതി.

പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും മിത്രസമ്പത്തി കീര്‍ത്തി രോഗശാന്തിയുമുണ്ടാം. എന്ത്? നല്ല മക്കള്‍, വേണ്ടത്ര ധനം, കീര്‍ത്തി, ആരോഗ്യം, ദീര്‍ഘായുസ്സ് ബന്ധുബലം എന്നിവയെല്ലാം കിട്ടുമെന്നോ? എങ്കില്‍ രാമായണം വായിക്കാമെന്നു ചിലര്‍ കരുതും.വായന ഇടക്കു നിര്‍ത്തരുതല്ലോ? അതിനായി ചില സ്തുതികള്‍ക്കൊടുവിലും എഴുത്തച്ഛന്‍ ഇത്തരം വരികള്‍ ചേര്‍ത്തു വായനക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട്. രാമായണം അവസാനിക്കുന്നിടത്തും എഴുത്തച്ഛന്‍ എണ്ണിപ്പറയുന്നുണ്ട് ഓരോരോ നേട്ടങ്ങള്‍.ധനം,ധാന്യം, വിദ്യ, നല്ലബന്ധുക്കള്‍, മക്കള്‍, ആരോഗ്യം, ശ്രേഷ്ഠജനസമ്മതി.സുഖം, ദീര്‍ഘായുസ്സ്, മോക്ഷം എന്നിവ.കൂട്ടത്തില്‍ ഉപദ്രവകാരികളായചിലതു നശിച്ചുപോകണം, ഒഴിവായി പോവണം എന്നും ആഗ്രഹം കാണുമല്ലോ? അതേപ്പറ്റിവേറേ പറയുന്നതു നോക്കൂ.

ശത്രുക്കള്‍, വിഘ്‌നങ്ങള്‍, പാപങ്ങള്‍രോഗം, ദു:ഖം,ഭയം ഇവയൊക്കെ ഒഴിഞ്ഞുപോകണമെന്നു ഏതു സ്ത്രീയാണ്, പുരുഷനാണ് ആഗ്രഹിക്കാത്തത്? എന്തെങ്കിലും കിട്ടുമെന്നറിഞ്ഞാല്‍ ആ വഴിയ്‌ക്കോടാന്‍ ആളുകള്‍തയ്യാറാണ്. നിധി കിട്ടുമെന്നറിഞ്ഞാല്‍ എത്ര ആഴത്തിലും ഭൂമി കുഴിച്ചുനോക്കുകയില്ലേ? നല്ല ജോലി കിട്ടുമെന്നു വന്നാല്‍ എത്രകഠിനമായ പഠന- പരിശീലനങ്ങള്‍ക്കും കുട്ടികള്‍ തയ്യാറാകില്ലേ? ഭൗതിക സുഖങ്ങള്‍ സാധിച്ചുകിട്ടണമെന്നതാണ് മിക്ക മനുഷ്യരുടേയും ആഗ്രഹം. എങ്കിലിതാ സര്‍വ്വാഭീഷ്ടങ്ങളും സാധിക്കാന്‍ ഒരുപായം- എഴുത്തച്ഛന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ മലയാളികളോടു പറഞ്ഞു: രാമായണം വായിക്കൂ, കേള്‍ക്കൂ, പഠിക്കൂ, പഠിപ്പിക്കൂ എന്ന്. വായിച്ചു തുടങ്ങിയാല്‍ ആ വരികളിലൂടെ, കഥാപാത്രങ്ങളിലൂടെ, സംഭവപരമ്പരകളിലൂടെ ഒരു നല്ല വായനക്കാരന്‍ ആത്മജ്ഞാനം നേടുമെന്നതുറപ്പാണ്. സത്യം,ധര്‍മ്മം,സ്‌നേഹം,ത്യാഗം,ഭക്തി,ധൈര്യം,ഔചിത്യം ബഹുമാനം തുടങ്ങിയ ഗുണങ്ങള്‍ അയാളിലുണ്ടാകും. അനേകം പേര്‍ രാമായണം വായിക്കുകയും, കേള്‍ക്കുകയും ചെയ്യുന്നുവെങ്കിലോ? ഒരു സമൂഹം മുഴുവന്‍ മാതൃകാപരമായ മാനവിക സംസ്‌കാരത്തിന്റെ വിളനിലമായി മാറും. ആ അവസ്ഥയെ രാമരാജ്യമെന്നു പറയാം. അതായിരുന്നു രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്വപ്‌നവും. രാമായണം വായിക്കുന്നതിലൂടെ മലയാളികളായ നമുക്ക് സിദ്ധിക്കുന്ന ഒരു പ്രത്യേക ഗുണത്തെക്കൂടി പറയാതെ വയ്യ. എഴുത്തച്ഛന്‍ അതു പറഞ്ഞിട്ടില്ല; പറയേണ്ടതുമില്ല. ഭാഷാവൈഭവമാണ് ആഗുണം. മലയാള ഭാഷയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ജനകീയമാക്കുകയും ചെയ്ത മഹാനാണ് എഴുത്തച്ഛന്‍.

അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നവര്‍” വാരിധിതന്നില്‍ തിരമാലകളെന്നപോലെ” വരുന്ന വാക്‌ദേവതയുടെ അനുഗ്രഹങ്ങള്‍ക്കു പാത്രീഭൂതരാകും. മലയാളഭാഷ പലഭാഗങ്ങളില്‍ നിന്നുമായി നേരിടുന്ന അവഗണനയ്ക്കും വെല്ലുവിളികള്‍ക്കും തടയിടാന്‍ ഒരു പരിധി വരെ രാമായണ വായന ഉപകരിക്കാതിരിക്കില്ല.കര്‍ക്കടകത്തില്‍ മാത്രമല്ല; ”നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തി പൂണ്ടദ്ധ്യയനം” ചെയ്യണം രാമായണമെന്നാണ് എഴുത്തച്ഛന്‍ പറഞ്ഞവസാനിപ്പിക്കുന്നത്. അതിനാല്‍ നമുക്കു നിത്യവും വായിക്കാം രാമായണം; ഭാഷാഗുണത്തിനും, സ്വഭാവഗുണത്തിനും, ആത്മോന്നതിക്കും വേണ്ടി. അതിലുപരി ലോകനന്മക്കുവേണ്ടിയും കൂടി.

ramayanam