രാമായണമാസം ഇരുപത്തിരണ്ടാം ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

By online desk .06 08 2020

imran-azhar

രാമായണ മാസപാരായണം ഇരുപത്തിരണ്ടാം ദിവസമായ ഇന്ന് (കർക്കടകം 22) (06.08.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

 

 

നിജതനയ വചനമിതി കേട്ടു ദശാനനന്‍
നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍:
ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-
മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും
ഉപവനവുമനിശമതു കാക്കുന്നവരെയു-
മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും
ത്വരിതമതി ബലമൊടു തകര്‍ത്തു പൊടിച്ചതും
തൂമയോടാരുടെ ദൂതനെന്നുള്ളതും
ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു-
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും
പവനസുതനൊടു വിനയതനയസഹിതമാദരാല്‍
പപ്രച്ഛ” നീയാരയച്ചു വന്നൂ കപേ!
നൃപസദസികഥയ മമ സത്യം മഹാമതേ!
നിന്നെയഴിച്ചു വിടുന്നുണ്ടു നിര്‍ണ്ണയം
ഭയമഖിലമകതളിരില്‍ നിന്നുകളഞ്ഞാലും
ബ്രഹ്മസഭയ്ക്കൊക്കു മിസ്സഭ പാര്‍ക്ക നീ
അനൃത വചനവു മലമധര്‍മ്മ കര്‍മ്മങ്ങളു-
മത്ര ലങ്കേശ രാജ്യത്തിങ്കലില്ലെടോ!”
നിഖില നിശിചരകുല ബലാധിപന്‍ ചോദ്യങ്ങള്‍
നീതിയോടേ കേട്ടുവായുതനയനും
മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു
മന്ദഹാസേന മന്ദേതരം ചൊല്ലിനാന്‍:


ഹനുമാന്റെ ഹിതോപദേശം


“സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ!
പൂജ്യന‍ാം രാമദൂതന്‍ ഞാനറിക നീ
ഭുവനപതി മമപതി പുരന്ദരപൂജിതന്‍
പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍
ഭുജഗകുലപതിശയനമലനഖിലേശ്വരന്‍
പൂര്‍വ്വദേവാരാതി ഭുക്തിമുക്തിപ്രദന്‍
പുരമഥനഹൃദയമണിനിലയനനിവാസിയ‍ാം
ഭൂതേശസേവിതന്‍ ഭൂതപഞ്ചാത്മകന്‍
ഭുജകുലരിപുമണിരഥദ്ധ്വജന്‍ മാധവന്‍
ഭൂപതിഭൂതിവിഭൂഷണസമ്മിതന്‍
നിജജനകവചനമതുസത്യമാക്കീടുവാന്‍
നിര്‍മ്മലന്‍ കാനനത്തിന്നു പുറപ്പെട്ടു
ജനകജയുമവരജനുമായ് മരുവുന്ന നാള്‍
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ
തവ മരണമിഹവരുവതിന്നൊരു കാരണം
താമരസോത്ഭവകല്പിതം കേവലം
തദനു ദശരഥതനയനും മതംഗാശ്രമേ
താപേന തമ്പിയുമായ് ഗമിച്ചീടിനാന്‍
തപനതനയനൊടനലസാക്ഷിയായ് സഖ്യവും
താല്പര്യമുള്‍ക്കൊണ്ടു ചെയ്തോരനന്തരം
അമരപതിസുതനെയൊരു ബാണേന കൊന്നുട
നര്‍ക്കാത്മജന്നു കിഷ്കിന്ധയും നല്‍കീടിനാന്‍
അടിമലരിലവനമനമഴകിനൊടു ചെയ്തവ-
നാധിപത്യം കൊടുത്താധി തീര്‍ത്തീടിനാന്‍
അതിനവനുമവനിതനയാന്വേഷണത്തിനാ-
യാശകള്‍ തോറുമേകൈക നൂറായിരം
പ്ലവഗകുലപരിവൃഢരെ ലഖുതരമയച്ചതി-
ലേകനഹമിഹവന്നു കണ്ടീടിനേന്‍
വനജവിടപികളെയുടനുടനിഹ തകര്‍ത്തതും
വാനരവംശ പ്രകൃതിശീലം വിഭോ!
ഇകലില്‍ നിശിചരവരരെയൊക്കെ മുടിച്ചതു-
മെന്നെ വധിപ്പതിന്നായ് വന്ന കാരണം
മരണഭയമകതളിരിലില്ലയാതേ ഭുവി
മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണ്ണയം
ദശവദന ! സമരഭുവി ദേഹരക്ഷാര്‍ത്ഥമായ്
ത്വദ്ഭൃത്യവര്‍ഗ്ഗത്തെ നിഗ്രഹിച്ചേനഹം
ദശനിയുതശതവയസി ജീര്‍ണ്ണമെന്നാകിലും
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ
തവ തനയകരഗളിത വിധിവിശിഖപാശേന
തത്ര ഞാന്‍ ബദ്ധനായേനൊരു കാല്‍ക്ഷണം
കമലഭവമുഖസുരവരപ്രഭാവേന മേ
കായത്തിനേതുമേ പീഡയുണ്ടായ്‌വരാ
പരിഭവമൊരു പൊഴുതു മരണവുമകപ്പെടാ
ബദ്ധഭാവേന വന്നീടിനേനത്ര ഞാന്‍
അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ-
ളദ്യഹിതം തവ വക്തുമുദ്യുക്തനായ്
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം
അതുജഗതി കരുതു കരുണാത്മന‍ാം ധര്‍മ്മമെ-
ന്നാത്മോപദേശമജ്ഞാനിന‍ാം മോക്ഷദം
മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍
മഗ്നനായീടൊലാ മോഹമഹ‍ാം ബുധൌ
ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ
ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ
അതു ജനനമരണ ഭയനാശിനീ നിര്‍ണ്ണയ-
മന്യയായുള്ളതു സംസാര കാരിണി
അമൃതഘനവിമലപരമാത്മബോധോചിത-
മത്യുത്തമാന്വയോദ് ഭൂതനല്ലോ ഭവാന്‍
കളക തവ ഹൃദി സപദി തത്ത്വബോധേന നീ
കാമകോപദ്വേഷലോഭമോഹാദികള്‍
കമലഭവസുതതനയ നന്ദനനാകയാല്‍
കര്‍ബുരഭാവം പരിഗ്രഹിയായ്ക നീ
ദനുജസുര മനുജഖഗമൃഗഭുജഗഭേദേന
ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ
പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും
പ്രാണദേഹങ്ങളാത്മാവല്ലറികെടോ!
അമൃതമയനജനമലനദ്വയനവ്യയ-
നാനന്ദപൂര്‍ണ്ണനേകന്‍ പരന്‍ കേവലന്‍
നിരുപമമനമേയനവ്യക്തന്‍ നിരാകുലന്‍
നിര്‍ഗ്ഗുണന്‍ നിഷ്കളങ്കന്‍ നിര്‍മ്മമന്‍ നിര്‍മ്മലന്‍
നിഗമവരനിലയനനന്തനാദ്യന്‍ വിഭു
നിത്യന്‍ നിരാകാരനാത്മാ പരബ്രഹ്മം
വിധിഹരിഹരാദികള്‍ക്കും തിരിയാതവന്‍
വേദാന്തവേദ്യനവേദ്യനജ്ഞാനിന‍ാം
സകലജഗദിദമറിക മായാമയം പ്രഭോ!
സച്ചിന്മയം സത്യബോധം സതാതനം
ജഡമഖിലജഗദിദമനിത്യമറിക നീ
ജന്മജരാമരണാദി ദുഃഖാന്വിതം
അറിവതിനു പണിപരമ പുരുഷ മറിമായങ്ങ-
ളാത്മാനമാത്മനാ കണ്ടു തെളിക നീ
പരമഗതി വരുവതിനു പരമൊരുപദേശവും
പാര്‍ത്തുകേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാന്‍
അനവരതമകതളിരിലമിതഹരിഭക്തികൊ-
ണ്ടാത്മവിശുദ്ധി വരുമെന്നു നിര്‍ണ്ണയം
അകമലരുമഘമകലുമളവതി വിശുദ്ധമാ-
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം
വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന-
വിശ്വാസകേവലാനന്ദാനുഭൂതിയാല്‍
രജനിചരവനദഹനമന്ത്രാക്ഷരദ്വയം
രാമരാമേതി സദിവ ജപിക്കയും
രതി സപദി നിജഹൃദി വിഹായ നിത്യം മുദാ
രാമപാദ ധ്യാനമുള്ളിലുറയ്ക്കയും
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി-
ലാഹന്ത! വേണ്ടുന്നതാകയാലാശു നീ
ഭജഭവ ഭയാപഹം ഭക്തലോകപ്രിയം
ഭാനുകോടിപ്രഭം വിഷുപദ‍ാംബുജം
മധുമഥനചരണസരസിജയുഗളമാശു നീ
മൌഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ-
കുണ്ഠലോകം ഗമിപ്പാന്‍ വഴിനോക്കു നീ
പരധന കളത്രമോഹ്ന നിത്യം വൃഥാ
പാപമാര്‍ജ്ജിച്ചു കീഴ്പോട്ടു വീണിടൊലാ
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗത വത്സലം
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തിവിശ്വാസേന സേവിക്ക സന്തതം
ശരണമിതി ചരണകമലേ പതിച്ചീടെടോ!
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്
കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാര്‍ക്കുമോ
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!
സനകമുഖമുനികള്‍ വചനങ്ങളിതോര്‍ക്കെടോ
സത്യം മയോക്തം വിരിഞ്ചാദി സമ്മതം“
അമൃതസമവചനമിതിപവനതനയോദിത-
മത്യന്തരോഷേണ കേട്ടു ദശാനനന്‍
നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍
നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാന്‍
തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിന്‍
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മ‍ാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?
ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല
പാപിയായോരു ദുഷ്ടാത്മാശഠനിവന്‍
കഥയമമ കഥയമ രാമനെന്നാരു ചൊല്‍?
കാനനവാസി, സുഗ്രീവനെന്നാരെടോ?
അവരെയുമനന്തരം ജാനകി തന്നെയു-
മത്യന്ത ദുഷ്ടന‍ാം നിന്നെയും കൊല്ലുവന്‍”
ദശവദന വചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാന്‍!
“നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിര്‍ത്തീടിലും
നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!”
പവനസുത വചനമിതു കേട്ടു ദശാസ്യനും
പാര്‍ശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാന്‍!
“ഇവിടെ നിശിചരരൊരുവരായുധപാണിയാ-
യില്ലയോ കള്ളനെക്കൊല്ലുവാന്‍ ചൊല്ലുവിന്‍”
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ-
നപ്പോള്‍ വിഭീഷണന്‍ ചൊല്ലിനാന്‍ മെല്ലവേ!
“അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ-
ന്നാര്‍ക്കടുത്തൂ നൃപന്മാര്‍ക്കു ചൊല്ലീടുവിന്‍
ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ-
ലെങ്ങനെയങ്ങറിയുന്നിതു രാഘവന്‍
അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ-
മങ്ങയയ്ക്കേണമതല്ലോ നൃപോചിതം ?“
ഇതിസദസി ദശവദന സഹജവചനേന താ-
നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാന്‍.

ലങ്കാദഹനം

വദനമപി കരചരണമല്ല ശൌര്യാസ്പദം
വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു
വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു
വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും
രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി-
രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ
നിഖിലദിശി പലരുമിഹ കേള്‍ക്കുമാറുച്ചത്തില്‍
നീളെ വിളിച്ചു പറഞ്ഞുനടത്തുവിന്‍
കുലഹതകനിവനറികനിസ്തേജനെന്നു തന്‍-
കൂട്ടത്തില്‍ നിന്നു നീക്കീടും കപികുലം
തിലരസഘൃതാദി സംസിതവസ്ത്രങ്ങളാല്‍
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബല നചലതരമവിടെ മരുവീടിനാ-
നത്യായത സ്ഥൂലമായിതുവാല്‍ തദാ-
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു-
വാലുമതീവ ശേഷിച്ചിതു പിന്നെയും
നിഖിലനിലയന നിഹിതപട്ട‍ാംബരങ്ങളും
നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാര്‍.
അതുമുടനൊടുങ്ങി വാല്‍ശേഷിച്ചു കണ്ടള-
വങ്ങുമിങ്ങും ചെന്നുകൊണ്ടുവന്നീടിനാര്‍
തിലജഘൃത സുസ്നേഹസംസിതവസ്ത്രങ്ങള്‍
ദിവ്യപട്ട‍ാംശുക ജാലവും ചുറ്റിനാര്‍
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും
അലമലമിതമലനിവനെത്രയും ദിവ്യനി-
താര്‍ക്കു തോന്നീ വിനാശത്തിനെന്നാര്‍ ചിലര്‍
അനലമിഹവസനമിതി നനലമിനിവാലധി-
ക്കാശു കൊളുത്തുവിന്‍ വൈകരുതേതുമേ
പുനരവരുമതു പൊഴുതു തീകൊളുത്തീടിനാര്‍
പുച്ഛാഗ്രദേശേ പുരന്ദരാരാദികള്‍
ബലസഹിതമബലമിവരജ്ജുഖണ്ഡം കൊണ്ടു-
ബധ്വാ ദൃഢതരം ധൃത്വാ കപിവരം
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാരവമരം ഗത്വാപുരവരം
പറകളെയുമുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
പവനജനുമതികൃശശരീരനായീടിനാന്‍
പാശവുമപ്പോള്‍ ശിധിലമായ് വന്നിതു
ബലമൊടവനതിചപലമചലനിഭ ഗാത്രനായ്
ബന്ധവും വേര്‍പെട്ടു മേല്‍പ്പോട്ടുപൊങ്ങിനാന്‍
ചരമഗിരിഗോപുരാഗ്രേ വായുവേഗേന
ചാടിനാന്‍ വാഹകന്മാരെയും കൊന്നവന്‍
ഉഡുപതിയൊടുരസുമടവുയരമിയലുന്നര-
ത്നോത്തുംഗ സൌധാഗ്രമേറി മേവീടിനാന്‍
ഉദവസിതനികരമുടനുടനുടനുപരിവേഗമോ-
ടുല്പ്ലുത്യ പിന്നെയുമുല്പ്ലുത്യ സത്വരം
കനക മണിമയനിലയമഖിലമനിലാത്മജന്‍
കത്തിച്ചു കത്തിച്ചു വര്‍ദ്ധിച്ചിതഗ്നിയും
പ്രകൃതിചപലതയൊടവനചലമോരോ മണി-
പ്രാസാദജാലങ്ങള്‍ ചുട്ടുതുടങ്ങിനാന്‍
ഗജതുരഗരഥബലപദാതികള്‍ പംക്തിയും
ഗമ്യങ്ങളായുള്ള രമ്യഹര്‍മ്മ്യങ്ങളും
അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചൂതദാ
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാന്‍
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയര്‍ന്നു ചെന്നൂ മുദാ
ഭുവനതലഗതവിമല ദിവ്യരത്നങ്ങളാല്‍
ഭൂതിപരിപൂര്‍ണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതി പരിപൂര്‍ണ്ണമായ് വന്നിതത്ഭുതം
ദശവദനസഹജ ഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങള്‍ വെന്തുകൂടീജവം
രഘുകുലപതി പ്രിയഭൃത്യന‍ാം മാരുതി
രക്ഷിച്ചുകൊണ്ടാന്‍ വിഭീഷണമന്ദിരം
കനകമണിമയനിലയനികരമതുവെന്തോരോ
കാമിനീവര്‍ഗ്ഗം വിലാപം തുടങ്ങിനാര്‍
ചികുരഭരവസനചരണാദികള്‍ വെന്താശു
ജീവനും വേര്‍പെട്ടു ഭൂമൌ പതിക്കയും
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൌധങ്ങളിലേറിയും
ദഹനനുടനവിടെയുമെടുത്തു ദഹിപ്പിച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും
മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കര്‍മ്മമയ്യോ! വിധി ദൈവമേ!
മരണമുടനുടലുരുകിമുറുകി വരികെന്നതു
മാറ്റുവാനാരുമില്ലയ്യോ! ശിവശിവ!
ദുരിതമിതുരജനിചരവരവിരചിതം ദൃഡം
മറ്റൊരു കാരണമില്ലിതിനേതുമേ
പരധനവുമമിതപരദാരങ്ങളും ബലാല്‍
പാപി ദശാസ്യന്‍ പരിഗ്രഹിച്ചാന്‍ തുലോം
അറികിലനുചിതമതുമദേന ചെയ്തീടായ്‌വി-
നാരുമതിന്റെ ഫലമിതു നിര്‍ണ്ണയം
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു
മറ്റുള്ളവര്‍ക്കുമാപത്തായിതിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാരവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം
മദനശ്രപരവശതയൊടു ചപലനായിവന്‍
മാഹാത്മ്യമുള്ളപതിവ്രതമാരെയും
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമിചാരിത്രഭ്മ്ഗം വരുത്തീടിനാന്‍
അവര്‍ മനസി മരുവിന തപോമയപാവക
നദ്യ രാജ്യേ പിടിപെട്ടിതു കേവലം
നിശിചരികള്‍ ബഹുവിധമൊരോന്നേ പറകയും
നില്‍ക്കും നിലയിലേ വെന്തുമരിക്കയും
ശരണമിഹ കിമിതി പലവഴിയുമുടനോടിയും
ശാഖികള്‍ വെന്തുമുറിഞ്ഞുടന്‍ വീഴ്കയും
രഘുകുലവരേഷ്ടദൂതന്‍ ത്രിയാമാചര-
രാജ്യമെഴുനൂറു യോജനയും ക്ഷണാല്‍
സരസബഹുവിഭവയുതഭോജനം നല്‍കിനാന്‍
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധി തന്നിലേ
ലാഗുലവും തച്ചു തീ പൊലിച്ചീടിനാന്‍
പവനജനെ ദഹനനപി ചുട്ടതില്ലേതുമെ
പാവകനിഷ്ടസഖനാക കാരണം
പതിനിരതയാകിയ ജാനകീദേവിയാല്‍
പ്രാര്‍ത്ഥിതനാകയാലും കരുണാവശാല്‍
അവനിതനയാകൃപാവൈഭവമത്ഭുത-
മത്യന്തശീതളനായിതു വഹ്നിയും
രജനിചരകുലവിപിന പാവകനാകിയ
രാമനാമസ്മൃതി കൊണ്ടു മഹാജനം
തനയധനദാരമോഹാര്‍ത്തരെന്നാകിലും
താപത്രയാനലനെക്കടന്നീടുന്ന
തദഭിമതകാരിയായുള്ള ദൂതന്നു സ-
ന്താപം പ്രകൃതാനലേന ഭവിക്കുമോ?
ഭവതിയദിമനുജജനം ഭുവിസാമ്പ്രതം
പങ്കജഓചനനെ ഭജിച്ചീടുവിന്‍
ഭുവനപതി ഭുജഗപതിശയന ഭജനം ഭുവി
ഭൂതദൈവാത്മ സംഭൂതതാപാപഹം
തദനുകപികുലവരനുമവനി തനയാപദം
താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാന്‍
അഹമിനിയുമുഴറി നടകൊള്ളുവനക്കര-
യ്ക്കാജ്ഞാപ യാശുഗച്ഛാമി രാമാന്തികം
രഘുവരനുമവരജനുമരുണജനുമായ് ദ്രുത-
മാഗമിച്ചീടൂമനന്തസേനാസമം
മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ
മദ്ഭരം കര്യമിഞീഅനകാത്മജേ!
തൊഴുതമിതവിനയമിതി ചൊന്നവന്തന്നോടു
ദുഃഖമുള്‍ക്കൊണ്ടു പറഞ്ഞിതു സീതയും:
“മമരമണചരിതമുരചെയ്ത നിന്നെക്കണ്ടു
മാനസതാപമകന്നിതു മാമകം
കഥമിനിയുമഹമിഹ വസാമിശോകേന മല്‍
കാതവൃത്താന്ത ശ്രവണസൌഖ്യം വിനാ”
ജനകനൃപദു ഹിതൃഗിരമിങ്ങനെ കേട്ടവന്‍
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍
“കളകശുചമിനി വിരഹമലമതിനുടന്‍ മമ
സ്കന്ധമാരോഹ ക്ഷണേന ഞാന്‍ കൊണ്ടുപോയ്
തവരമണസവിധമുപഗമ്യ യോജിപ്പിച്ചു
താപംശേഷ മദ്യൈവ തീര്‍ത്തീടുവന്‍
പവനസുത വചനമിതി കേട്ടു വൈദേഹിയും
പാരം പ്രസാദിച്ചു പാര്‍ത്തുചൊല്ലീടിനാള്‍
അതിനുതവകരുതു മളവില്ലൊരു ദണ്ഡമെ-
ന്നാത്മനിവന്നിതു വിശ്വസമദ്യ മേ
ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ
ശോഷേണ ബന്ധനാദ്യൈരപി സാഗരം
കപികുല ബലേനകടന്നു ജഗത്രയ
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മ‍ാം
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു
മല്പ്രാണനാഥ കീര്‍ത്തിക്കു പോരാ ദൃഢം
രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു
രാവണനെക്കൊന്നു കൊണ്ടു പൊയ്ക്കൊള്ളുവാന്‍
അതിരഭസമയിതനയ! വേലചെയ്തീടു നീ-
യത്ര നാളും ധരിച്ചീടുവന്‍ ജീവനെ”
ഇതിസദയ മവനൊടരുള്‍ ചെയ്തയച്ചീടിനാ-
ളിന്ദിരാദേവിയും, പിന്നെ വാതാത്മജന്‍
തൊഴുതഖില ജനനിയൊടു യാത്ര വഴങ്ങിച്ചു
തൂര്‍ണ്ണം മഹാര്‍ണ്ണവം കണ്ടു ചാടീടിനാന്‍.


ഹനുമാന്റെ പ്രത്യാഗമനം


ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍
തീവ്രനാദംകേട്ടു വാനരസംഘവും
കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും
കാര്യമാഹന്ത സാധിച്ചുവരുന്നിതു
പവനസുതനതിനുനഹി സംശയം മാനസേ
പാര്‍ത്തുകാണ്‍കൊച്ച കേട്ടാലറിയാമതും
കപി നിവഹമിതി ബഹുവിധം പറയുംവിധൌ-
കാണായി തദ്രിശിരസി വാതാത്മജം
“കപിനിവഹവീരരേ! കണ്ടിതു സീതയെ
കാകുല്‍‌സ്ഥവീരനനുഗ്രഹത്താലഹം
നിശിചര വരാലയമാകിയ ലങ്കയും
നിശ്ശേഷമുദ്യാനവും ദഹിപ്പിച്ചിതു
വിബുധകുല വൈരിയാകും ദശഗ്രീവനെ
വിസ്മയമമ്മാറു കണ്ടുപറഞ്ഞിതു
ഝടിതി ദശരഥസുതനൊടിക്കഥ ചൊല്ലുവാന്‍
ജ‍ാംബവദാദികളേ നടന്നീടുവിന്‍”
അതുപൊഴുതു പവനതനയനെയുമവരാദരി-
ച്ചാലിംഗ്യ ഗാഢമാചുംബ്യവാലാഞ്ചലം
കുതുകമൊടു കപിനിചയമനിലജനെമുന്നിട്ടു-
കൂട്ടമിട്ടാര്‍ത്തു വിളിച്ചു പോയീടിനാര്‍
പ്ലവഗകുലപരിവൃഢരുമുഴറി നടകൊണ്ടു പോയ്
പ്രസ്രവണാചലം കണ്ടുമേവീടിനാര്‍
കുസുമദലഫലമധുലതാതരുപൂര്‍ണ്ണമ‍ാം
ഗുല്‍മസമാവൃതം സുഗ്രീവപാലിതം
ക്ഷുധിതപരിപീഡിതരായ കപികുലം
ക്ഷുദ്വിനാശാര്‍ത്ഥമാര്‍ത്ത്യാ പറഞ്ഞീടിനാര്‍
ഫലനികര സഹിതമിഹ മധുരമധുപൂരവും
ഭക്ഷിച്ചുദാഹവും തീര്‍ത്തുനാമൊക്കവേ
തരണിസുത സവിധമുപഗമ്യവൃത്താന്തങ്ങള്‍
താമസം കൈവിട്ടുണര്‍ത്തിക്കസാദരം
അതിനനുവദിച്ചരുളേണമെന്നാശ പൂ-
ണ്ടംഗദനോടാപക്ഷിച്ചോരനന്തരം
അതിനവനുമവരൊടുടനാജ്ഞയെച്ചെയ്കയാ-
ലാശു മഹുവനം പുക്കിതെല്ലാവരും
പരിചൊടതിമധുരമധുപാനവും ചെയ്തവര്‍
പക്വഫലങ്ങള്‍ ഭക്ഷിക്കും ദശാന്തരേ
ദധിമുഖനുമനിശമതുപാലനം ചെയ്‌വിതു-
ദാനമാനേന സുഗ്രീവസ്യശാസനാല്‍
ദധിവദനവചനമൊടു നിയതമതുകാക്കുന്ന-
ദണ്ഡധരന്മാരടുത്തു തടുക്കയാല്‍
പവനസുതമുഖകപികള്‍ മുഷ്ടിപ്രഹാരേണ-
പാഞ്ഞാര്‍ ഭയപ്പെട്ടവരുമതിദ്രുതം
ത്വരിതമഥ ദധിമുഖനുമാശു സുഗ്രീവനെ-
ത്തൂര്‍ണ്ണമാലോക്യ വൃത്താന്തങ്ങള്‍ ചൊല്ലിനാന്‍
തവമധുവനത്തിനു ഭംഗം വരുത്തിനാര്‍
താരേയനാദികളായ കപിബലം
സുചിരമതു തവ കരുണയാ പരിപാലിച്ചു
സുസ്ഥിരമാധിപത്യേന വാണേനഹം
വലമഥനസുതതനയനാദികളൊക്കവേ
വന്നു മദ്ഭൃത്യജനത്തെയും വെന്നുടന്‍
മധുവനവുമിതുപൊഴുതഴിച്ചിതെന്നിങ്ങനെ
മാതുലവാക്യമാകര്‍ണ്യ സുഗ്രീവനും
നിജമനസി മുഹുരപി വളര്‍ന്ന സന്തോഷേണ
നിര്‍മ്മലാത്മാ രാമനോടു ചൊല്ലീടിനാന്‍
പവനതനയാദികള്‍ കാര്യവും സാധിച്ചു
പാരം തെളിഞ്ഞുവരുന്നിതു നിര്‍ണ്ണയം
മധുവനമതല്ലയെന്നാകിലെന്നെ ബഹു-
മാനിയാതേ ചെന്നു കാണ്‍കയില്ലാരുമേ
അവരെ വിരവൊടു വരുവതിന്നുചൊല്ലങ്ങു ചെ-
ന്നാത്മനി ഖേദിക്കവേണ്ടാ വൃഥാ ഭവാന്‍
അവനുമതുകേട്ടുഴറിച്ചെന്നു ചൊല്ലിനാ-
നഞ്ജനാപുത്രാദികളോടു സാദരം

 

ഹനുമാന്‍ ശ്രീരാമസന്നിധിയില്‍


അനിലതനയ‍ാംഗദ ജ‍ാംബവദാദിക-
ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍
പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ-
പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍
പുകള്‍പെരിയപുരുഷമണി രാമന്‍ തിരുവടി
പുണ്യപുരുഷന്‍ പുരുഷോത്തമന്‍പരന്‍
പുരമഥനഹൃദിമരുവുമഖില ജഗദീശ്വരന്‍
പുഷ്കരനേത്രന്‍ പുരന്ദരസേവിതന്‍
ഭുജഗപതിശയനനമലന്‍ ത്രിജഗല്പരി-
പൂര്‍ണ്ണന്‍ പുരുഹൂതസോദരന്‍ മാധവന്‍
ഭുജഗകുലഭൂഷണാരാധിത‍ാംഘ്രിദ്വയന്‍
പുഷ്കരസംഭവപൂജിതന്‍ നിര്‍ഗ്ഗുണന്‍
ഭുവനപതി മഖപതി സത‍ാം‌പതി മല്പതി
പുഷ്കരബാന്ധവപുത്രപ്രിയസഖി
ബുധജനഹൃദിസ്ഥിതന്‍ പൂര്‍വദേവാരാതി
പുഷ്കരബാന്ധവവംശസമുത്ഭവന്‍
ഭുജബലവത‍ാംവരന്‍ പുണ്യജനകാത്മകന്‍
ഭൂപതിനന്ദനന്‍ ഭൂമിജാവല്ലഭന്‍
ഭുവനതലപാലകന്‍ ഭൂതപഞ്ചാത്മകന്‍
ഭൂരിഭൂതിപ്രദന്‍ പുണ്യജനാര്‍ച്ചിതന്‍
ഭുജഭവകുലാധിപന്‍ പുണ്ഡരീകാനനന്‍
പുഷ്പബാണോപമന്‍ ഭൂരികാരുണ്യവാന്‍
ദിവസകരപുത്രനും സൌമിത്രിയും മുദാ-
ദിഷ്ടപൂര്‍ണ്ണം ഭജിച്ചന്തികേ സന്തതം
വിപിനഭുവിസുഖതരമിരിക്കുന്നതുകണ്ടു-
വീണുവണങ്ങിനാര്‍ വായുപുത്രാദികള്‍
പുനരഥഹരീശ്വരന്‍ തന്നെയും വന്ദിച്ചു-
ര്‍ണ്ണമോദം പറഞ്ഞാനഞ്ജനാത്മജന്‍
കനിവിനൊടു കണ്ടേനഹം ദേവിയെത്തത്ര-
കര്‍ബുരേണ്‍ദ്രാലയേ സങ്കടമെന്നിയേ
കുശലവുമുടന്‍ വിചാരിച്ചിതു താവകം
കൂടെസ്സുമിത്രാതനയനും സാദരം
ശിഥിലതരചികുരമൊടശോകവനികയില്‍
ശിംശപാമൂലദേശേ വസിച്ചീടിനാള്‍
അനശനമൊടതികൃശശരീരനായന്വഹ-
മാശരനാരീപരിവൃതയായ് ശുചാ
അഴല്പെരുകിമറുകി ബഹുബാഷ്പവും വാര്‍ത്തു-
വാര്‍ത്തയ്യോ! സദാ രാമരാമേതിമന്ത്രവും
മുഹുരപി ജപിച്ചു ജപിച്ചു വിലപിച്ചു
മുഗ്ദ്ധ‍ാംഗിമേവുന്ന നേരത്തു ഞാന്‍ തദാ
അതികൃശശരീരനായ് വൃക്ഷശാഖാദശാന്തരേ
ആനന്ദമുള്‍ക്കൊണ്ടിരുന്നേനനാകുലം
തവചരിതമമൃതസമമഖിലമറിയിച്ചഥ
തമ്പിയോടും നിന്തിരുവടി തന്നൊടും
ചെറുതുടജഭുവി രഹിതയായ് മേവും വിധൌ
ചെന്നു ദശാനനന്‍ കൊണ്ടങ്ങുപോയതും
സവിതൃസുതനൊടു ഝടിതി സഖ്യമുണ്ടായതും
സംക്രന്ദനാത്മജന്‍ തന്നെ വധിച്ചതും
ക്ഷിതിദുഹിതുരന്വേഷണാര്‍ത്ഥം കപീന്ദ്രനാല്‍
കീശൌഘമാശു നിയുക്തമായീടിനാര്‍
അഹമവരിലൊരുവനിവിടേയ്ക്കു വന്നീടിനേ-
നര്‍ണ്ണവം ചാടിക്കടന്നതിവിദ്രുതം
രവിതനയസചിവനഹമാശുഗനന്ദനന്‍
രാമദൂതന്‍ ഹനുമാനെന്നു നാമവും
ഭവതിയെയുമിഹഝടിതി കണ്ടുകൊണ്ടേനഹോ
ഭാഗ്യമാഹന്ത ഭാഗ്യം കൃതാര്‍ത്ഥോസ്മ്യഹം
ഫലിതമഖിലം മയാദ്യപ്രയാസം ഭൃശം
പത്മജാലോകനം പാപവിനാശനം
മമവചനമിതിനിഖിലമാകര്‍ണ്ണ്യജാനകി
മന്ദമന്ദം വിചാരിച്ചിതു മാനസേ
ശ്രവണയുഗളാമൃതം കേന മേ ശ്രാവിതം
ശ്രീമതാമഗ്രേസരനവന്‍ നിര്‍ണ്ണയം
മമ നയനയുഗളപഥമായാതു പുണ്യവാന്‍
മാനവവീര പ്രസാദേന ദൈവമേ!
വചനമിതിമിഥിലതനയോദിതം കേട്ടു ഞാന്‍
വാനരാകാരേണ സൂക്ഷ്മശരീരനായ്
വിനയമൊടു തൊഴുതടിയില്‍ വീണു വണങ്ങിനേന്‍
വിസ്മയത്തോടു ചോദിച്ചിതു ദേവിയും
അറിവതിനു പറക നീയാരെന്നതെന്നോട്-
ത്യാദിവൃത്താന്തം വിവരിച്ചനന്തരം
കഥിതമഖിലം മയാദേവവൃത്താന്തങ്ങള്‍
കഞ്ജദളാക്ഷിയും വിശ്വസിച്ചീടിനാള്‍
അതുപൊഴുതിലകതളിരിലഴല്‍കളവതിന്നു ഞാ-
നംഗുലീയം കൊടുത്തീടിനേനാദരാല്‍
കരതളിരിലതിനെ വിരവോടു വാങ്ങിത്തദാ-
കണ്ണുനീര്‍കൊണ്ടു കഴുകിക്കളഞ്ഞുടന്‍
ശിരസി ദൃശി ഗളഭുവി മുലത്തടത്തിങ്കലും
ശീഘ്രമണച്ചു വിലപിച്ചിതേറ്റവും
പവനസുത! കഥയമമ ദുഃഖമെല്ല‍ാം ഭവാന്‍
പത്മാക്ഷനോടു നീ കണ്ടിതല്ലോ സഖേ!
നിശിചരികളനുദിനമുപദ്രവിക്കുന്നതും
നീയങ്ങുചെന്നുചൊല്കെന്നു ചൊല്ലീടിനാള്‍
തവചരിതമഖിലമലിവോടുണര്‍ത്തിച്ചു ഞാന്‍
തമ്പിയോടും കപിസേനയോടുംദ്രുതം
വയമവനിപതിയെ വിരവോടുകൂട്ടിക്കൊണ്ടു
വന്നുദശാസ്യകുലവും മുടിച്ചുടന്‍
സകുതുകമയോദ്ധ്യാപുരിക്കാശുകൊണ്ടുപോം
സന്താപമുള്ളിലുണ്ടാകരുതേതുമേ
ദശരഥസുതന്നു വിശ്വാസാര്‍ഥമായിനി-
ദ്ദേഹി മേ ദേവി ചിഹ്നം ധന്യമാദരാല്‍
പുനരൊരടയാളവാക്കും പറഞ്ഞീടുക
പുണ്യപുരുഷനു വിശ്വാസസിദ്ധയേ
അതുമവനിസുതയൊടഹമിങ്ങനെ ചൊന്നള-
വാശു ചൂഡാരത്നമാദരാല്‍ നല്‍കിനാള്‍
കമലമുഖി കനിവിനൊടു ചിത്രകൂടാചലേ
കാന്തനുമായ് വസിക്കുന്നാ‍ളൊരുദിനം
കഠിനതരനഖരനിക്രേണ പീഡിച്ചൊരു
കാകവൃത്താന്തവും ചൊല്‍കെന്നു ചൊല്ലിനാള്‍
തദനുപലതരമിവപറഞ്ഞും കരഞ്ഞുമുള്‍-
ത്താപം കലര്‍ന്നു മരുവും ദശാന്തരേ
ബഹുവിധചോവിഭാവേന ദുഃഖം തീര്‍ത്തു
ബിംബാധരിയെയുമാശ്വസിപ്പിച്ചു ഞാന്‍
വിടയുമുടനഴകൊടുവഴങ്ങിച്ചു പോന്നിതു
വേഗേന പിന്നെ മറ്റൊന്നു ചെയ്തേനഹം
അഖിലനിശിചരകുലപതിക്കഭീഷ്ടാസ്പദ-
മാരമമൊക്കെത്തകര്‍ത്തേനതിന്നുടന്‍
പരിഭവമൊടടല്‍ കരുതിവന്ന നിശാചര
പാപികളെക്കൊലചെയ്തേനസംഖ്യകം
ദശവദനസുതനെ മുഹുരക്ഷകുമാരനെ
ദണ്ഡധരാലയത്തിന്നയച്ചീടിനേന്‍
അഥ ദശമുഖാത്മജബ്രഹ്മാസ്ത്രബദ്ധനാ-
യാശരാധീരനെക്കണ്ടു പറഞ്ഞുഞാന്‍
ലഘുതരമശേഷം ദഹിപ്പിച്ചിതു ബത!
ലങ്കാപുരം പിന്നെയും ദേവിതന്‍പദം
വിഗതഭയമടിയിണ വണങ്ങി വാങ്ങിപ്പോന്നു
വീണ്ടും സമുദ്രവും ചാടിക്കടന്നു ഞാന്‍
തവചരണനളിനമധുനൈവ വന്ദിച്ചിതു
ദാസന്‍ ദയാനിധേ! പാഹിമ‍ാം! പാഹിമ‍ാം!”
ഇതിപവനസുതവചനമാഹന്ത! കേട്ടള-
വിന്ദിരാകാന്തനും പ്രീതിപൂണ്ടീടിനാന്‍
“സുരജനദുഷ്കരം കാര്യം കൃതംത്വയാ-
സുഗ്രീവനും പ്രസാദിച്ചിതുകേവലം
സദയമുപകാരമിച്ചെയ്തതിന്നാദരാല്‍
സര്‍വ്വസ്വവും മമ തന്നേന്‍ നിനക്കു ഞാന്‍
പ്രണയമനസാ ഭവാനാല്‍ കൃതമായതിന്‍
പ്രത്യുപകാരം ജഗത്തിങ്കലില്ലെടോ!
പുനരപിരമാവരന്‍ മാരുതപുത്രനെ”
പൂര്‍ണ്ണമോദം പുണര്‍ന്നീടിനാനാദരാല്‍
ഉരസിമുഹുരപിമുഹുരണച്ചു പുല്‍കീടിനാ-
നോര്‍ക്കെടോ! മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂര്‍ണ്ണപുണ്യൌഘസൌഭാഗ്യമുണ്ടായെടോ!
പരമശിവനിതിരഘുകുലാധിപന്‍ തന്നുടെ
പാവനമായ കഥയരുള്‍ ചെയ്തതും
ഭഗവതി ഭവാനി പരമേശ്വരി കേട്ടു
ഭക്തിപരവശയായ് വണങ്ങീടിനാള്‍
കിളിമകളുമതി സരസമിങ്ങനെ ചൊന്നതു
കേട്ടു മഹാലോകരും തെളിയേണമേ
ഇത്യദ്ധത്മരാമായണേ ഉമാമഹേശ്വരസംവാദേ
സുന്ദരകാണ്ഡം സമാപ്തം
ഹരേ രാമ....ഹരേ കൃഷ്ണാ

OTHER SECTIONS