രാമായണമാസം ഇരുപത്തിയേഴാം ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാമായണ മാസപാരായണം ഇരുപത്തിയേഴാം ദിവസമായ ഇന്ന് (കർക്കടകം 27) (11.09.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ ഇന്ദ്രജിത്തിന്റെ വിജയം 'മക്കളും തമ്പിമാരും മരുമക്കളു- മുൾക്കരുത്തേറും പടനായകന്മാരും

author-image
online desk
New Update
രാമായണമാസം ഇരുപത്തിയേഴാം  ദിവസമായ ഇന്ന് പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

രാമായണ മാസപാരായണം ഇരുപത്തിയേഴാം ദിവസമായ ഇന്ന് (കർക്കടകം 27) (11.09.2020) പാരായണം ചെയ്യേണ്ട ഭാഗങ്ങൾ

 

ഇന്ദ്രജിത്തിന്റെ വിജയം

'മക്കളും തമ്പിമാരും മരുമക്കളു-

മുൾക്കരുത്തേറും പടനായകന്മാരും

മന്ത്രികളും മരിച്ചീടിനാരേറ്റവ-

രെന്തിനി നല്ലതു ശങ്കര! ദൈവമേ!'

ഇത്ഥം വിലാപിച്ച നേരത്തു ചെന്നിന്ദ്ര-

ജിത്തും നമസ്കരിച്ചീടിനാൻ താതനെ

'ഖേദമുണ്ടാകരുതേതുമേ മാനസേ

താതനു ഞാനിഹ ജീവിച്ചിരിക്കവേ

ശത്രുക്കളെക്കൊലചെയ്തു വരുന്നതു-

ണ്ടത്തലും തീർത്തിങ്ങിരുന്നരുളേണമേ!

സ്വസ്ഥനായ്‌ വാഴുക ചിന്തയും കൈവിട്ടു

യുദ്ധേ ജയിപ്പാനനുഗ്രഹിക്കേണമേ!'

എന്നതു കേട്ടു തനയനേയും പുണർ-

'ന്നെന്നേ സുഖമേ ജയിച്ചു വരിക നീ'

വമ്പനാം പുത്രനും കുമ്പിട്ടു താതനെ-

ത്തൻപടയോടും നടന്നു തുടങ്ങിനാൻ

ശംഭുപ്രസാദം വരുത്തുവാനായ്ച്ചെന്നു

ജംഭാരിജിത്തും നികുംഭില പുക്കിതു

സംഭാരജാലവും സംപാദ്യ സാദരം

സംഭാവ്യ ഹോമമാരംഭിച്ചിതന്നേരം

രക്തമാല്യാംബര ഗന്ധാനുലേപന-

യുക്തനായ്ത്തത്ര ഗുരൂപദേശാന്വിതം

ഭക്തിപൂണ്ടുജ്ജ്വലിപ്പിച്ചഗ്നിദേവനെ

ശക്തി തനിയ്ക്കു വർദ്ധിച്ചുവരുവാനായ്‌

നക്തഞ്ചരാധിപപുത്രനുമെത്രയും

വ്യക്തവർണ്ണസ്വരമന്ത്രപുരസ്കൃതം

കർത്തവ്യമായുള്ള കർമ്മം കഴിച്ചഥ

ചിത്രഭാനുപ്രസാദത്താലതിദ്രുതം

ശസ്ത്രാസ്ത്രചാപരഥാദികളോടുമ-

ന്തർദ്ധാനവിദ്യയും ലബ്ധ്വാ നിരാകുലം

ഹോമസമാപ്തി വരുത്തിപ്പുറപ്പെട്ടു

രാമാദികളൊടു പോരിനായാശരൻ

പോർക്കളം പുക്കോരുനേരം കപികളും

രാക്ഷസരെച്ചെറുത്താർത്തടുത്തീടിനാൻ

മേഘജാലം വരിഷിക്കുന്നതുപോലെ

മേഘനാദൻ കണ തൂകിത്തുടങ്ങിനാൻ

പാഷാണപർവ്വതവൃക്ഷാദികൾകൊണ്ടു

ഭീഷണന്മാരായ വാനരവീരരും

ദാരുണമായ്‌ പ്രഹരിച്ചുതുടങ്ങിനാർ

വാരണവാജിപദാതിരഥികളും

അന്തകൻതൻ പുരിയിൽച്ചെന്നു പുക്കവർ-

ക്കന്തം വരുന്നതു കണ്ടൊരു രാവണി

സന്താപമോടുമന്തർദ്ധാനവും ചെയ്തു

സന്തതം തൂകിനാൻ ബ്രഹ്മാസ്ത്രസഞ്ചയം

വൃക്ഷങ്ങൾ വെന്തു മുറിഞ്ഞു വീഴുംവണ്ണ-

മൃക്ഷപ്രവരന്മാർ വീണു തുടങ്ങിനാർ

വമ്പരാം മർക്കടന്മാരുടെ മെയ്യിൽ വ-

ന്നമ്പതും നൂറുമിരുനൂറുമഞ്ഞൂറും

അമ്പുകൾ കൊണ്ടു പിളർന്നു തെരുതെരെ-

ക്കമ്പം കലർന്നു മോഹിച്ചു വീണീടിനാർ

അമ്പതുബാണം വിവിദനേറ്റൂ പുന-

രൊമ്പതും മൈന്ദനുമഞ്ചുഗജൻമേലും 

തൊണ്ണൂറുബാണം നളനും തറച്ചിത-

വണ്ണമേറ്റു ഗന്ധമാദനൻ മെയ്യിലും

ഈരൊമ്പതേറ്റിതു നീലനും മുപ്പതു-

മീരഞ്ചു ബാണങ്ങൾ ജാംബവാൻമെയ്യിലും

ആറു പനസനു, മേഴു വിനത,നീ-

രാറു സുഷേണനുമെട്ടു കുമുദനും

ആറഞ്ചു ബാണമൃഷഭനും, കേസരി-

ക്കാറുമൊരമ്പതുംകൂടെ വന്നേറ്റിതു

പത്തുശതബലിക്കൊമ്പതു ധൂമ്രനും

പത്തുമൊരെട്ടും പ്രമാഥിയ്ക്കുമേറ്റിതു

പത്തും പുനരിരുപത്തഞ്ചുമേറ്റിതു

ശക്തിയേറും വേഗദർശി,ക്കതുപോലെ

നാൽപതുകൊണ്ടു ദധിമുഖൻമെയ്യിലും

നാൽപത്തിരണ്ടു ഗവാക്ഷനുമേറ്റിതു

മൂന്നു ഗവയനുമഞ്ചു ശരഭനും

മൂന്നുമൊരു നാലുമേറ്റു സുമുഖനും

ദുർമ്മുഖനേറ്റിതിരുപത്തിനാലമ്പു

സമ്മാനമായറുപത്തഞ്ചു താരനും

ജ്യോതിർമ്മുഖനുമറുപതേറ്റു, പുന-

രാതങ്കമോടമ്പതഗ്നിവദനനും

അംഗദൻമേലെഴുപത്തഞ്ചു കൊണ്ടിതു-

തുംഗനാം സുഗ്രീവനേറ്റു ശരശതം

ഇത്ഥം കപികുലനായകന്മാരറു-

പത്തേഴു കോടിയും വീണിതു ഭൂതലേ

മർക്കടന്മാരിരുപത്തൊന്നു വെള്ളവു-

മർക്കതനയനും വീണോരനന്തരം

ആവതില്ലേതുമിതിന്നു നമുക്കെന്നു

ദേവദേവന്മാരുമന്യോന്യമന്നേരം

വ്യാകുലം പൂണ്ടു പറഞ്ഞുനിൽക്കേ, രുഷാ

രാഘവന്മാരെയുമെയ്തു വീഴ്ത്തീടിനാൻ

മേഘനാദൻ മഹാവീര്യവൃതധരൻ

ശോകവിഷണ്ണമായ്‌ നിശ്ചലമായിതു

ലോകവും കൂണപാധീശജയത്തിനാ-

ലാഖണ്ഡലാരിയും ശംഖനാദം ചെയ്തു

വേഗേന ലങ്കയിൽ പുക്കിരുന്നീടിനാൻ

ലേഖസമൂഹവും മാഴ്കീ ഗതാശയാ

ഔഷധത്തിനായി ഹനൂമാന്റെ ഗമനം

കൈകസീനന്ദനനായ വിഭീഷണൻ

ഭാഗവതോത്തമൻ ഭക്തപരായണൻ

പോക്കുവൻ മേലിലാപത്തു ഞാനെന്നൊർത്തു

പോർക്കളം കൈവിട്ടു വാങ്ങി നിന്നീടിനാൻ

കൊള്ളിയും മിന്നിക്കിടക്കുന്നതിൽ പ്രാണ-

നുള്ളവരാരെന്നറിയേണമെന്നോർത്തു

നോക്കി നോക്കിസ്സഞ്ചരിച്ചു തുടങ്ങിനാ-

നാക്കമേറും വായുപുത്രനുമന്നേരം

ആരിനിയുള്ളതൊരു സഹായത്തിനെ-

ന്നാരായ്കവേണമെന്നോർത്തവനും തദാ

ശാഖാമൃഗങ്ങൾ കിടക്കുന്നവർകളിൽ

ചാകാതവരിതിലാരെന്നു നോക്കുവാൻ

ഏകാകിയായ്‌ നടക്കുന്നനേരം തത്ര

രാഘവഭക്തൻ വിഭീഷണനെക്കണ്ടു

തമ്മിലന്യോന്യമറിഞ്ഞു ദുഃഖം പൂണ്ടു

നിർമ്മലന്മാർ നടന്നീടിനാർ പിന്നെയും

പാഥോജസംഭവനന്ദനൻ ജാംബവാൻ

താതനനുഗ്രഹം കൊണ്ടു മോഹം തീർന്നു

കണ്ണുമിഴിപ്പനരുതാഞ്ഞിരിക്കുമ്പോൾ

ചെന്നു വിഭീഷണൻ ചോദിച്ചിതാദരാൽ

'നിന്നുടെ ജീവനുണ്ടോ കപിപുംഗവ?

നന്നായിതെങ്കിൽ നീയെന്നെയറിഞ്ഞിതോ?

'കണ്ണു മിഴിച്ചുകൂടാ രുധിരം കൊണ്ടു

നിന്നുടെ വാക്കു കേട്ടുള്ളിൽ വിഭാതി മേ

രാക്ഷസരാജൻ വിഭീഷണനെന്നതു

സാക്ഷാൽ പരമാർത്ഥമെന്നോടു ചൊല്ലുക'

'സത്യം വിഭീഷണനായതു ഞാനെടോ!

സത്യമതേ' പുനരെന്നതു കേട്ടവൻ

ചോദിച്ചിതാശരാധീശ്വരൻതന്നോടു

'ബോധമുണ്ടല്ലോ ഭവാനേറ്റമാകയാൽ

മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു

ശാഖാമൃഗങ്ങളിൽ നമ്മുടെ മാരുതി

ജീവനോടേ പുനരെങ്ങാനുമുണ്ടെങ്കി-

ലാവതെല്ലാം തിരയേണമിനിയെടോ!'

ചോദിച്ചിതാശു വിഭീഷണ'നെന്തെടോ

വാതാത്മജനിൽ വാത്സല്യമുണ്ടായതും?

രാമസൗമിത്രിസുഗ്രീവാംഗദാദിക-

ളാമവരേവരിലും വിശേഷിച്ചു നീ

ചോദിച്ചതെന്തു സമീരണപുത്രനെ

മോദിച്ചതെന്തവനെക്കുറിച്ചേറ്റവും?'

'എങ്കിലോ കേൾക്ക നീ മാരുതിയുണ്ടെങ്കിൽ

സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും

മാരുതപുത്രൻ മരിച്ചിതെന്നാകിൽ മ-

റ്റാരുമില്ലൊക്കെ മരിച്ചതിനൊക്കുമേ'

സാരസസംഭവപുത്രവാക്യം കേട്ടു

മാരുതിയും ബഹുമാനിച്ചു സാദരം 

'ഞാനിതല്ലോ മരിച്ചീലെ'ന്നവൻകാലക്ക-

ലാമോദമുൾക്കൊണ്ടു വീണു വണങ്ങിനാൻ

ഗാഢമായാശ്ലേഷവും ചെയ്തു ജാംബവാൻ

കൂടെത്തലയിൽ മുകർന്നു ചൊല്ലീടിനാൻ

'മേഘനാദാസ്ത്രങ്ങളേറ്റു മരിച്ചൊരു

ശാഖാമൃഗങ്ങളെയും പിന്നെ നമ്മുടെ

രാഘവന്മാരെയും ജീവിച്ചിരുത്തുവാ-

നാകുന്നവരാരുമില്ല നീയെന്നിയേ

പോകവേണം നീ ഹിമവാനെയും കട-

ന്നാകുലമറ്റു കൈലാസശൈലത്തോളം

കൈലാസസന്നിധിയിങ്കലൃഷഭാദ്രി-

മേലുണ്ടു ദിവ്യൗഷധങ്ങളറികനീ

നാലുണ്ടു ദിവ്യൗഷധങ്ങളവറ്റിനു

നാലിനും നാമങ്ങളും കേട്ടുകൊള്ളുക

മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ

പിമ്പു സന്ധാനകരണി മൂന്നാമതും

നല്ല സുവർണ്ണകരണി നാലാമതും

ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!

രണ്ടു ശൃംഗങ്ങളുയർന്നു കാണാമവ-

രണ്ടിനും മദ്ധ്യേ മരുന്നുകൾ നിൽപതും

ആദിത്യനോളം പ്രഭയുണ്ടു നാലിനും

വേദസ്വരൂപങ്ങളെന്നുമറിക നീ

വാരാന്നിധിയും വനങ്ങൾ ശൈലങ്ങളും

ചാരുനദികളും രാജ്യങ്ങളും കട-

ന്നാരാൽ വരിക മരുന്നുകളും കൊണ്ടു

മാരുതനന്ദന! പോക നീ വൈകാതെ'

ഇത്ഥം വിധിസുതൻ വാക്കുകൾ കേട്ടവൻ

ഭക്ത്യാ തൊഴുതു മാഹേന്ദ്രമേറീടിനാൻ

മേരുവിനോളം വളർന്നു ചമഞ്ഞവൻ

വാരാന്നിധിയും കുലപർവ്വതങ്ങളും

ലങ്കയും രാക്ഷസരും വിറയ്ക്കും വണ്ണം

ശങ്കാരഹിതം കരുത്തോടലറിനാൻ

വായുവേഗേന കുതിച്ചുയർന്നംബരേ

പോയവൻ നീഹാരശൈലവും പിന്നിട്ടു

വൈരിഞ്ചമണ്ഡവും ശങ്കരശൈലവും

നേരെ ധരാനദിയുമളകാപുരം

മേരുഗിരിയുമൃഷഭാദ്രിയും കണ്ടു

മാരുതി വിസ്മയപ്പെട്ടു നോക്കീടിനാൻ

കാലനേമിയുടെ പുറപ്പാട്

മാരുതനന്ദനനൌഷധത്തിന്നങ്ങു

മാരുതവേഗേന പോയതറിഞ്ഞൊരു

ചാരവരന്മാർനിശാചരാധീശനോ-

ടാരുമറിയാതെ ചെന്നു ചൊല്ലീടിനാർ‌.

ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപൻ

പാരം വിചാരം കലർന്നു മരുവിനാൻ

ചിന്താവശനായ് മുഹൂർത്തമിരുന്നള-

വന്തർഗൃഹത്തിങ്കൽനിനു പുറപ്പെട്ടു

രാത്രിയിലാരും സഹായവും കൂടാതെ

രാത്രിഞ്ചരാധിപൻകലനേമീഗൃഹം

പ്രാപിച്ചളവധി വിസ്മയം പൂണ്ടവ-

നാമോദപൂർണ്ണം തൊഴുതു സന്ത്രസ്തനായ്

അർഘ്യാദികൾകൊണ്ടു പൂജിച്ചു ചോദിച്ചാ-

‘നർക്കോദയം വരും മുമ്പേ ലഘുതരം

ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-

മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’

ദു:ഖനിപീഡിതനാകിയ രാവണ-

നക്കാലനേമിതന്നോടു ചൊല്ലീടിനാൻ:

‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു-

മൊക്കെ നിന്നോടു ചൊൽ‌വാനത്ര വന്നതും

ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ

ശക്തിയേറ്റാശു വീണിടിനാൻഭൂതലേ

പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജൻ

മന്നവന്മാരെയും വാനരന്മാരെയും

കൊന്നു രണാങ്കണം തന്നിൽവീഴ്ത്തീടിനാൻ.

വെന്നിപ്പറയുമടിപ്പിച്ചിതാത്മജൻ.

ഇന്നു ജീവിപ്പിച്ചുകൊള്ളുവാൻമാരുത-

നന്ദനനൌഷധത്തിന്നു പോയീടിനാൻ.

ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.

നിന്നോടുപായവും ചൊല്ലാമതിന്നെടോ!

താപസനായ് ചെന്നു മാർഗ്ഗമദ്ധ്യേ പുക്കു

പാപവിനാശനമായുള്ള വാക്കുകൾ

ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം

വല്ല കണക്കിലും നീ വരുത്തീടണം.

താമസവാക്കുകൾകേട്ടനേരം കാല-

നേമിയും രാവണൻ‌തന്നോടു ചൊല്ലിനാൻ:

സാമവേദജ്ഞ! സർവ്വജ്ഞ! ലങ്കേശ്വര!

സാമമാന്നുടെ വാക്കു കേൾക്കേണമേ!

നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-

മെന്നുള്ളിലേതും മടിയില്ല നിശ്ചയം.

മാരീചനെക്കണക്കെ മരിപ്പാൻമന-

താരിലെനിക്കേതുമില്ലൊരു ചഞ്ചലം.

മക്കളും തമ്പിമാരും മരുമക്കളും

മക്കളുടെ നല്ല മക്കളും ഭൃത്യരും

ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു

ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?

എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം?

എന്തു ഫലം തവ ജാനകിയെക്കൊണ്ടും?

ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു-

മെന്തു ഫലം തവ ചിന്തിച്ചു കാൺ‌കെടോ!

സീതയെ രാമനു കൊണ്ടക്കൊടുത്തു നീ

സോദരനായ്ക്കൊണ്ടു രാജ്യവും നൽകുക.

കാനനം‌തന്നിൽ‌മുനിവേഷവും പൂണ്ടു

മാനസശുദ്ധിയോടും‌കൂടി നിത്യവും

പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി-

ച്ചത്യന്തഭക്തിയോടർക്കോദയം കണ്ടു

സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-

കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്

സർവ്വവിഷയസംഗങ്ങളും കൈവിട്ടു

സർ‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടൻ 

ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ

സ്വാത്മോദയംകൊണ്ടു സർവ്വലോകങ്ങളും

സ്ഥാവരജംഗമജാതികളായുള്ള

ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും

ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം

ദേഹി സർവ്വത്തിനുമാധാരമെന്നതും

ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു

താല്പര്യമുൾക്കൊണ്ടു കണ്ടതും കേട്ടതും

ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും

സൽ‌ഗുരുമായയെന്നും പറഞ്ഞീടുന്നു.

ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ

സർഗ്ഗസ്ഥിതിവിനാശങ്ങൾക്കും കാരണം

ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം

ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.

പുത്രഗണം കാമക്രോധാദികളെല്ലാം

പുത്രികളും തൃഷ്ണഹിംസാദികളെടോ.

തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു

തന്റെ വശത്താക്കുമാത്മാവിനെയവൾ‌.

കർത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ

നിത്യമാത്മാവാകുമീശ്വരൻ‌തങ്കലേ

ആരോപണം ചെയ്തു തന്റെ വശത്താക്കി

നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.

ശുദ്ധനാത്മാ പരനേകനവളോടു

യുക്തനായ് വന്നു പുറത്തു കാണുന്നിതു

തന്നുടെയാത്മാവിനെത്താൻ‌മറക്കുന്നി-

തന്വഹം മായാഗുണവിമോഹത്തിനാൽ.

‘ബോധസ്വരൂപനായോരു ഗുരുവിനാൽ

ബോധിതനായാൽനിവൃത്തേന്ദ്രിയനുമായ്

കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ

വേണുന്നതെല്ലാമവനു വന്നൂ തദാ.

ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേർ‌

പെട്ടു ജീവമുക്തനായ് വരും ദേഹിയും.

നീയുമേവം സദാത്മാനം വിചാരിച്ചു

മായാഗുണങ്ങളിൽനിന്നു വിമുക്തനായ്

അദ്യപ്രഭൃതി വിമുക്തനാത്മാവിതി-

ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്

ധ്യാനനിരതനായ് വാഴുകെന്നാൽവരു-

മാനന്ദമേതും വികല്പ്മില്ലോർക്ക നീ.

ധ്യാനിപ്പതിന്നു സമർത്ഥനല്ലെങ്കിലോ

മാനസേ പാവനേ ഭക്തിപരവശേ

നിത്യം സഗുണനാം ദേവനെയാശ്രയി-

ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം

ഹൃൽ‌പത്മകർണ്ണികാമദ്ധ്യേ സുവർണ്ണ പീ-

ഠോൽ‌പലേ രത്നഗണാഞ്ചിതേ നിർമ്മലേ

ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം

ലക്ഷ്മണസേവിതം ബാണധനുർദ്ധരം

വീരാസനസ്ഥം വിശാലവിലോചന-

മൈരാവതീതുല്യപീതാംബരധരം

ഹാരകിരീടകേയൂരാംഗദാംഗുലീ-

യോരു രത്നാഞ്ചിത കുണ്ഡലനൂപുര

ചാരുകടക കടിസൂത്ര കൌസ്തുഭ

സാരസമാല്യവനമാലികാധരം

കാലനേമിവധം

കാണായിതാശ്രമം മായാവിരചിതം

നാനാമുനിജനസേവിതമായതും

ശിഷ്യജനപരിചാരകസംയുത-

മൃഷ്യാശ്രമം കണ്ടു വായുതനയനും

ചിന്തിച്ചു നിന്നാ ‘നിവിടെയൊരാശ്രമ-

മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്ല ഞാൻ.

മാർഗ്ഗവിഭ്രംശം വരികയോ? കേവല-

മോർക്കണമെൻമനോവിഭ്രമമല്ലല്ലീ?

നാനാപ്രകാരവും താ‍പസനെക്കണ്ടു

പാനീയപാനവും ചെയ്തു ദാഹം തീർത്തു

കാണാം മഹൌഷധം നിൽ‌ക്കുമത്യുന്നതം

ദ്രോണാചലം രഘുപുംഗവാനുഗ്രഹാൽ‌.’

ഇത്ഥം നിരൂപിച്ചൊരു യോജനായതം

വിസ്താരമാണ്ട മായശ്രമമശ്രമം

രംഭാപനസഖർജ്ജുരകേരാമ്രാദി

സമ്പൂർണ്ണമത്യച്ഛതോയവാപീയുതം

കാലനേമിത്രിയാമാചാരനും തത്ര

ശാലയിലൃത്വിക്സദസ്യാദികളോടും

ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു

ചന്ദ്രചൂഡപ്രസാദം വരുത്തീടുവാൻ

ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന

നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ

വീണു നമസ്കാരവും ചെയ്തുടൻജഗൽ‌

പ്രാണതനയനുമിങ്ങനെ ചൊല്ലിനാൻ:

‘രാമദൂതോഹം ഹനുമാനിനി മമ

നാമം പവനജനഞ്ജനാനന്ദനൻ‌

രാമകാര്യാർത്ഥമായ് ക്ഷീരാംബുരാശിക്കു

സാമോദമിന്നു പോകുന്നു തപോനിധേ!

ദേഹരക്ഷാർത്ഥമിവിടേക്കു വന്നിതു

ദാഹം പൊറാഞ്ഞു തണ്ണീർകുടിച്ചീടുവാൻ‌

എങ്ങു ജലസ്ഥലമെന്നരുൾ‌ചെയ്യണ-

മെങ്ങുമേ പാർക്കരുതെന്നെൻ‌മനോഗതം.’

മാരുതി ചൊന്നതു കേട്ടു നിശാചരൻ‌

കാരുണ്യഭാവം നടിച്ചു ചൊല്ലീടിനാൻ:

‘മാമകമായ കമണ്ഡലുസ്ഥം ജല-

മാമയം തീരുവോളം കുടിച്ചീടുക.

പക്വഫലങ്ങളും ഭക്ഷിച്ചനന്തരം

ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.

ഏതും പരിഭ്രമിക്കേണ്ട ഭവാനിനി-

ബ്ഭൂതവും ഭവ്യവും മേലിൽ‌ഭവിപ്പതും.

ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു

സുവ്യക്തമായതുകൊണ്ടു ചൊല്ലീടുവൻ.

വാനരന്മാരും സുമിത്രാതനയനും

മാനവവീരനിരീക്ഷിതരാകയാൽ‌

മോഹവും തീർന്നെഴുന്നേറ്റിതെല്ലാവരു-

മാഹവത്തിന്നൊരുമിച്ചുനിന്നീടിനാർ‌.’

ഇത്ഥമാകർണ്യ ചൊന്നാൻകപിപുംഗവ-

‘നെത്രയും കാരുണ്യശാലിയല്ലോ ഭവാൻ.

പാരം പൊരുതു മേ ദാഹമതുകൊണ്ടു

പോരാ കമണ്ഡലുസംസ്ഥിതമാം ജലം.’

വായുതനയനേവം ചൊന്ന നേരത്തു

മായാവിരചിതനായ വടുവിനെ

തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു

ഭൂയോ മുദാ കാലനേമിയും ചൊല്ലിനാൻ.

‘നേത്രനിമീലനം ചെയ്തു പാനീയവും

പീത്വാ മമാന്തികം പ്രാപിക്ക സത്വരം.

എന്നാൽനിനക്കൌഷധം കണ്ടുകിട്ടുവാ-

നിന്നു നല്ലോരു മന്ത്രോപദേശം ചെയ്‌വൻ‌.’

എന്നതു കേട്ടു വിശ്വാസേന മാരുതി

ചെന്നാനയച്ച വടുവിനോടും മുദാ

കണ്ണുമടച്ചു വാപീതടം പ്രാപിച്ചു

തണ്ണീർകുടിപ്പാൻതുടങ്ങും ദശാന്തരേ

വന്നു ഭയങ്കരിയായ മകരിയു-

മുന്നതനായ മഹാകപിവീരനെ

തിന്നുകളവാനൊരുമ്പെട്ട നേരത്തു

കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാൻ;

വക്ത്രം പിളർന്നു കണ്ടോരു മകരിയെ

ഹസ്തങ്ങൾകൊണ്ടു പിളർന്നാൻകപിവരൻ

ദേഹമുപേക്ഷിച്ചു മേല്പോട്ടു പോയിതു

ദേഹിയും മിന്നൽ‌‌പോലെ തദത്യത്ഭുതം.

ദിവ്യവിമാനദേശേ കണ്ടിതന്നേരം

ദിവ്യരൂപത്തൊടു നാരീമണിയെയും

ചേതോഹരാംഗിയാമപ്സരസ്ത്രീമണി

വാതാത്മജനോടു ചൊന്നാളതുനേരം:

‘നിന്നുടെ കാരുണ്യമുണ്ടാകയാലെനി-

ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!

മുന്നമൊരപ്സരസ്ത്രീ ഞാ,നൊരു മുനി-

തന്നുടെ ശാപേന രാക്ഷസിയായതും

ധന്യമാലീതി മേ നാമം മഹാമതേ!

മാന്യനാം നീയിനിയൊന്നു ധരിക്കണം

അത്ര പുൺയാശ്രമേ നീ കണ്ട താപസൻ

നക്തഞ്ചരൻകാലനേമി മഹാഖലൻ‌.

രാവണപ്രേരിതനായ് വന്നിരുന്നവൻ‌

താവകമാർഗ്ഗവിഘ്നം വരുത്തീടുവാൻ

താപസവേഷം ധരിച്ചിരിക്കുന്നിതു

താപസദേവഭൂദേവാദി ഹിംസകൻ

ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി-

പ്പുഷ്ടമോദം ദ്രോണപർവ്വതം പ്രാപിച്ചു

ദിവ്യൌഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി

ക്രവ്യാദവംശമശേഷമൊടുക്കുക.

ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു

വാനരവീര! കുശലം ഭവിക്ക തേ.’

പോയാളിവണ്ണം പറഞ്ഞവൾ‌, മാരുതി

മായാവിയാം കാലനേമിതന്നന്തികേ

ചെന്നാ‍, നവനോടു ചൊന്നാനസുരനും:

‘വന്നീടുവാനിത്ര വൈകിയതെന്തെടോ?

കാലമിനിക്കളയാതെ വരിക നീ

മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാൻ.

ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക

ദക്ഷനായ് വന്നുകൂടും ഭവാൻനിർണ്ണയം.’

തൽക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം

രക്ഷ:പ്രവരോത്തമാംഗേ കപിവരൻ‌

ഒന്നടിച്ചാനതുകൊണ്ടവനും തദാ

ചെന്നു പുക്കീടിനാൻ‌ധർമ്മരാജാലയം

ദിവ്യൗഷധഫലം

ക്ഷീരാർണ്ണവത്തെയും ദ്രോണാചലത്തെയും

മാരുതി കണ്ടു വണങ്ങി നോക്കും വിധൌ

ഔഷധാവാസമൃഷഭാദ്രിയും കണ്ടി-

തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ.

കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറി-

ചേണാങ്കബിംബംകണക്കെപ്പിടിച്ചവൻ‌

കൊണ്ടുവന്നൻപോടു രാഘവൻ‌മുമ്പിൽ‌വ-

ച്ചിണ്ടൽ‌തീർത്തീടിനാൻവമ്പടയ്ക്കന്നേരം

കൊണ്ടൽ‌നേർവർണ്ണനും പ്രീതിപൂണ്ടാൻനീല-

കണ്ഠനുമാനന്ദമായ് വന്നിതേറ്റവും

ഔഷധത്തിൻ‌കാറ്റു തട്ടിയ നേരത്തു

ദോഷമകന്നെഴുന്നേറ്റിതെല്ലാവരും.

‘മുന്നമിരുന്നവണ്ണം‌തന്നെയാക്കണ-

മിന്നുതന്നെ ശൈലമില്ലൊരു സംശയം

അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം

കൊല്ലുന്നിതെന്നരുൾചെയ്തോരനന്തരം

കുന്നുമെടുത്തുയർന്നാൻകപിപുംഗവൻ‌.

വന്നാനരനിമിഷംകൊണ്ടു പിന്നെയും

യുദ്ധേ മരിച്ച നിശാചരന്മാരുടൽ‌

നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസർ‌

വാരാന്നിധിയിലിട്ടീടിനാരെന്നതു-

കാരണം ജീവിച്ചതില്ല രക്ഷോഗണം.

ഹരേ രാമ...ഹരേ കൃഷ്ണാ.

ramayanaparayanam