സർപ്പക്കാവുകളും സർപ്പം തുള്ളലും

നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ആചാരങ്ങളുടെ ബാക്കി പത്രമെന്നോണം കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലുള്ള ഹൈന്ദവർക്ക് ഇടയിൽ നിലനിന്നു പോരുന്ന ശക്തമായ വിശ്വാസങ്ങളിൽ ഒന്നാണ് സർപ്പാരാധനയും സർപ്പക്കാവുകളും.. നാഗങ്ങളെ ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളായ് കണ്ടു ആരാധിക്കുകയും അവരുടെ പ്രീതിയ്ക്കായ്‌ എന്നോണം സർപ്പം പാട്ട്, സർപ്പക്കളം എന്നിവ ഒരുക്കി വൈവിധ്യങ്ങളായ ചടങ്ങുകളോട് കൂടി സർപ്പംതുള്ളൽ അഥവാ സർപ്പോത്സവം നടത്തി പോരുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ കാതലായ ഭാഗം... ആദ്യ കാലങ്ങളിൽ കേരളത്തിലെ പുരാതനമായ തറവാടുകളിലും അതിനോട് ചേർന്ന കാവുകളിലുമാണ് ഈ അനുഷ്ഠാന നൃത്തം രൂപം നടത്തി പോന്നിരുന്നത്..

author-image
online desk
New Update
 സർപ്പക്കാവുകളും സർപ്പം തുള്ളലും

നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ആചാരങ്ങളുടെ ബാക്കി പത്രമെന്നോണം കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലുള്ള ഹൈന്ദവർക്ക് ഇടയിൽ നിലനിന്നു പോരുന്ന ശക്തമായ വിശ്വാസങ്ങളിൽ ഒന്നാണ് സർപ്പാരാധനയും സർപ്പക്കാവുകളും..

നാഗങ്ങളെ ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളായ് കണ്ടു ആരാധിക്കുകയും അവരുടെ പ്രീതിയ്ക്കായ്‌ എന്നോണം സർപ്പം പാട്ട്, സർപ്പക്കളം എന്നിവ ഒരുക്കി വൈവിധ്യങ്ങളായ ചടങ്ങുകളോട് കൂടി സർപ്പംതുള്ളൽ അഥവാ സർപ്പോത്സവം നടത്തി പോരുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ കാതലായ ഭാഗം...

ആദ്യ കാലങ്ങളിൽ കേരളത്തിലെ പുരാതനമായ തറവാടുകളിലും അതിനോട് ചേർന്ന കാവുകളിലുമാണ് ഈ അനുഷ്ഠാന നൃത്തം രൂപം നടത്തി പോന്നിരുന്നത്..

സർപ്പം തുള്ളലുകളുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്നത് ഈ യുഗത്തിലും പ്രകൃതിയുടെ സംരക്ഷകരായ നിലകൊള്ളുന്ന കാവുകളാണ്...

ഒരുപക്ഷേ ശാസ്ത്രത്തിന്റെ വളർച്ചയിൽ ഏറ്റവും വല്ല്യ ബുദ്ധിമാൻമാർ എന്ന് അഹങ്കരിക്കുന്ന നവീന യുഗത്തിലെ മനുഷ്യരെക്കാൾ പതിൻ മടങ്ങു ബുദ്ധിമാൻമാരാണ് ആദിമ മനുഷ്യൻ എന്ന് തെളിയിക്കാൻ, വിശ്വാസങ്ങളെയും പ്രകൃതിയെയും കോർത്തിണക്കിയുള്ള ഈ ദീർഘവീക്ഷണം മാത്രം മതി...

ആൽ, അത്തി, പേരാൽ, അരയാൽ, കാഞ്ഞിരം തുടങ്ങിയ വൃക്ഷലതാധികളാലും ചെറു ജലാശയങ്ങളാലും സംമ്പുഷ്ടമായ ഈ കാവുകൾ പ്രകൃതിയും മനുഷ്യനും തമ്മിൽ പ്രാചീന കാലം മുതൽക്കേ നിലനിന്നു പോരുന്ന അത്യ-അപൂർവ്വമായ സൗഹൃദത്തിന്റെയും കഥ കൂടിയാണ് നമുക്ക് പറഞ്ഞുതരുന്നത്...

അതേപോലെ തന്നെ അന്യം നിന്ന് പോവുന്നതുമായ അനേകം ഔഷധ ചെടികളുടെയും അപൂർവങ്ങളായ പല ജീവചാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണിത്.

കേരളത്തിൽ ഇന്ന് പ്രധാനമായും ആലപ്പുഴ, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് കണ്ടുവരുന്ന സർപ്പക്കാവുകൾ ഈ 21-)0 നൂറ്റാണ്ടിലും പഴമ നിലനിർത്തിക്കൊണ്ട് വ്യത്യസ്തങ്ങളും സവിശേഷതകൾ നിറഞ്ഞതുമായ ആചാരങ്ങളോട് കൂടി സംരക്ഷിച്ചു പോരുന്നവയാണ്..

നാഗരാജാവ്, നാഗയക്ഷി,പറനാഗം, കരിനാഗം, അഞ്ചലമണി നാഗം....തുടങ്ങി ഒട്ടനവധി നാഗങ്ങളെ ദൈവങ്ങളായി കണ്ട് കാവുകളിൽ ആരാധിച്ചു പോരുന്നു.

സർപ്പംപാട്ടും (പുള്ളുവൻ പാട്ട് ), സർപ്പക്കളവും തന്നെയാണ് കാവുകളിലെ ചടങ്ങുകളിൽ ഏറ്റവും ശ്രദ്ദേയം.

പുള്ളുവന്മാർ അഥവാ പണിക്കന്മാർ എന്ന ഒരു വിഭാഗമാണ് കേരളത്തിലെ ഒട്ടുമിക്ക കാവുകളിലും ഈ ചടങ്ങുകൾക്ക് എല്ലാം നേതൃത്വം വഹിക്കുന്നത്..

ചിത്രകലയിൽ വൈദഗ്ദ്യം ചെന്ന ഒരു കാലാകാരനെ പോലെയാണ് പണിക്കന്മാർ കാവുകൾക്ക് മുൻപിൽ സർപ്പക്കളം ഒരുക്കുന്നത്..

പച്ച, നീല, ചുവപ്പ്, കറുപ്പ്, മഞ്ഞ, റോസ്, വെള്ള എന്നീ വർണ്ണങ്ങൾ ഉപയോഗിച്ച്, കാവിനു മുൻപിൽ തയ്യാറാക്കിയ ഏഴുകോൽ ചതുരത്തിൽ ഉള്ള മണിപ്പന്തലിനുള്ളിൽ ആണ് സർപ്പക്കളം ഒരുക്കുന്നത്.. പന്തലിനു നാലു വശങ്ങളും കുരുത്തോലയും പുഷ്പങ്ങളും ഉപയോഗിച്ച് അലങ്കരിക്കും..

തുടർന്ന് ഗണപതി ഭഗവാനെ സങ്കൽപ്പിച്ച് ശർക്കര, അവൽ, മലർ, പഴവർഗ്ഗങ്ങൾ എന്നിവ ഉപയോഗിച്ച് ഗണപതി പ്രസാദം തയ്യാറാക്കി പന്തലിന്റെ കന്നി മൂലയിൽ സമർപ്പിക്കും.

അതിനുശേഷമാണ് കളം വരയ്ക്കുക.

നാഗ ദൈവങ്ങളിൽ പ്രധാനികളായ ആരുടെങ്കിലും ഒരാളുടെ രൂപമായിരിക്കും സങ്കൽപ്പിച്ച് കളത്തിൽ വരയ്‌ക്കുന്നത്... തേങ്ങ ചിരട്ടകളിൽ വ്യത്യസ്മായ രീതിയിൽ ആവശ്യാനുസരണം തുളകൾ ഇട്ട് തയ്യാറാക്കുന്ന ഉപകരണം ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനോടുവിൽ വ്യത്യസ്തമായ വർണ്ണങ്ങളോടും രൂപ ഭംഗിയോടും കൂടി തയ്യാറാകുന്ന നാഗരൂപം മനുഷ്യനേത്രങ്ങളെ വിസ്മയിപ്പിക്കുന്ന ഒന്ന് തന്നെയാണ്..

മഞ്ഞൾ പൊടി (മഞ്ഞ നിറം) , അരിപ്പൊടി (വെള്ള നിറം), വാക പൊടി (പച്ച നിറം) , റോസ്,നീല സിന്ദുരങ്ങൾ, ചുണ്ണാമ്പ് ചേർത്ത മിസ്രിതങ്ങൾ എന്നിവ ഉപയോഗിച്ചാണ് കളങ്ങൾ തയ്യാറാക്കുന്നത്..

വാക മരത്തിന്റെ (മഞ്ചാടി) ഇലകൾ വെട്ടി ഒരാഴ്ച മുൻപ് വെയിലത്തിട്ട് ഉണക്കി അത് ഉരലിൽ ഇട്ടു പൊടിച്ച് ആണ് വാക പൊടി (പച്ച നിറം ) തയ്യാറാക്കുന്നത്..

അതേപോലെ നെല്ല് കുത്തുമ്പോൾ ലഭിക്കുന്ന ഉമി തീയിൽ കരിച്ച് എടുത്താണ് ഉമിക്കരി (കറുത്ത നിറം) തയ്യാറാക്കുന്നത്..

കളം പൂർണ്ണമായി കഴിഞ്ഞാൽ അതിനു ചുറ്റും നിലവിളക്ക്, വെറ്റില, അടയ്ക്ക,നാരങ്ങ, നെല്ല്, അരി, കമുകിൻ പൂക്കുല തുടങ്ങിയവ ഉപയോഗിച്ച് കളം ഒരുക്കുന്നു..

സർപ്പക്കളം തുടങ്ങും മുൻപായി കാവിൽ ആരാധിക്കുന്ന നാഗദൈവങ്ങളെ പ്രീതിപ്പെടുത്താനായ് നടത്തുന്ന ഒരു പ്രധാന ചടങ്ങാണ് "നൂറും പാലും".

മുൻപേ തയ്യാറാക്കിയ കളത്തിനു മുൻപിൽ മഞ്ഞൾ പൊടി, അരിപൊടി, കരിക്കിൻ വെള്ളം, പാല്,പനനീർ, തേൻ എന്നിവയുടെ മിസ്രിതം കർപ്പൂരം, ചന്ദനത്തിരി തുടങ്ങിയവയോടൊപ്പം വഴിപാടായ്‌ സമർപ്പിക്കുന്നതാണ് ഈ ചടങ്ങ്...

സർപ്പം തുള്ളലിനോട്‌ അനുബന്ധിച്ചുള്ള ഈ ചടങ്ങുകൾക്ക് എല്ലാം നേതൃത്വം നൽകുന്നത് മുൻപേ പറഞ്ഞ പണിക്കന്മാർ ആണെങ്കിലും, ചടങ്ങുകൾ എല്ലാം കാവിൽ ചെയ്യേണ്ടത് ഈ സർപ്പകുടുംബവുമായി ബന്ധമുള്ള ബല്യകാലം കഴിയാത്ത ആൺകുട്ടിയും പെൺകുട്ടിയും ചേർന്ന് ആവണമെന്നാണ് ആചാരം.

ആൺകുട്ടിയെ "കാപ്പ് " എന്നും പെൺകുട്ടിയെ "കന്യാവ് " എന്നുമാണ് വിശേഷിപ്പിക്കുന്നത്.. സർപ്പം തുള്ളലിനു ആഴ്ചകൾക്ക് മുൻപേ ചടങ്ങുകൾക്കായി ഇവർ വ്രതമെടുത്ത് തയ്യാറാവും..

ചടങ്ങുകൾ എല്ലം പൂർത്തിയായാൽ ഉടനെ സർപ്പക്കളം വഴിപാടായി നടത്തുന്ന വ്യക്തി, ദക്ഷിണ നൽകി പണിക്കന്മാരുടെ കയ്യിൽ നിന്നും കളം ഏറ്റുവാങ്ങണം..

തുടർന്ന് കാവിൽ ആരാധിച്ചു പോരുന്ന നാഗദൈവങ്ങളെ സ്തുതിച്ചു കൊണ്ട് പണിക്കന്മാർ ഓരോ പാട്ടുകളായ്‌ (പുള്ളുവൻ പാട്ട്) ആലപിക്കുകയായി.. വീണ, ഇലത്താളം, പുള്ളോർ കുടം എന്നിവയുടെ സഹായത്തോടെ ഒരു പ്രത്യേക താളത്തിൽ നാടൻ പാട്ടുകളോട് സാദൃശ്യം തോന്നുന്നു രീതിയിൽ വ്യത്യസ്തമായി അവതരിപ്പിക്കപ്പെടുന്നവയാണ് പുള്ളുവൻ പാട്ടുകൾ.

സ്ത്രീകൾ പുള്ളോർ കുടവും പുരുഷൻമാർ വീണയുമാണ് ഈ ചടങ്ങുകളിൽ പ്രധാനമായും കൈകാര്യം ചെയ്തു വരുന്നത്..

അവതരണ ശൈലി കൊണ്ടും വ്യത്യസ്തമായ പദപ്രയോഗങ്ങൾ കൊണ്ടും ആസ്വാദന ഹൃദ്യമായ ഈ പാട്ടുകൾ കാണികളുടെ മനം കവരുന്നവയാണ്.

സർപ്പം തുള്ളൽ തുടങ്ങി കഴിഞ്ഞാൽ മുൻപേ പറഞ്ഞ കാവിൽ പൂജിച്ചു വരുന്ന നാഗദൈവങ്ങൾ കുടുംബവുമായി ബന്ധമുള്ള സ്ത്രീയുടെയോ പുരുഷന്റെയോ ശരീരത്തിൽ അനുഗ്രഹിക്കുകയും തുടർന്ന് അവർ ആ സർപ്പക്കളം കഴിയും വരെ ആ നാഗദൈവമായി മാറുമെന്നുമാണ് വിശ്വാസം.. ആ ശരീരം സർപ്പം തുള്ളൽ കഴിയും വരെ ഒരുതരം പരകായ പ്രവേശമെന്നപോലെ ആ നാഗദൈവത്തിന്റെ നിയന്ത്രണത്തിൽ ആയിരിക്കുമെന്ന് കരുതപ്പെടുന്നു..

ഇങ്ങനെ നാഗദൈവമായി സർപ്പംതുള്ളുന്നതിനു വേണ്ടി ഏതാനും ആളുകൾ, തുള്ളലിനു ആഴ്ചകൾക്ക് മുൻപേ വൃതമെടുത്ത് തയ്യാറായി നില്ക്കും.. പിണിയാളെന്മാർ എന്നാണ് ഈ ആളുകളെ പറയുന്ന പേര്....

ഒന്നിലെറെ പിണിയാളെന്മാർ നാഗദൈവങ്ങളായ്‌ കാവിൽ അനുഗ്രഹിച്ച് വരുകയും കാവിൽ ഒരുക്കിയ സർപ്പക്കളത്തിനു ചുറ്റും വലം വയ്ക്കുകയും തുള്ളുകയും നാഗങ്ങളെ പോലെ ഇഴയുകയും ചെയ്യുന്നു.. ഒടുവിൽ അവർ കമുകിൻ പൂക്കുല ഉപയോഗിച്ച് സർപ്പക്കളം പൂർണ്ണമായും മായ്‌ക്കുകയും ചെയ്യുന്നു.

പുള്ളുവൻ പാട്ടുകൾക്ക് ഒപ്പം ചെണ്ടമേളത്തിന്റെ അകംമ്പടി കൂടി ഉണ്ടാവും ഈ ആഘോഷങ്ങൾക്ക് ഉണർവേകുവാൻ.. .

സർപ്പക്കളം പൂർണ്ണമായും മായ്ച്ചു കഴിഞ്ഞ ശേഷം നാഗദൈവങ്ങൾ കാവിൽ പീഠമിട്ട് ഇരിക്കുകയായ്.. ഈ സമയം ഭക്തർക്ക് അവരോട് നേരിട്ട് സംസാരിക്കാവുന്നതാണ്... അതോടൊപ്പം തങ്ങളുടെ വിഷമങ്ങളും സങ്കടങ്ങളും തുറന്ന് പറയുകയും നാഗങ്ങൾ അതിനു പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും എന്നൊതൊക്കയാണ് ഇതിൽ നിലനിന്നു പോരുന്ന വിശ്വാസങ്ങൾ..

പിന്നീട് പുള്ളുവൻ പാട്ടിന്റെയും ചെണ്ടമേളത്തിന്റെയും അകംമ്പടിയോട് കൂടി ഓരോ നാഗദൈവങ്ങളായ്‌ വന്ന് അനുഗ്രഹിച്ചിരിക്കുന്ന ശരീരത്തെ സ്വതന്ത്രമാക്കി കാവിലേക്ക് തിരികെ പോകുന്നു.. പൂക്കുല വയ്ക്കുക എന്നതാണ് ഈ ചടങ്ങിന് പറയുന്ന പേര്..

"പൊങ്ങും നൂറും" എന്ന മറ്റൊരു ചടങ്ങോട്‌ കൂടിയാണ് സർപ്പം തുള്ളലിനു പൂർണ്ണമായ സമാപനം കുറിക്കുന്നത്ത്...

സൂര്യപ്രകാശം ഭൂമിയിൽ പതിക്കുന്നതിന് മുൻപ് മുൻകൂട്ടി കഴുകി തയ്യാറാക്കിയ ഉരലിൽ... പ്രത്യേകം ചെത്തി തയ്യാറാക്കിയ ഇളം കരിക്ക്, ശർക്കര, കദളിപ്പഴം, മഞ്ഞൾ പൊടി, അരിപ്പൊടി, പാൽ, കരിക്കിൻ വെള്ളം, പനനീർ തുടങ്ങിയവ ഇട്ട് സർപ്പം തുള്ളലിൽ അനുഗ്രഹം ലഭിച്ചവർ (പിണിയാളെന്മാർ) എല്ലാവരും ചേർന്ന് ഉലക്ക കൊണ്ട് ഇടിച്ചു ഉണ്ടാക്കുന്ന ഒരുതരം മിസ്രിതം.. ഇതിൽ സൂര്യപ്രകാശം പതിക്കും മുൻപ് അൽപ്പമെങ്കിലും ചടങ്ങുകളിൽ പങ്കെടുത്ത വ്യക്തികൾ എല്ലാവരും കഴിക്കണമെന്നാണ് ആചാരം..

അത് വഴി അടുത്ത ഒരു വർഷത്തേക്ക് രോഗങ്ങളിൽ നിന്നും ആയുർ-ആരോഗ്യ പ്രശ്നങ്ങളിൽ നിന്നുമൊക്കെ മുക്തിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവും എന്നതൊക്കെയാണ് ഇതിൽ നിലനിന്നു പോരുന്ന വിശ്വാസങ്ങൾ..

വിശ്വാസങ്ങളും ആചാരങ്ങളും എന്തുതന്നെ ആയാലും......

അളന്നു തിരിച്ചും കണക്കു പറഞ്ഞും ഓരോ ഇഞ്ചു ഭൂമിയും വിലയിട്ട് സ്വന്തമാക്കുന്ന സ്വാർത്ഥനായ മനുഷ്യനിൽ നിന്നും, മനുഷ്യനോളം തന്നെ ഇവിടെ ജീവിക്കാൻ അവകാശമുള്ള ജീവജാലങ്ങൾക്ക് മാത്രമായി ഒരിടം ലഭിക്കാൻ.. ഈശ്വരൻ വിശ്വാസങ്ങളിൽ ഊന്നി കാലേകൂട്ടി കണ്ടെത്തിയതാവണം ഇന്നീ കാണുന്ന സർപ്പക്കാവുകൾ.

sarppakavu sarppam thullal