ശബരിമല വ്രതം എങ്ങനെ.. വൃതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By online desk .15 11 2020

imran-azhar

 


സങ്കട മോചകനാണ് അയ്യപ്പൻ. വ്രതനിഷഠയോടെ വേണം ദർശനം നടത്താൻ. കന്നി അയ്യപ്പന്മാർ മുതൽ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. 41ദിവസത്തെ വ്രതശുദ്ധിയോടെ വേണം ശബരിമല ദർശനം.വൃശ്ചികം ഒന്നുമുതൽ ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ്.


ഭാരതത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വാമി അയ്യപ്പനെ കാണാൻ, അയ്യപ്പനായി ഭക്തജനങ്ങൾ പതിനെട്ടാംപടി ചവിട്ടുന്നു. മണ്ഡലകാല വ്രതാനുഷ്ഠാനത്തിനെ കുറിച്ച് പല തെറ്റിധാരണകളും, അന്ധവിശ്വാസങ്ങളും ചിലരുടെയൊക്കെ മനസ്സിൽ ഉണ്ട്. എങ്ങനെയാണ് വ്രതം അനുഷ്ഠിക്കേണ്ടത്? എന്നതാണ് പ്രധാനമായും മനസ്സിൽ ഉണ്ടാകുന്ന ചോദ്യം


മണ്ഡലകാല വ്രതാനുഷ്ഠാനം പലപ്പോഴും ഒരു അനുകരണം ആകുന്നു. എങ്ങിനെയാണ് ശാസ്ത്രീയമായ വ്രതാനുഷ്ഠാനം. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാൻ പോകുന്നത്. മാലയിട്ടു 41 ദിവസത്തെ ചിട്ടയായ വ്രതമാണ് അതിനു വേണ്ടത്.


ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയിൽ പ്രധാനം ബ്രഹ്മച്ചര്യമാണ്.

സ്മരണം കീർത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതൻ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)
എന്നാണ് യോഗശാസ്ത്രം പറയുന്നത്.


സ്ത്രീ പുരുഷ സംഗമം മാത്രമല്ല, ഓർമ്മ, കീർത്തിക്കൽ, സംസാരം എന്നിങ്ങനെ എട്ട് കാര്യങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കാൻ വർജിക്കണം എന്ന് ശാസ്ത്രം വ്യക്തമാക്കുന്നു.പലരും തെറ്റായി ധരിച്ചുവച്ചിരിക്കുന്നത് അഷ്ടാംഗത്തിൽ എട്ടമാത്തേതായ സ്ത്രീ-പുരുഷ സംഗമം മാത്രം വർജിച്ചാൽ ബ്രഹ്മചര്യം ആയി എന്നാണ്, എട്ടാമത്തേത് മാത്രമല്ല, അതിനു മുന്നേ യോഗശാസ്ത്രം പറയുന്ന ഏഴ് കാര്യങ്ങൾ നിർബന്ധമായും വർജിക്കുകതന്നെ വേണം.


ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയിൽ പാദസ്പർശം നടത്താൻ ബ്രഹ്മചര്യം നിർബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തർ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. അയ്യപ്പഭക്തർ അദ്വൈതാനുഭൂതി ലഭിച്ചവരെപോലെയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം ദർശിക്കുന്നു. യഥാർഥമായ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാനും യോഗശാസ്ത്രം പറയുന്ന ബ്രഹ്മചര്യനിഷ്ഠ കർശനമായി പാലിക്കണം.


സത്യം, ബ്രഹ്മചര്യം, ആസ്തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചുവേണം ശബരിമലദർശനം നടത്തുവാൻ.
ചാന്ദോഗ്യോപനിഷത്തിലെ മഹാവാക്യാമാണ് ” തത്ത്വമസി “,
തത്+ത്വം+അസി , “അതുതന്നെയാണ് നീ” എന്നർത്ഥം. വിശദീകരിച്ചാൽ. ‘ഈ ബ്രഹ്മാണ്ഡകടാഹത്തിൻറെ എല്ലാം അന്തര്യാമിയായി സ്ഥിതിചെയ്യുന്നത് എന്താണോ അതുതന്നെയാണ് നീ’. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാർ എന്ന് വിശേഷിപ്പിക്കുന്നതും.


ഈ വ്രുതാനുഷ്ഠാനങ്ങൾ ജീവിതചര്യയാക്കി മാറ്റാനുള്ള ചുവടു വയ്പ്പായി ശബരിമല വ്രതാനുഷ്ഠാനക്കാലത്തെ കാണുകയും വേണം.


1.മാലയിട്ടാൽ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല.
2.ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്.
3.മാംസഭക്ഷണം പാടില്ല.
4.പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാൻ പാടില്ല.
5.ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ഉത്തമം.
6.കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്.
7.ശവസംസ്‌കാര കർമ്മത്തിൽ പങ്കെടുക്കരുത്, പങ്കെടുത്താൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം.
8.ജാതകർമ്മങ്ങളിൽ പങ്കെടുക്കരുത്.
9.ആരെയും പരിഹസിക്കരുത്.
10.ശിഷ്യനല്ലാത്തവനെ ശാസിക്കരുത്.
11.പകലുറങ്ങരുത്.


വ്രതാനുഷ്ഠാനവേളയിൽ വീട്ടിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ചുരുക്കിപറയാം


1. മണ്ഡലക്കാലത്ത് വീട്ടിൽ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കിൽ അവരെപ്പോലെ തന്നെ വീട്ടമ്മയും പരിശുദ്ധി പാലിക്കേണ്ടതാണ്.

2. നേരത്തെ കുളിച്ച് പൂജാമുറിയിൽ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പിൽ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് ദിനചര്യകൾ ആരംഭിക്കണം.

3. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാൻ. തലേനാളിലെ ഭക്ഷണം ഒഴിവാക്കണം.

4.മത്സ്യമാംസാദികൾ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്.

5.മദ്യപാനശീലമുള്ളവരുണ്ടെങ്കിൽ അത് ഒഴിവാക്കണം.

6.വ്രതമനുഷ്ഠിക്കുന്നവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.

7. സർവ്വചരാചരങ്ങളിലും ദൈവചൈതന്യം സങ്കൽപ്പിച്ച് പെരുമാറണം.

8. വാക്കുകളെ കൊണ്ടു പോലും ആരെയും വിഷമിപ്പിക്കാതിരിക്കണം.

9. ദുഷ്ടചിന്തകൾക്ക് മനസ്സിൽ സ്ഥാനം നൽകാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക.

10. സന്ധ്യക്ക്‌ മറ്റുള്ളവരെക്കൂടി സഹകരിച്ച് ഭജന, നാമജപം എന്നിവ നടത്തുക.

OTHER SECTIONS