ദക്ഷിണ മൂകാംബികേ... ശരണം

By online desk.31 Jan, 2018

imran-azhar

 

നവരാത്രി ആഘോഷങ്ങള്‍ക്കും തുടര്‍ന്നു വരുന്ന വിദ്യാരംഭങ്ങള്‍ക്കും പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം. വര്‍ഷംതോറും കേരളത്തില്‍ നിന്നും നിരവധി ഭക്തരാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമാകാന്‍ കൊല്ലൂരിലേക്ക് യാത്രയാകുന്നത്. എന്നാല്‍ മൂകാംബികയുടെ ദര്‍ശനത്തിനായി കൊല്ലൂരില്‍ പോകാന്‍ സാധിക്കാത്ത ഭക്തര്‍ക്കായി കേരളത്തില്‍ ഒരു ദക്ഷിണ മൂകാംബികയുണ്ട്. കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പനച്ചിക്കാട് ക്ഷേത്രമാണ് കേരളത്തിന്റെ ദക്ഷിണ മൂകാംബിക. കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങള്‍ പോലെ പ്രധാനമാണ് പനച്ചിക്കാടിലെ ആഘോഷവും.

 

 


വളരെ പുരാതനമായ വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് പനച്ചിക്കാട് ക്ഷേത്രം. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും സരസ്വതി ദേവിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാര്‍ജ്ജിച്ചത്. അതിനാല്‍ മഹാവിഷ്ണുവിനൊപ്പം സരസ്വതി ദേവിക്കും ക്ഷേത്രത്തില്‍ തുല്യ പ്രാധാന്യമാണുള്ളത്. ഹിന്ദുമത വിശ്വാസപ്രകാരം അറിവിന്റെയും, ജ്ഞാനത്തിന്റെയും ദേവിയായ സരസ്വതി കൊല്ലൂരില്‍ നിന്നും പനച്ചിക്കാട് എത്തിയതിനുപിന്നില്‍ ഒരു ഐതീഹ്യമുണ്ട്.


കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതീഹ്യമാലയില്‍' പനച്ചിക്കാട് സരസ്വതി എത്തിയതിനെപ്പറ്റി വിശദമായിത്തന്നെ പറയുന്നുണ്ട്. വളരെ പണ്ട് കിഴുപ്പുറത്തു നമ്പൂതിരിയുടെ ഇല്ലത്ത് സന്താനങ്ങളൊന്നും ഉണ്ടാകാതെ നമ്പൂതിരിയും അദ്ദേഹത്തിന്റെ പത്‌നിയും മാത്രമായിത്തീര്‍ന്നു. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞിട്ടും സന്താനങ്ങളുണ്ടാകാത്തതില്‍ മനംനൊന്ത നമ്പൂതിരി ഗംഗാസ്‌നാനത്തിനായി പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ അദ്ദേഹം കൊല്ലൂര്‍ മൂകാംബികയില്‍ ചെന്ന് ചേരുകയും ഏതാനും ദിവസം ദേവിയെ ഭജിക്കുകയും ചെയ്തു. ഭജനദിനങ്ങളില്‍ ഒരു രാത്രി കിടന്നുറങ്ങിയ നമ്പൂതിരിയുടെ അടുക്കല്‍ ഒരു സ്ത്രീ ചെന്ന് 'അങ്ങേയ്ക്കിനി ഗംഗാസ്‌നാനം' ചെയ്യാമെന്നും ഈ ജന്മത്തില്‍ സന്താനമുണ്ടാകുക അസാധ്യമാണെന്നും അറിയിച്ചു. പക്ഷേ അങ്ങയുടെ ഇല്ലത്തിനടുത്തുള്ള കരുനാട്ടില്ലത്ത് ഒരു അന്തര്‍ജ്ജനം ഗര്‍ഭിണിയാണെന്നും അവര്‍ക്ക് രണ്ട് കുട്ടികളുണ്ടാകുന്നതില്‍ ഒന്നിനെ നമ്പൂതിരിക്ക് ലഭിക്കുമെന്നും ഈ കാര്യങ്ങളെല്ലാം സാധിച്ചു തരുന്നതിനായി ഞാനും അങ്ങയുടെ കൂടെപ്പോരാം എന്നും അറിയിച്ചു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന നമ്പൂതിരിക്ക് അവിടെ സ്ത്രീരൂപമൊന്നും ദര്‍ശിക്കാനായില്ല. എന്നാല്‍ അത് മൂകാംബികാ ദേവിയുടെ അരുളപ്പാടാണെന്നു വിശ്വസിച്ച നമ്പൂതിരി, ദേവി പറഞ്ഞതുപോലെയെല്ലാം ചെയ്ത് സ്വദേശത്തെ കരുനാട്ടില്ലത്തെത്തി കാര്യങ്ങള്‍ അറിയിച്ചു. കരുനാട്ടു നമ്പൂതിരി രണ്ടുണ്ണികളുണ്ടാകുന്ന പക്ഷം ഒന്നിനെ കിഴുപ്പുറത്ത് നമ്പൂതിരിക്ക് നല്‍കാമെന്നും അറിയിച്ചു. അനന്തരം കരുനാട്ടില്ലത്തോടു ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ ചെന്ന് വിഷ്ണുഭഗവാന്റെ ദര്‍ശനശേഷം ഇല്ലത്തേക്ക് മടങ്ങാമെന്നു കരുതി കുളിക്കാനായി ചെന്നു. തന്റെ കൈവശമുണ്ടായിരുന്ന ഓലക്കുട കുളത്തിന്റെ പടിഞ്ഞാറേക്കരയില്‍ വച്ച് കുളിക്കാനിറങ്ങിയ നമ്പൂതിരി കുളികഴിഞ്ഞ് തിരിച്ചെത്തി. കുടയെടുക്കാന്‍ നോക്കിയപ്പോള്‍ കുട നിലത്തുനിന്നും ഇളകാത്ത വിധത്തില്‍ നിലത്തുറച്ചുപോയി. അതുവഴി വന്നൊരു ദിവ്യനാല്‍ അത് മൂകാബിക ദേവി കൂടെ വന്നതാണെന്നു മനസ്‌സിലാക്കിയ നമ്പൂതിരി ദേവിയെ കുടയില്‍ നിന്നാവാഹിച്ച് ഒരു ശിലയില്‍ പ്രതിഷ്ഠിച്ചു. ഇപ്രകാരമാണ് പനച്ചിക്കാട്ടു സരസ്വതിയുടെ ആഗമനം എന്നാണ് വിശ്വാസം.

 

 

ശ്രീകോവിലും സോപാനവുമില്ല


ഐതീഹ്യമാലയില്‍ പറഞ്ഞിരിക്കും പോലെ കിഴുപ്പുറത്തു നമ്പൂതിരി പ്രതിഷ്ഠിച്ച ദേവിക്ക് കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളെപ്പോലെ സോപാനവും ശ്രീകോവിലുമില്ല. മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തുള്ള കുളത്തിന്റെ കരയിലാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ കുളവും അതിനു ചുറ്റുമായുള്ള വള്ളിപ്പടര്‍പ്പും (സരസ്വതീ ലത) മാത്രമേ മൂലവിഗ്രഹത്തില്‍ കാണുവാന്‍ സാധിക്കുകയുള്ളൂ. പൂജകളും മറ്റ് കര്‍മ്മങ്ങളും നടത്തുന്നത് മൂലവിഗ്രഹത്തിന് എതിരെ സ്ഥാപിച്ചിരിക്കുന്ന പ്രതി വിഗ്രഹത്തിലാണ്.
ക്ഷേത്രത്തില്‍ ദേവിയുടെ മൂലവിഗ്രഹത്തെ പൊതിഞ്ഞ് നില്‍ക്കുന്ന വള്ളിപ്പടര്‍പ്പ് സരസ്വതി ലതയാണെന്നാണ് വിശ്വാസം. ഇവിടെ മൂലവിഗ്രഹം ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ പ്രതിഷ്ഠ കാണുവാന്‍ സാധിക്കുന്നില്ല. മൂലവിഗ്രഹത്തിന്റെ കാല് കഴുകുവരുന്ന തീര്‍ത്ഥജലം ഒരിക്കല്‍പ്പോലും വറ്റാറില്ല. ജലത്താല്‍ മൂടപ്പെട്ട പ്രതിഷ്ഠയായതിനാല്‍ 'സരസ്‌സില്‍ വസിക്കുന്ന ദേവി ' എന്ന പേരിനെ പനച്ചിക്കാട് സരസ്വതി അന്വര്‍ത്ഥമാക്കുന്നു. ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് വേണ്ട ജലമെടുക്കുന്നതും ഇവിടെ നിന്നാണ്.

ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിധം


ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ആദ്യം വിഷ്ണു ഭഗവാനെയാണ് ദര്‍ശിക്കുക. പിന്നാലെ സരസ്വതി, ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷി, നാഗരാജാവ് എന്ന ക്രമത്തില്‍ വേണം പനച്ചിക്കാട് ദര്‍ശനം നടത്തേണ്ടത്. സരസ്വതീ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി ഇലഞ്ഞിയും, ഏഴിലംപാലയും തഴച്ചുവളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇതില്‍ മൂലബിംബത്തിന് കാവലായി നിന്ന യക്ഷി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. എല്ലാദിവസവും പുലര്‍ച്ചെ അഞ്ച് മുപ്പത് മുതല്‍ പതിനൊന്ന് മണിവരെയും വൈകിട്ട് അഞ്ച് മണിമുതല്‍ ഏഴ് മുപ്പത് വരെയുമാണ് ക്ഷേത്രത്തിലെ ദര്‍ശന സമയം.

ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍


ഈ വരുന്ന 21 മുതല്‍ സെപ്റ്റംബര്‍ 30 വരെ ഒന്‍പത് ദിവസങ്ങള്‍ (നവരാത്രികള്‍) നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് നവരാത്രിക്കുള്ളത്. പതിനായിരത്തിലധികം കുരുന്നുകളാണ് നവരാത്രിയോടനുബന്ധിച്ച് അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നതിനായി ഓരോ വര്‍ഷവും പനച്ചിക്കാട് ക്ഷേത്രത്തിലെത്തുന്നത്. പരമ്പരാഗത വിധിപ്രകാരം ഊരാണ്‍മക്കാര്‍ (ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശികള്‍) ഉള്‍പ്പെടുന്ന മൂന്ന് നമ്പൂതിരി കുടുംബങ്ങളാണ് പനച്ചിക്കാട് കുട്ടികളെ എഴുത്തിനിരുത്താനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ദിനങ്ങളിലെ തിരക്കുകള്‍ കണക്കിലെടുത്ത് നമ്പൂതിരി കുടുംബങ്ങളിലെ അംഗങ്ങളോടൊപ്പം പുറമെ നിന്നും ശ്രേഷ്ഠമായ വ്യക്തികളെ വിദ്യാരംഭ ചടങ്ങുകള്‍ക്കായി കൊണ്ടുവരുന്ന രീതിയും പനച്ചിക്കാടിനുണ്ട്.
വരുന്ന നവരാത്രിക്കാലത്ത് എല്ലാ വര്‍ഷങ്ങളിലെയും പോലെ നവരാത്രി കാലത്ത് 24 മണിക്കൂറും വിവിധ കലാകാരന്മാരുടെ ഒരു സാസ്‌കാരികമേള തന്നെ ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ സരസ്വതി സന്നിധിയില്‍ ഒരുക്കിയിരിക്കുന്ന രഥ മണ്ഡപത്തില്‍ താളിയോല ഗ്രന്ഥങ്ങളും, പുസ്തകങ്ങളും, എഴുത്ത് സാമഗ്രഹികളും പൂജയ്ക്ക് വയ്ക്കുന്നു. സെപ്റ്റംബര്‍ 30 ന് വിജയദശമി ദിനത്തോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

 

 

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍


കൊല്ലൂര്‍ മൂകാംബികയിലെന്നപോലെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും പനച്ചിക്കാടും വിദ്യാരംഭം നടത്തുന്നു. ജാതിമതഭേദമെന്യേ നിരവധി ആളുകളാണ് വിദ്യാരംഭത്തിനായി ക്ഷേത്രത്തിലെത്തുന്നത്.
പനച്ചിക്കാട്ടെ പ്രധാന വഴിപാടാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും, വിദ്യക്കും ഉണര്‍വ്വ് നല്കുന്ന ഈ ഔഷധം സാരസ്വതസൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്. സരസ്വതിക്കും മഹാവിഷ്ണുവിനും അരവണ, ത്രിമധുരം, യക്ഷിക്ക് വറ, രക്ഷസിന് പാല്‍പ്പായസം, ശാസ്താവിന് തേങ്ങ തിരുന്നിയ നരത്തല നിവേദ്യം, ശിവന് ധാര, കൂവളമാല എന്നിവയും ക്ഷേത്രത്തിലെ വഴിപാടുകളാണ്.

ക്ഷേത്രത്തിലേക്ക്....


കോട്ടയം ചങ്ങനാശ്ശേരി റോഡില്‍ ചിങ്ങവനത്തുനിന്ന് നാല് കിലോമീറ്റര്‍ കിഴക്കുമാറിയാണ് പനച്ചിക്കാട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.