കുത്തിയോട്ട വഴിപാടിന്റെ ഐതിഹ്യം;7 നാള്‍ കുത്തിയോട്ട നേര്‍ച്ചക്കാരായ ബാലന്മാര്‍ വ്രതം നോല്‍ക്കും

ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവിയെ വണങ്ങി വൃതമാരംഭിക്കും.

author-image
parvathyanoop
New Update
 കുത്തിയോട്ട വഴിപാടിന്റെ ഐതിഹ്യം;7 നാള്‍ കുത്തിയോട്ട നേര്‍ച്ചക്കാരായ ബാലന്മാര്‍ വ്രതം നോല്‍ക്കും

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുപ്രധാനമായ വഴിപാടുകളില്‍ ഒന്നായ കുത്തിയോട്ട വ്രതാരംഭത്തിന് മൂന്നാം ഉത്സവ ദിവസമായ ബുധനാഴ്ച തുടക്കമിട്ടു. . 743 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്.

12 വയസ്സില്‍ തഴെയുള്ള ഈ ബാലന്മാര്‍ രാവിലെ 9.20ന് കുത്തിയോട്ട വ്രതം തുടങ്ങി. മഹിഷാസുര മര്‍ദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് ഈ കുത്തിയോട്ട ബാലന്മാരെ സങ്കല്‍പിക്കുന്നത്.

രാവിലെ പന്തീരടി പൂജകള്‍ക്ക് ശേഷമാണ് കുത്തിയോട്ട വ്രതം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നത്. ഒന്‍പതാം ഉത്സവ നാളായ പൊങ്കാല ദിവസമാണ് കുത്തിയോട്ട വഴിപാട്.

7 നാള്‍ കുത്തിയോട്ട നേര്‍ച്ചക്കാരായ ബാലന്മാര്‍ വ്രതം നോറ്റ് ക്ഷേത്രത്തില്‍ താമസിയ്ക്കും.കുത്തിയോട്ട നേര്‍ച്ചക്കാര്‍ കര്‍ശനമായ ചിട്ടകള്‍ പാലിക്കേണ്ടതാണ്.

ഏഴ് ദിവസം ക്ഷേത്രത്തില്‍ താമസിക്കുന്ന കുട്ടികളെ ദിവസവും വന്നുകാണാന്‍ മാതാപിതാക്കള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ പുറത്തുനിന്നുള്ള ആഹാരം കൊടുക്കാനും അവരെ സ്പര്‍ശിക്കാനും പാടില്ല. ദിവസവും അഞ്ചുനേരത്തെ കുളി ഉണ്ട്. മൂന്നുനേരത്തെ കുളിയില്‍ തല തോര്‍ത്തരുത്.

ദിനചര്യ മാറ്റത്തിലൊന്നും നേര്‍ച്ചക്കുട്ടികള്‍ക്ക് അസുഖങ്ങളോ മറ്റ് വിഷമങ്ങളോ ഉണ്ടാകാറില്ല.കുത്തിയോട്ട ദിവസം കുട്ടികള്‍ പട്ടുടുത്ത് കിരീടംവച്ച് കണ്ണെഴുതി പൊട്ടുകുത്തി അണിഞ്ഞൊരുങ്ങും.

ഈ കുട്ടികളെ അഞ്ചു പേരടങ്ങിയ സംഘമായി തിരിച്ച് ഓരോ സംഘത്തിനും നിശ്ചയിച്ചിട്ടുള്ള താളമേളങ്ങളോടെ അമ്മയുടെ തിരുമുമ്പിലെത്തിക്കുമ്പോള്‍ അവര്‍ പ്രദക്ഷിണം വച്ചു തൊഴുത് പൂച്ചെണ്ടുമായെത്തും.ശേഷം ബാലന്മാരെ ചൂരല്‍ കുത്തുന്നു.

വെള്ളിയിലുണ്ടാക്കിയ ചെറിയ ഒരുതരം കൊളുത്തുകള്‍ വാരിയെല്ലിന് താഴെ കുത്തുന്നതാണ് ഈ ചടങ്ങ്. ചൂരല്‍ കുത്തു കഴിഞ്ഞ് ദേവീപ്രസാദമായ പൂമാലയും ചാര്‍ത്തി, പൊങ്കാല നാളിലെ ആറ്റുകാലമ്മയുടെ പുറത്തെഴുന്നള്ളത്തിന് ഇവര്‍ അകമ്പടി സേവിക്കും.

ഘോഷയാത്ര കഴിഞ്ഞ് തിരികെ വന്ന് ചൂരലഴിക്കും വരെ ഇവര്‍ ഭഗവതിയുടെ ഭടന്മാരാണ്. വഴി നീളെ സ്വീകരണം ഏറ്റുവാങ്ങി മണക്കാട് ശ്രീധര്‍മ്മ ശാസ്ത്രാക്ഷേത്രത്തില്‍ എത്തി അവിടെ കുറച്ചു വിശ്രമിച്ച് ഇറക്കി പൂജയും മറ്റ് വിശേഷാല്‍ പൂജകളും നടത്തി തിരികെ ആറ്റുകാല്‍ ക്ഷേത്രത്തിലെത്തുന്നു. അപ്പോഴേക്കും രാത്രി 11 മണിയാകും.

എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രത്യേക ദീപാരാധന നടത്തും. അമ്മയുടെ ശക്തി ആവാഹിച്ച് തിടമ്പ് ശിരസ്സിലേറ്റി വന്ന കൊമ്പനാന 3 തവണ അമ്മേ..... എന്ന ശബ്ദമുണ്ടാക്കി നമസ്‌കരിക്കുന്നത് ആറ്റുകാലിലെ പ്രത്യേകതയാണ്.

അതുവരെ വ്രതശുദ്ധിയോടെ അമ്മയുടെ തിരുമുമ്പില്‍ കഴിഞ്ഞ ബാലന്മാര്‍ ക്രമപ്രകാരം ചൂരല്‍ അഴിച്ച് വ്രതം പൂര്‍ത്തിയാക്കുന്നു.

ആറ്റുകാലില്‍ ഇന്ന്

രാവിലെ 4.30 പള്ളിയുണര്‍ത്തല്‍,5 ന് നിര്‍മ്മാല്യ ദര്‍ശനം,5 .30 ന് അഭിഷേകം,6 .05ന് ദീപാരാധന,6. 40ന് ഉഷപൂജ, ദീപാരാധന, 6 .50 ഉഷ ശ്രീബലി,7.15 ന് കളഭാഭിഷേകം,8.30 ന് പന്തീരടി പൂജാ , ദീപാരാധന,11 .30ന് ഉച്ചപൂജ,ഉച്ചയ്ക്ക് 12ന് ദീപാരാധന, 12.30ന് ഉച്ച ശ്രീബലി ,ഒന്നിന് നടയടക്കല്‍.

വൈകുന്നേരം അഞ്ചിന് നട തുറക്കല്‍, 6. 45 ദീപരാധന.രാത്രി 7. 15 ഭഗവതിസേവ,9 ന് അത്താഴപൂജ,9 .15 ദീപാരാധന, 9. 30 അത്താഴ ശ്രീബലി, 12ന് ദീപാരാധന, ഒന്നിന് നട അടയ്ക്കല്‍, പള്ളിയുറക്കം.

തോറ്റംപാട്ട്

ദരിദ്രനായി തീര്‍ന്ന കോവിലന്‍ ദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി നിത്യവൃത്തിക്കായി ദേവിയുടെ ചിലമ്പ് വില്‍ക്കാനായി കൊണ്ടു പോകുന്നു.

കലാപരിപാടികള്‍

അംബ ഓഡിറ്റോറിയം

രാവിലെ 9ന് സമ്പൂര്‍ണ്ണ ഗീതാ പാരായണം, വൈകുന്നേരം 5 ന് ശാസ്ത്രീയ നൃത്തം, 6 ന്് ഭരതനാട്യ കച്ചേരി, രാത്രി 7 ന് സിംഫണി കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന സലീല്‍ ചൗധരി നൈറ്റ്, 9 .30ന് ശാസ്ത്രീയ നൃത്തം ,11ന് ഇരുകോല്‍ പഞ്ചാരിമേളം.

അംബിക ഓഡിറ്റോറിയം

രാവിലെ 5 മുതല്‍ എട്ടു വരെ ഭജന,9 ന് ദേവീ മാഹാത്മ്യ പാരായണം,10 ന് ശാസ്ത്രീയ നൃത്തം,വൈക്ട്ട് 5 ന് ഭക്തിഗാനാമൃതം,6.30 ന് ദേവി സുകൃതം, രാത്രി 9. 30ന് ചലച്ചിത്ര പിന്നണി ഗായകന്‍ മണക്കാട് ഗോപന്‍ നയിക്കുന്ന ഗാനമേള. 

അംബാലിക ഓഡിറ്റോറിയം

രാവിലെ 5 ന് ദേവി സ്തുതികള്‍,6 ന് ഭജന, 7 ന് ലളിതാസഹസ്രനാമ പാരായണം ,8 ന് സൗന്ദര്യലഹരി പാരായണം, 9 ന് പറയന്‍ തുള്ളല്‍, 11 ന് ഭക്തിഗാനാമൃതം, വൈകുന്നേരം 5ന് തിരുവാതിര, 6 ന് നൃത്തം, ഏഴ് മുതല്‍ ഏഴര വരെ തിരുവാതിര, എട്ടിന് നൃത്തം,9 ന് ശാസ്ത്രീയ നൃത്തം,10 ന് നൃത്താര്‍ച്ചന.

തെയ്യത്തറ :രാത്രി 7 മണി മുതല്‍ തെയ്യം.

 

 

attukal temple