വ്രതങ്ങളില്‍ ഏറ്റവും പ്രധാനം, സ്വര്‍ഗ്ഗവാതില്‍ ഏകാദശി

ഏകാദശി വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ശ്രീകൃഷ്ണന്‍ അവില്‍പ്പൊതി പങ്കുവച്ച് സതീര്‍ത്ഥ്യനായ കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ് സങ്കല്പം. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയായി ആചരിക്കുന്നത്.

author-image
RK
New Update
വ്രതങ്ങളില്‍ ഏറ്റവും പ്രധാനം, സ്വര്‍ഗ്ഗവാതില്‍ ഏകാദശി

ഡോ. ആര്‍. വേലായുധന്‍

ഏകാദശി വ്രതങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ശ്രീകൃഷ്ണന്‍ അവില്‍പ്പൊതി പങ്കുവച്ച് സതീര്‍ത്ഥ്യനായ കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ് സങ്കല്പം. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശിയായി ആചരിക്കുന്നത്.

സ്വര്‍ഗ്ഗവാതില്‍ ഏകാദശി നാളില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ മുന്‍ വാതിലില്‍ക്കൂടി പ്രവേശിച്ചു പൂജാവിധികള്‍ക്ക് ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്തു കടന്നാല്‍ സ്വര്‍ഗ്ഗവാതില്‍ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം.

സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതാനുഷ്ഠാനം എങ്ങനെ?

സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം തന്നെ ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂര്‍ണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവര്‍ക്ക് ഒരു നേരം പഴങ്ങള്‍ മാത്രം ഭക്ഷിച്ചു ഉപവാസം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകല്‍സമയം ഉറങ്ങുവാനും പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം.

അന്നേ ദിവസം വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഒരു വാതിലില്‍ കൂടി കടന്ന് മറ്റൊരു വാതിലില്‍ കൂടി പുറത്ത് കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. മറ്റു ചിന്തകള്‍ക്ക് ഇടനല്‍കാതെ വിഷ്ണുസൂക്തം, പുരുഷസൂക്തം ,ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. ഏകാദശിദിവസം ഉടനീളം പൂര്‍ണ്ണ മനസ്സോടെ നാരായണ നാമം ജപിക്കുക.

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീര്‍ത്ഥം സേവിച്ച് സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം അവസാനിപ്പിക്കാം.പാരണ വീടല്‍ എന്നാണ് ഇതിന് പറയുന്നത്.

'ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത'

(പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ)

ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാന്‍.

കുരുക്ഷേത്രയുദ്ധത്തില്‍ തളര്‍ന്ന അര്‍ജ്ജുനന് ശ്രീ കൃഷ്ണന്‍ ഗീത ഉപദേശിച്ചതും അന്നെദിവസം ആണെന്നാണ് കരുതുന്നത്. അതിനാല്‍ സ്വര്‍ഗ്ഗവാതില്‍ ഏകാദശി ഗീതാജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നു.ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ വിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളില്‍ എല്ലാം സ്വര്‍ഗ്ഗവാതില്‍ ഏകാദശി ദിവസം വളരെ പ്രധാനമായി ആണ് ആചരിക്കുന്നത്.

ഫലസിദ്ധി

വിഷ്ണു പ്രീതി യിലൂടെ മോക്ഷ പ്രാപ്തി ലഭിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം. പൂര്‍ണ മനസോടെയും നിഷ്ഠയോടെയും ഏകാഗ്രതയോടെയും സ്വര്‍ഗ്ഗവാതില്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്കും അവരുടെ ഗതി കിട്ടാതെയുള്ള പിതൃക്കള്‍ക്കും പൂര്‍ണ്ണഫലം കൈവരുമെന്നാണ് വിശ്വാസം.

ഓം നമോ നാരായണായ നമഃ

Astro swargavathil ekadasi