തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിക്ഷേത്രം !!!

By BINDU PP.25 Jul, 2017

imran-azhar

 

 

 


ആധുനികതയുടേതായ ഈ കാലത്തും പരിഷ്കാരത്തിന്റേയും നഗരവല്‍ക്കരണത്തിന്റേയും വേവലാതികളോ തിരക്കോ ഗ്രസിക്കാത്ത ഗ്രാമമാണ് തിരുനെല്ലി. ചേരരാജാവായ ഭാസ്ക്കര രവിവര്‍മ്മയുടെ കാലത്താണ് തിരുനെല്ലിക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയത്. മുന്‍പ് തിരുനെല്ലി ആമലകഗ്രാമം എന്നും അറിയപ്പെട്ടിരുന്നു. ആമലകം എന്നാല്‍ നെല്ലിക്ക എന്നാണര്‍ത്ഥം. മാനന്തവാടി ടൗണിൽ നിന്നും 32 കി.മീ ദൂരെയാണ് തിരുനെല്ലി. കുടക് മലനിരകളോട് ചേർന്ന് ബ്രഹ്മഗിരിയുടെ താഴ്വരയിൽ പ്രകൃതിരമണീയമായ പുണ്യഭൂമിയിൽ തിരുനെല്ലി ക്ഷേത്രം പരിലസിക്കുന്നു.തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾക്കും കുറവില്ല. ക്ഷേത്രപ്രതിഷ്ഠ നടത്തിയത് ബ്രഹ്മദേവനാണ്. യാഗംചെയ്ത് ബ്രഹ്മാവ് ഇവിടെ പരിപാവനമാക്കിതീർത്തു. ക്ഷേത്രത്തിനകത്ത് കരിങ്കല്ല് വിരിക്കാത്ത സ്ഥലത്ത് യാഗം നടത്തിയത്രെ. ബ്രഹ്മഗിരി എന്ന സ്ഥലനാമവും ബ്രഹ്മാവിന്റെ ബന്ധം ഉറപ്പിക്കുന്നതാണ്.വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയ ചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. പാപമോചനത്തിനും പിതൃമോക്ഷത്തിനും ഈ കല്‍പ്പടവുകള്‍ താണ്ടി ബലിയര്‍പ്പിക്കാന്‍ നിരവധിപേര്‍ ദിവസേന എത്തുന്നു.

 


ഐതീഹ്യത്തിന്റെ നിറച്ചാർത്ത്.......

 

‘തിരുനെല്ലി’ എന്ന പേരിന്റെ ഉല്‍പ്പത്തിയെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്. കാലങ്ങള്‍ക്കു മുമ്പ് ഭക്തരായ മൂന്നു ബ്രാഹ്മണര്‍ കാശിവിശ്വനാഥ ദര്‍ശനത്തിന് കാല്‍നടയായി പുറപ്പെട്ടു. ഒരുപാടു ദൂരം യാത്രചെയ്ത് വിജനമായ സ്ഥലത്ത് എത്തി. ചുറ്റും അന്തകാരം. അവിടെയുള്ള അരുവി തീരത്ത് തങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ച് അവര്‍ വിശ്രമിച്ചു. ഒന്നു മയങ്ങി ഉണര്‍ന്ന് ചുറ്റും നോക്കിയപ്പോള്‍ ദൂരെ ഒരു മരത്തില്‍ നെല്ലിക്ക കായ്ച്ചു നില്‍ക്കുന്നതുകണ്ടു. മൂന്നുപേരും ഓരോ നെല്ലിക്ക വീതം പറിച്ചു. കുളിയും കര്‍മ്മങ്ങളും കഴിഞ്ഞ് നെല്ലിക്ക ഭക്ഷിക്കാമെന്നു തീരുമാനിച്ച അവര്‍ മൂന്നു നെല്ലിക്കയും ഭാണ്ഡത്തിനരികില്‍ വച്ചു. കുളി കഴിഞ്ഞതും ക്ഷീണവും വിശപ്പും എവിടെയോ മറഞ്ഞു. വിഭവസമൃദ്ധമായ സദ്യയുണ്ട പ്രതീതി. അത്ഭുതപ്പെട്ടുപോയ അവര്‍ തങ്ങളുടെ ഭാണ്ഡത്തിനടുത്തെത്തി. അവിടെ നെല്ലിക്കയ്ക്കു പകരം മൂന്നു കല്ലുകള്‍, പിന്നീട് കേട്ടത് ഒരു അശരീരിയാണ്. ”ഇവിടെ നിന്നും അല്‍പ്പം തെക്കോട്ടു മാറി ഭഗവാന്‍ ശ്രീപരമേശ്വരന്‍ കുടികൊള്ളുന്നുണ്ടെന്നും ശിവനെ വണങ്ങിയശേഷം കിഴക്കോട്ടു ചെന്നാല്‍ സംശയനിവാരണം ലഭിക്കും എന്നുമായിരുന്നു കേട്ടത്”. ബ്രാഹ്മണര്‍ അപ്രകാരം ചെയ്തു.

 

 

തെക്ക് ദിശയില്‍ വലിയ പാറയുടെ അടിയിലായി മനോഹരമായ ഗുഹ അതിനകത്ത് ജ്വലിക്കുന്ന തേജസ്സോടെ ഒരു ശിവലിംഗം. ഭഗവാനെ ഭക്തിപൂര്‍വ്വം വണങ്ങിയ ശേഷം കിഴക്കോട്ടു നടന്നു. നെല്ലിക്ക പറിച്ച മരത്തിനു സമീപത്തായി ശംഖ് ചക്ര-ഗദാ-പത്മത്തോടുകൂടി കരുണാകടാക്ഷം പൊഴിച്ചു നില്‍ക്കുന്ന മഹാവിഷ്ണുവിനെയാണ് കാണാന്‍ കഴിഞ്ഞത്. അതിശയത്തോടെയും അതിലേറെ ഭക്തിയോടെയും ഭഗവാനെ നമസ്‌കരിച്ച അവര്‍ വീണ്ടും അശരീരി കേട്ടു. ”യഥാര്‍ത്ഥ ഭക്തിയാല്‍ നിങ്ങളുടെ ഈ ജന്മം സഫലമായിരിക്കുന്നു. ഇനി ഈശ്വരനെ തേടി എങ്ങും അലയേണ്ട. ഇതുതന്നെ കാശിവിശ്വനാഥസന്നിധി. മാത്രമല്ല ഭക്ഷ്യയോഗ്യമായ ഫലം തീര്‍ത്ഥക്കരയിലെ പാറയില്‍ അര്‍പ്പിച്ചതുമൂലം നിങ്ങളുടെ പിതൃക്കളും നിങ്ങളില്‍ സംപ്രീതരായിരിക്കുന്നു. ഇനി ഏതൊരുവന്‍ ഈ തീര്‍ത്ഥക്കരയില്‍ പിതൃപിണ്ഡം അര്‍പ്പിക്കുന്നുവോ ആ പിതൃക്കള്‍ വിഷ്ണുപാദങ്ങളില്‍ വിലയം പ്രാപിച്ച് മോക്ഷം നേടും”. ഇതാണ് ഒരു ഐതിഹ്യം.

 

 

മറ്റൊരു ഐതിഹ്യം പറയുന്നത് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ഹംസാരൂഢനായി താന്‍ സൃഷ്ടിച്ച ലോകങ്ങള്‍ ചുറ്റി സഞ്ചരിക്കുമ്പോള്‍ ബ്രഹ്മഗിരി മലയുടെ അടിത്തട്ടില്‍ എത്തിച്ചേരുകയും ആ പ്രദേശത്തെ മനോഹാരിത കണ്ട് അവിടെയിരുന്ന് മഹാവിഷ്ണുവിനെ തപസ്സു ചെയ്തു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ നെല്ലിമരത്തിനു ചാരെ ഭഗവാന്‍ ശ്രീനാരായണന്‍ പ്രത്യക്ഷപ്പെട്ടു. നാരായണന്‍ ബ്രഹ്മാവിനോടു പറഞ്ഞു, ശ്രീ പരമേശ്വരന്റെ സാന്നിദ്ധ്യത്തില്‍ പരമപവിത്രമായ ഈ സ്ഥലത്ത് നമ്മള്‍ രണ്ടുപേരും എത്തിയിരിക്കുന്നു. ഇപ്പോള്‍ ഈ സ്ഥലം ത്രിമൂര്‍ത്തികളുടെ സംഗമസ്ഥലമായി മാറിയിരിക്കുന്നു. കൂടാതെ അങ്ങ് എന്നെ ദര്‍ശിച്ചത് നെല്ലിമരത്തിന്റെ ചാരത്തും, അതിനാല്‍ ഈ സ്ഥലം ഇനി തിരുനെല്ലി എന്ന പേരില്‍ അറിയപ്പെടട്ടെ. കാശിക്കുതുല്യമായ ഈ സ്ഥലത്തെ അരുവിയില്‍ സ്‌നാനം ചെയ്ത് പിണ്ഡപ്പാറയില്‍ പിതൃക്കള്‍ക്കായി ആരാണോ പിതൃപിണ്ഡം അര്‍പ്പിക്കുന്നത് ആ പിതൃക്കള്‍ വിഷ്ണുപാദത്തില്‍ മോക്ഷം പ്രാപിക്കും.

 

 

ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ കാലപ്പഴക്കത്തെപ്പറ്റി ഊഹിക്കാം. ദിനംതോറും രാത്രികാലങ്ങളില്‍ ബ്രഹ്മാവ് പൂജ നടത്തിവരുന്നു എന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു. മറ്റു ക്ഷേത്രങ്ങളില്‍ അത്താഴപ്പൂജ കഴിഞ്ഞ് നട അടച്ചാല്‍ അടുത്ത ദിവസം പുലര്‍ച്ചെയാണ് നിര്‍മാല്യം മാറ്റുന്ന പതിവ്. എന്നാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ അത്താഴപ്പൂജയ്ക്കു ശേഷം നിര്‍മാല്യം മാറ്റി ഒരു പൂജയ്ക്കുള്ള സകല സാധനസാമഗ്രികളും ഒരുക്കിവെച്ചതിനുശേഷമേ ശ്രീകോവില്‍ നട അടയ്ക്കുകയുള്ളൂ. രാത്രി ബ്രഹ്മാവ് പൂജ ചെയ്യുന്നു എന്ന വിശ്വാസമാണ് കാരണം. ബ്രഹ്മാവിനാല്‍ അര്‍പ്പിക്കപ്പെട്ട പൂജാപുഷ്പങ്ങളാണ് പ്രഭാതത്തില്‍ പ്രസാദമായി ലഭിക്കുന്നതെന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിലെ പൂജാവിധികളില്‍ നിന്നും വ്യത്യസ്തമാണ് തിരുനെല്ലിയിലേത്. ഈ ക്ഷേത്രത്തില്‍ തന്ത്രിയുടെ പ്രത്യേക കാര്‍മ്മികത്വത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങളോടെ ‘അവരോധനം’ എന്ന ചടങ്ങ് നിര്‍വ്വഹിച്ചവര്‍ക്ക് മാത്രമേ അവിടെ പൂജ നടത്തുവാന്‍ അര്‍ഹതയുള്ളൂ. അത് ഇന്നും അനുഷ്ഠിച്ചുവരുന്നു. ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന തീര്‍ത്ഥജലം ശ്രീകോവിലില്‍ നിന്നും ഓവില്‍ക്കൂടി തീര്‍ത്ഥക്കുഴിയില്‍ പതിക്കുന്നു. അത് ഒരിക്കലും പുറത്തേക്ക് പോകുന്നില്ല. എത്ര കുടം ജലം അഭിഷേകം ചെയ്താലും തീര്‍ത്ഥക്കുഴി കവിഞ്ഞ് പുറത്തുപോകാതെ കുഴിയില്‍ത്തന്നെ വറ്റിപ്പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.