തിരുവാതിര നോമ്പ് എന്തിന്? എങ്ങനെ?

ധനുമാസത്തിലെ തിരുവാതിര ശ്രീ പരമേശ്വരന്റെ പിറന്നാള്‍ ആണ്

author-image
online desk
New Update
തിരുവാതിര നോമ്പ് എന്തിന്? എങ്ങനെ?

ധനുമാസത്തിലെ തിരുവാതിര ശ്രീ പരമേശ്വരന്റെ പിറന്നാള്‍ ആണ്. ഐശ്വര്യപൂര്‍ണ്ണമായ ഒരു കുടുംബജീവിതത്തിന്റെ ഭാഗമാണ് ധനുമാസത്തിലെ തിരുവാതിര. അശ്വതിനാളില്‍ തുടങ്ങുന്ന തിരുവാതിരക്കളി തിരുവാതിരനാളില്‍ സമാപിക്കുന്നു. അശ്വതിയില്‍ വ്രതം തുടങ്ങിയാല്‍ പുലര്‍ച്ചെ അഹസ്സ് പകരുന്നതിനു മുമ്പ് കുളിക്കണം. ഭരണിനാളില്‍ പ്രകാശം പരക്കുംമുമ്പ്, കാര്‍ത്തികനാളില്‍ കാക്ക കരയും മുമ്പ്, രോഹിണി നാളില്‍ രോമം പുണരുംമുമ്പ്, മകയിരം നാളില്‍ മക്കള്‍ ഉണരും മുമ്പ്, തുടിച്ചു കുളിക്കണം എന്നാണ് പഴമൊഴി.

കൈകൊട്ടിക്കളിയുടെ രാവുകളാണ് തിരുവാതിര നാളുകള്‍. അതില്‍ മകയിരം നോമ്പിനും തിരുവാതിര നോമ്പിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. മകയിരം മക്കളുടെ നന്മയ്ക്കു വേണ്ടിയാണെങ്കില്‍ തിരുവാതിര ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും ഉന്നതിക്കും വേണ്ടിയാണ്. മകയിരത്തിന്റെ അന്നു വൈകിട്ടാണ് എട്ടങ്ങാടി നേദിക്കുന്നത്. കാച്ചില്‍, ഏത്തയ്ക്ക, മാറാന്‍ ചേമ്പ് തുടങ്ങിയ എട്ടുകിഴങ്ങുകള്‍ ചുട്ടെടുക്കുന്നതാണ് എട്ടങ്ങാടി. തിരുവാതിര നാളിലാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നത്. അതും ഈ പറഞ്ഞ കിഴങ്ങുകളും വന്‍പയറും കൂടി പുഴുങ്ങുന്നതാണ് തിരുവാതിരപ്പുഴുക്ക് എന്നു പറയുന്നത്.

സുമംഗലിമാരുടെയും കന്യകമാരുടെയും മഹോത്സവമാണ് തിരുവാതിര. അന്നു മംഗല്യവതികളായ സ്ത്രീകള്‍ നൂറ്റൊന്നു വെറ്റില കീറാതെ മുറുക്കണമെന്നാണ് പറയുന്നത്. തിരുവാതിര നാളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് പാതിരപ്പൂചൂടല്‍. പാതിരാപ്പൂ എന്നു പറയുന്നത് ദശപുഷ്പത്തെയാണ്. വളരെ രസകരമായ നിമിഷങ്ങളാണ് ഇത്. കുട്ടികള്‍ കളിക്കാറുളള പൂപറിക്കാന്‍ പോവുന്നോ എന്ന കളിപോലെയാണിതും തുടങ്ങുന്നത്. തിരുവാതിര കളിക്കുന്ന സ്ത്രീകള്‍ ഇരുഭാഗമായി തിരിയുന്നു. ഒരു ഭാഗമുളളവര്‍ പൂ പറിക്കാന്‍ പോരുമോ എന്ന പാട്ടുപാടുമ്പോള്‍ മറുഭാഗത്തുളളവര്‍ ഞങ്ങളാരും വരുന്നില്ല എന്ന പാട്ടുപാടുന്നു. പ്രാദേശിക വ്യത്യാസം അനുസരിച്ച് ആ ദേശത്തെ ദേവനെ വണങ്ങി ഈ പാട്ടുകളില്‍ സ്തുതിക്കാറുണ്ട്.

പാതിരാ കഴിയുന്നതോടെ പാതിരാപ്പൂ എടുക്കാന്‍ എല്ലാവരും കൂടി പോവുന്നു. കൊടിവിളക്കും അഷ്ടമംഗല്യവും കിണ്ടിയില്‍ വെള്ളവുമായി ആര്‍പ്പും കുരവയോടും കൂടിയാണ് പാതിരാപ്പൂ എടുക്കാന്‍ പോവുന്നത്. പാതിരാപ്പൂ നേരത്തെ തന്നെ ഒരു സ്ഥലത്ത് കൂട്ടത്തിലുളള ആരെങ്കിലും വെച്ചിരിക്കും. പിന്നീട് പൂത്തിരുവാതിര കൊണ്ടാടുന്ന പെണ്ണിനെ ആവണിപ്പലകയില്‍ ഇരുത്തി പാതിരാപ്പൂവിന്റെ നീര് കൊടുക്കുക എന്ന ചടങ്ങ് നടത്തും. പത്തു പുഷ്പങ്ങളെക്കുറിച്ചു പാടുന്ന പാട്ടില്‍ എല്ലാം നീര്‍കൊടുക്കാന്‍ പറയുന്നുണ്ട്. ആ സമയത്താണ് കിണ്ടിയില്‍ നിന്നു വെള്ളം എടുത്ത് ചെറുതായി ഒഴിക്കുന്നു. അതുകഴിഞ്ഞ് പൂത്തിരുവാതിരപ്പെണ്ണ് പാതിരാപ്പൂ എടുത്ത് പഴയസ്ഥലത്ത് വരുന്നു. വഞ്ചിപ്പാട്ടാണ് ഈ സമയത്ത് പാടുന്നത്.

പാതിരാപ്പൂ വിളക്കത്തുവെച്ച് പൂത്തിരുവാതിരപ്പെണ്ണും കൂടെ ഇരിക്കുന്നു. പിന്നീടാണ് ദശപുഷ്പത്തെ സ്തുതിക്കുന്നത്. ഓരോ പൂവിനും ഓരോ ദേവതമാരുണ്ട്. പത്തു പുഷ്പത്തെക്കുറിച്ചും പാടിക്കഴിഞ്ഞാല്‍ പാതിരാപ്പൂ ചൂടുകയായി. തുടര്‍ന്നും തിരുവാതിരക്കളി തുടരുന്നു. പിറ്റേന്നും പുലര്‍ച്ചെവരെയാണ് കളി നടക്കുന്നത്.

ഓരോ ആചാരങ്ങള്‍ക്കു പിന്നിലും ഓരോ നന്മയുണ്ട്. വിശുദ്ധിയുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് തിരുവാതിര. പഴയ തലമുറയില്‍ നിന്നും നഷടപ്പെടാതെ കിട്ടിയ ഒരു ചൈതന്യം കൂടിയാണിത്.

thiruvathira celebrations