തിരുവാതിര വൃതാരംഭം ബുധനാഴ്ച മുതൽ; വൃതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവാതിര വൃതാരംഭം ബുധനാഴ്ച മുതൽ; വൃതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

author-image
astro desk
New Update
തിരുവാതിര വൃതാരംഭം ബുധനാഴ്ച മുതൽ; വൃതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ധനുമാസത്തിലെ തിരുവാതിര സുപ്രസിദ്ധമാണ്. ആദ്യമായി ഈ വ്രതം അനുഷ്ഠിച്ചത് ശ്രീപാർവതിയാണ് – ശ്രീ പരമേശ്വരൻ്റ ആയുരാരോഗ്യ സൗഖ്യത്തിനായി. ഭഗവാൻ്റെ ജന്മനക്ഷത്രമാണ് ധനുവിലെ തിരുവാതിര. ശ്രീ പരമേശ്വരനും പാർവതി ദേവിയും തമ്മിലുള്ള വിവാഹം നടന്നതും തിരുവാതിര നാളിലാണേത്രേ.

ശിവശക്തി സംഗമം നടന്ന ഈ ദിവസം വ്രതമെടുത്താൽ അതിവിശിഷ്ടമായ ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. അതിനാൽ വിവാഹിതകൾ ഭർത്താവിന്റെ ക്ഷേമത്തിനും യശസിനും ദീർഘമാംഗല്യത്തിനും വേണ്ടി ഈ വ്രതം നോൽക്കുന്നു. കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാനും ഉത്തമ ദാമ്പത്യത്തിനും ഇത് അനുഷ്ഠിക്കുന്നു.

ഭർത്താവിന്റെ ദു:ശീലങ്ങൾ മാറാനും ദാമ്പത്യ ജീവിത ഭദ്രതയ്ക്കും പ്രണയിക്കുന്നവർക്ക് പ്രണയ സാഫല്യത്തിനും മനപ്പൊരുത്തം, ഇഷ്ട ജനവശ്യത എന്നിവയ്ക്കും ധനുവിലെ തിരുവാതിര വ്രതം ഉത്തമമത്രേ. ഓണവും വിഷുവും പോലെ തിരുവാതിരയും ഒരു കാലത്ത് ഇവിടെ വലിയ ആഘോഷമായിരുന്നു. ഇന്നും തീർത്തും അങ്ങനെ അല്ലാതായിട്ടില്ല. എന്നാൽ അത്ര പരക്കെ ആഘോഷമൊന്നുമില്ല.

ഉമയെയും മഹേശ്വരനെയും ഒരേ പോലെ പ്രീതിപ്പെടുത്താൻ കഴിയും എന്നതാണ് ഈ വ്രതത്തിന്റെ മാഹാത്മ്യം. തിരുവാതിരപ്പാട്ടും കൈകൊട്ടിക്കളിയും ഈ വ്രതത്തിന്റെ ഭാഗമാണ്. തിരുവാതിര നാളിൽ അരിയാഹാരം പാടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ധനുവിലെ രേവതി (2020 ഡിസംബർ 23) മുതൽ തിരുവാതിര വരെയാണ് വ്രതം നോക്കേണ്ടത്. പുലർച്ചെ കുളിയോടെ വ്രതം തുടങ്ങണം. മകയിരം (ഡിസംബർ 28) നാളിൽ വൈകിട്ട് എട്ടങ്ങടി തയ്യാറാക്കണം. കാവത്ത്, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുര കിഴങ്ങ്, രണ്ടു തരം ചേമ്പ് എന്നിങ്ങനെ എട്ടു കിഴങ്ങുകളും നേന്ത്രക്കായും കനലിൽ ചുട്ടെടുക്കുന്നു.

ഉണങ്ങിയ നാളികേരം, കരിമ്പ്, കദളിപ്പഴം എന്നിവയും ചുട്ട കിഴങ്ങുകളും അരിഞ്ഞ് ശർക്കര,പാവുകാച്ചി വൻപയർ, എള്ള്, കടല എന്നിവ വറുത്ത് ചോളപ്പൊടിയും എള്ളും ചേർത്ത് ഇളക്കുന്നതാണ് എട്ടങ്ങടി. ഗണപതി, ശിവൻ, പാർവ്വതി, ചന്ദ്രൻ എന്നീ ദേവതകൾക്ക് ഇത് നിവേദിച്ച ശേഷം പ്രസാദമായി കഴിക്കുന്നു. തിരുവാതിര നാളിൽ രാവിലെ കരിക്ക്, പഴം, അട അവൽ, മലർ, ഇവ ഈ ദേവതകൾക്ക് നേദിക്കുകയും അതിനു ശേഷം അവയും കൂവ കുറുക്കിയതും കഴിക്കുകയും ചെയ്യുന്നു. ഗോതമ്പ്, ചാമ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ ഭക്ഷണവും തിരുവാതിരപ്പുഴുക്കും കഴിക്കാം.

 

മകയിരം നാൾ അർദ്ധരാത്രിയിൽ അതിവിശിഷ്ടമായ ആർദ്രാജാഗരണം നടക്കുന്നു. സുമംഗലിമാരും കന്യകമാരും നടുമുറ്റത്ത് അരിപ്പൊടി കലക്കി തളിച്ച ശേഷം അമ്മിക്കുഴവിയെ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ അതിന് മദ്ധ്യേ ഉറപ്പിക്കുന്നു. വിളക്ക് ഗണപതിയായി സങ്കൽപ്പിച്ച് പൂജ നടത്തുന്നു. അടയ്ക്കാ മണിയൻ എന്ന ചെടിയുടെ നാമ്പാണ് ഉത്തര കേരളത്തിൽ പൂജയ്ക്ക് ഉപയോഗിക്കുക. സുമംഗലികളും കന്യകകളും ചന്ദനം, ചാന്ത്, കുങ്കുമം എന്നിവ നെറ്റിയിൽ ചാർത്തി കണ്ണെഴുതും.

മൂന്ന് വെറ്റില കൊണ്ട് മൂന്നു കൂട്ടി അടയ്ക്കാ മണിയൻ്റെ ഇല കൊണ്ട് അർദ്ധനാരീശ്വരൻ, ഗണപതി എന്നിവരെ അർച്ചിക്കും തുടർന്ന് അഷ്ടദിക് പാലക സങ്കൽപ്പത്തിൽ എട്ടു ദിക്കുകളിലും അർച്ചന നടത്തും. ബാക്കിയുള്ള പൂജാ പാത്രം അരുന്ധതീ ദേവിയെ സങ്കൽപ്പിച്ച് മുകളിലേക്ക് അർച്ചിക്കും പിന്നീട് മംഗല്യത്തിന് പ്രാർത്ഥിച്ച് നമസ്കരിക്കും. തുടർന്ന് ശ്രീ പാർവതീ സ്വയംവരം, മംഗലാതിര എന്നീ പാട്ടുകൾ പാടി തിരുവാതിര കളിക്കുന്നു. നേരം പുലരുന്നതുവരെ തിരുവാതിര കളി തുടരും. രാവിലെ കുളി കഴിഞ്ഞ് ക്ഷേത്ര ദർശനം നടത്തി തീർത്ഥം കുടിച്ച് പാരണ വീട്ടിയ ശേഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. ഇതോടു കൂടി ദീർഘ മംഗല്യവരദായകമായ തിരുവാതിര വ്രതം പൂർണ്ണമാകും.

 ഈ വർഷത്തെ തിരുവാതിര വ്രതം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മകയിരം നാൾ മുതൽ അരിയാഹാരം ഉപേക്ഷിച്ച് വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 28 (ധനു 13) വൈകുന്നേരം മുതൽ ഡിസംബർ 30 (ധനു 15) വൈകുന്നേരം 7 മണി വരെ വ്രതം ആചരിക്കണം. തിരുവാതിര വ്രതം മാത്രം ആചരിക്കുന്നവർ ഡിസംബർ 29 വൈകുന്നേരം മുതൽ ഡിസംബർ 30 വൈകുന്നേരം 7 മണിവരെ ആചരിക്കണം. തിരുവാതിര ഉറക്കമൊഴിക്കൽ ഡിസംബർ 29 രാത്രിയാണ്. മകയിരം നാളിലെ വ്രതം സന്താനങ്ങളുടെ അഭിവൃദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനുമാണ്. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പൂത്തിരുവാതിര.

വ്രതനിഷ്ഠ, ആഹാര നിഷ്ഠ

അരി ആഹാരം പൂർണ്ണമായി ഒഴിവാക്കുക എന്നതാണ് തിരുവാതിര വ്രതത്തിന്റെ നിബന്ധന. പയർ, ഗോതമ്പ്, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, നേന്ത്രപ്പഴം ഇവയാണ് ഭക്ഷിക്കാവുന്നത്. ഉള്ളിയും കാച്ചിയ പപ്പടവും പാടില്ല. തിരുവാതിര നക്ഷത്രം ഉദിച്ച് അസ്തമിക്കും വരെയാണ് വ്രതം. വ്രതമെടുക്കുന്നവർ സന്ധ്യക്ക് മുമ്പ് കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് കണ്ണെഴുതി, സിന്ദൂരം ചാർത്തി തലയിൽ ദശപുഷ്പമോ, തുളസിയോ, മുല്ലപ്പൂവോ ചൂടണം. (മംഗല്യവതികൾ ശ്രീപാർവ്വതിയെ സ്മരിച്ചു കൊണ്ട് സീമന്ത രേഖയിലാണ് സിന്ദൂരം അണിയേണ്ടത്) നിലവിളക്കു തെളിച്ച് ഗണപതി ഒരുക്ക്, വെറ്റില അടയ്ക്ക, അഷ്ടമംഗല്യം ഇവ ഒരുക്കി ഗണപതി, പാർവ്വതി, പരമശിവൻ എന്നിവരെ പ്രാർത്ഥിക്കണം ഉറക്കമിളക്കുന്നവർ ഉറങ്ങാതെ ഭജനം, തിരുവാതിര കളി, പുരാണ പാരായണം ഇവയിൽ മുഴുകണം.

പഞ്ചാക്ഷരീ മന്ത്രവും ശിവപാർവ്വതി പ്രീതികരമായ സ്തോത്രങ്ങളും ശിവസഹസ്രനാമവും ശിവപുരാണവും മറ്റുമാണ് ജപിക്കേണ്ടത്. സ്ത്രീകൾ കൂട്ടമായി തിരുവാതിര ആചരിക്കുന്നതാണ് ഉത്തമം. പാതിരാത്രി കഴിഞ്ഞാൽ കുളിച്ചു വന്ന് പാതിരാപ്പൂവ് ചൂടണമത്രേ. അടയ്ക്കാമണിയൻ എന്ന ചെടിയുടെ പൂവും കായുമാണ് പാതിരാപ്പുവ്. ഇതു കിട്ടാത്തവർ ദശപുഷ്പം, തുളസി ഇവ ചൂടിയാൽ മതി.

Astro