ഇന്ന് വിജയദശമി; ആദ്യാക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍

By RK.14 10 2021

imran-azhar

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവച്ചെത്തുന്ന ദിവസം.

 

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും. ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും. വിദ്യാദേവതയായ സരസ്വതിക്കു മുന്നിലാണ് ആദ്യാക്ഷരം കുറിക്കുന്നത്. അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ഹരിഃ ശ്രീഗണപതയേ നമഃ എഴുതിക്കും. തുടര്‍ന്ന് സ്വര്‍ണമോതിരം കൊണ്ട് നാവില്‍ ഹരിശ്രീ' എന്നെഴുതും.

 

വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം ആവശ്യമില്ല. നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമിയായി ആഘോഷിക്കുന്നത്.

 

ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്.

 

കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കൂ. കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.

 

ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കുട്ടികളെ മാതാപിതാക്കള്‍ തന്നെയാണ് എഴുത്തിനിരുത്തുന്നത്.

 

തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാല്‍ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, എറണാകുളം, ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

 

തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങില്ല. പകരം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എം.ടി. വാസുദേവന്‍ നായരുടെ ഡിജിറ്റര്‍ ഓപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. പാലക്കാട്, കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലും ഇത്തവണയും എഴുത്തിനിരുത്തല്‍ ഇല്ല.

 

 

 

 

OTHER SECTIONS