ഏത്തമിടീല്‍ വിഘ്‌നങ്ങളെല്ലാം അകറ്റും; ശരിയായി അനുഷ്ഠിക്കണം എന്നു മാത്രം

By RK.01 10 2021

imran-azhar

 

തടസ്സങ്ങള്‍ നീക്കാന്‍ ഗണപതി ഭഗവാനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യുന്നതാണ് ഏത്തമിടീല്‍. ഗണപതി ഭഗവാനു മുന്നില്‍ മാത്രമാണ് ഏത്തമിടുന്നത്. മറ്റു ദേവീദേവന്മാര്‍ക്ക് ഏത്തമിടീല്‍ പാടില്ല. ഏത്തമിട്ടാല്‍ ഗണപതി ഭഗവാന്‍ എല്ലാ ആപത്തുകളും നീക്കി അനുഗ്രിക്കും.

 

ശരിയായ രീതിയിലുള്ള ഏത്തമിടീല്‍ ഇങ്ങനെയാണ്. ഇടതുകാല്‍ ഭൂമിയില്‍ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. തുടര്‍ന്ന് ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവര്‍ന്നുമാണ് ഏത്തമിടുന്നത്.

 

ഗണപതിക്കു മുന്നില്‍ ഏത്തമിടുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മഹാവിഷ്ണു ശിവഭഗവാനെയും കുടുംബത്തെയും വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു.

 

എല്ലാവരും സംസാരിച്ചിരിക്കുമ്പോള്‍ ഗണപതി ഭഗവാന്‍ വൈകുണ്ഠത്തിലൂടെ ചുറ്റി നടന്നു. ഈ സമയത്ത് വിഷ്ണു ഭഗവാന്റെ സുദര്‍ശനചക്രം കാണാനിടയായി. എന്തു കണ്ടാലും വായിലിടുന്ന ഉണ്ണിഗണപതി ചക്രായുധവും വായിലിട്ടു. വിഴുങ്ങാന്‍ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു.

 

ചക്രായുധം തിരഞ്ഞ വിഷ്ണുവിന്, വാപൂട്ടി നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. ഭയപ്പെടുത്തിയാല്‍ പേടിച്ചു വിഴുങ്ങിയാലോ എന്നു കരുതി ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. വിഷ്ണു ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്ത് ചക്രായുധം നിലത്തു വീണു.

 

ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാന്‍ ഏത്തമിട്ടു പ്രാര്‍ത്ഥിക്കാം. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാം. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.

 

 

 

 

 

 

OTHER SECTIONS