കാര്യസിദ്ധിയ്ക്ക് തടസ്സം നേരിടുന്നവർ ക്ഷിപ്രസാദ ഗണപതിയെ ഭജിക്കൂ.. പരിഹാരം ഉടൻ

ഓരോ അഭീഷ്ട സിദ്ധിക്കും ഭഗവാന്റെ ഓരോ ഈ രൂപങ്ങൾ ധ്യാനിച്ച് ഉപാസിക്കണം. ഭജിക്കുമ്പോൾ ഭക്തർ ഒരോ രൂപത്തിനും പറഞ്ഞിട്ടുള്ള നിറമുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം.

author-image
Greeshma Rakesh
New Update
കാര്യസിദ്ധിയ്ക്ക് തടസ്സം നേരിടുന്നവർ ക്ഷിപ്രസാദ ഗണപതിയെ ഭജിക്കൂ.. പരിഹാരം ഉടൻ

 

കാര്യസിദ്ധിക്ക് ഏതെങ്കിലും രീതിയിൽ തടസ്സം ‌ഉണ്ടായാൽ ഉടൻ ഭജിക്കേണ്ട ഗണേശ സങ്കല്പമാണ് ക്ഷിപ്രസാദ ഗണപതി. ഈ ഭാവത്തിൽ ഗണപതി ഭഗവാനെ ആരാധിച്ചാൽ അക്ഷണം തടസ്സങ്ങൾ മാറി കാര്യസിദ്ധിയുണ്ടാകും. പെട്ടെന്നുണ്ടാകുന്ന തടസങ്ങൾ മാറുന്നതിന് മാത്രമല്ല ഐശ്വര്യത്തിനും ക്ഷിപ്രസാദ ഗണപതിയെ ഭജിക്കണം.

മുദ്ഗല പുരാണത്തിൽ ഗണേശ ഭഗവാന് 32 രൂപങ്ങൾ വർണ്ണിക്കുന്നുണ്ട്. ഓരോ അഭീഷ്ട സിദ്ധിക്കും ഭഗവാന്റെ ഓരോ ഈ രൂപങ്ങൾ ധ്യാനിച്ച് ഉപാസിക്കണം. ഭജിക്കുമ്പോൾ ഭക്തർ ഒരോ രൂപത്തിനും പറഞ്ഞിട്ടുള്ള നിറമുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം. ആ പ്രത്യേക ഗണപതി രൂപത്തിന്റെ കൈയിലുള്ള നിവേദ്യ വസ്തുക്കൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഫലസിദ്ധിക്ക് വളരെയധികം നല്ലതാണ്.

അല്ലാത്തപക്ഷം ഇത് തയ്യാറാക്കി സമർപ്പിച്ചും പ്രാർത്ഥിക്കാവുന്നതാണ്. ഈ 32 രൂപങ്ങളിൽ ഇരുപതാമത്തേതാണ് ഇവിടെ പറയുന്ന ക്ഷിപ്രസാദ ഗണപതി ധ്യാനം. പേര് സൂചിപ്പിക്കുന്ന പോലെ അതിവേഗം പ്രസാദിച്ച് വരം തരുന്ന ദേവനാണ് ക്ഷിപ്രസാദ ഗണപതി. ഉത്തമ ഭക്തരിൽ ഉടൻ കൃപാ കടാക്ഷങ്ങൾ ചൊരിയുന്ന ഈ മൂർത്തി തിന്മകൾ പ്രവർത്തിക്കുകയും പരദ്രോഹങ്ങൾ നടത്തുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

ത്രിനേത്രവും ശിരസ്സിനെ അലങ്കരിക്കുന്ന കിരീടത്തിൽ പിതാവ് ശിവഭഗവാനെപ്പോലെ ചന്ദ്രക്കലയുമുള്ള ഈ മൂർത്തിയുടെ നിറം കടും ചുവപ്പാണ്. കുശപ്പുല്ലു കൊണ്ട് ഒരുക്കിയ മെത്തയിൽ ഇരിക്കുന്ന ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ലംബോദരനായന്റെ ആറു കൈകളിൽ തന്റെ തന്നെ ഒടിഞ്ഞ കൊമ്പും ആഗ്രഹസാഫല്യമേകുന്ന കല്പവൃക്ഷത്തിന്റെ ചില്ലയും ആനത്തോട്ടിയും പാശവും വെള്ളത്താമരയും മാതളപ്പഴവും എന്തിയിരിക്കുന്നു.

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ചിത്രരൂപത്തിലും മൈസൂറിലെ ക്ഷേത്രത്തിൽ ശില്പമായും ഈ 32 ഗണേശ രൂപങ്ങളും കാണം. തമിഴ് നാട്ടിലെ കാരക്കുടി കർപ്പകവിനായക ക്ഷേത്രത്തിൽ ക്ഷിപ്ര ഗണപതി വിഗ്രഹമാണ് ആരാധിക്കുന്നത്.

ചോതിയാണ് ക്ഷിപ്ര ഗണപതി ഭാവവുമായി ബന്ധപ്പെട്ട നക്ഷത്രം. ഈ നക്ഷത്രക്കാർ ക്ഷിപ്രഗണപതിയെ എന്നും ഭജിക്കണം. തികഞ്ഞ ഭക്തി വിശ്വാസപൂർവ്വം ക്ഷിപ്രഗണപതിയെ ഉപാസിക്കുന്ന ഭക്തർക്ക് ഐശ്വര്യം, അഭിവൃദ്ധി, വിജയം മന: ശാന്തി എന്നിവയെല്ലാം ലഭിക്കും. മാത്രമല്ല അവരുടെ വഴിയിലെ തടസ്സങ്ങളെല്ലാം അകറ്റുകയും ചെയ്യും.

ക്ഷിപ്രപ്രസാദഗണപതി മന്ത്രം

ധൃതപാശാങ്കുശ കൽപലതാ

സ്വദന്തശ്ച ബീജപുരയുത:

ശശിശകല കലിത മൗലീ

ത്രിലോചനോരുണാശ്ച ഗജവദന:

ഭാസുരഭൂഷണ ദീപ്‌തോ ബൃഹദുദര: പത്മവിഷ്ടരോല്ലസിത:

വിഘ്‌നപയോധര പവന: കരധൃതകമല:

സദാസ്തുമേ ഭൂത്യൈ

സർവ്വൈശ്വര്യങ്ങളുടെയും മൂലസ്ഥാനമാണ് ഗണപതി. ഗണനാഥനെ ആദ്യം തന്നെ പ്രാർത്ഥിച്ചു പൂജിച്ചാൽ നമ്മുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസങ്ങളും സംഭവിക്കുകയില്ല. ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ ഗണപതിഹോമവും പൂജയും നടത്തണം.

കേതു ദശാകാലത്ത് കഷ്ടപ്പാടുകൾ കുറയുന്നതിന് ഗണപതിയെ പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ ഫലപ്രദമാണ്. ശ്രീപരമേശ്വരൻ, മഹാവിഷ്ണു, ദേവി എന്നീ ദേവീദേവന്മാരെ പൂജിച്ചാൽ ലഭിക്കാവുന്ന സകല പുണ്യങ്ങളും ശ്രീവിനായകദേവനെ മാത്രം ഭജിച്ചാൽ സിദ്ധിക്കുന്നതാണ്. വിദ്യാർത്ഥികൾ പഠിത്തത്തിൽ മിടുക്കന്മാരാകുന്നതിന് ഗണപതി ഭഗവാന്റെ ചിത്രത്തിന് മുന്നിൽ പുസ്തകങ്ങൾ വച്ച്  പ്രാർത്ഥിക്കണം.

lord ganesha worshipping