By Ambily chandrasekharan.21 Feb, 2018
എന്‍ടോര്‍ക്ക് വിപണിയില്‍ എത്തിത്തുടങ്ങി. ജൂപ്പിറ്റര്‍ എന്ന മികച്ച മോഡലിലൂടെ സ്കൂട്ടര്‍ ഉപഭോക്താക്കളുടെയും മനം കവര്‍ന്ന ടിവിഎസ് 125 സിസി സെഗ്മെന്റും അടക്കിവാഴാനെത്തുന്നു. ജൂപ്പിറ്ററിന്റെതന്നെ 125 സിസി പതിപ്പാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതിനുമുമ്പ്് ഒരു 'ചെത്തുപയ്യനെ' നിരത്തിലിറക്കാനാണ് ടിവിഎസ് താത്പര്യപ്പെടുന്നത്. പുതിയ മോഡലായ 125 സിസി എഞ്ചിനുള്ള എന്‍ടോര്‍ക്ക് എന്ന ന്യൂജെന്‍ സ്കൂട്ടര്‍ ചില ഷോറൂമുകളില്‍ എത്തിക്കഴിഞ്ഞു.ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയെത്തുന്ന രാജ്യത്തെ ആദ്യ സ്കൂട്ടറാണ് എന്‍ടോര്‍ക്ക്. പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതായ എന്‍ടോര്‍ക്ക് എന്ന ആപ്ലിക്കേഷനാണ് സ്മാര്‍ട്ട് ഫോണിനേയും സ്കൂട്ടറിനേയും തമ്മില്‍ ബന്ധിപ്പിക്കുക. സിവിടി ഐ റെവ് മൂന്ന് വാല്‍വ് എഞ്ചിനാണ് എന്‍ടോര്‍ക്കിന് ജീവനേകുന്നത്. ഒരുപിടി പുതിയ ഫീച്ചറുകളും ടിവിഎസ് എന്‍ടോര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. യുവാക്കളെ മുന്നില്‍കണ്ടാണ് പല ഫീച്ചറുകളും ഒരുക്കപ്പെട്ടിട്ടുള്ളത്. ജൂപ്പിറ്ററില്‍ ഉപയോഗിച്ച് പ്രശംസപിടിച്ചുപറ്റിയ ഗ്യാസ് ഫില്‍ഡ് ഹൈഡ്രോളിക് ടൈപ്പ് കോയില്‍ സ്പ്രിംഗ് സസ്പെന്‍ഷനാണ് സ്കൂട്ടറിന്റെ പിന്‍ഭാഗത്തുള്ളത്. മുന്‍ വീലുകളില്‍ പെറ്റല്‍ ടൈപ്പ് ഡിസ്ക് ബ്രേക്ക് ഉപയോഗിച്ചിരിക്കുന്നു.ബംഗലുരുവിലെ ഷോറൂമുകളിലാണ് നിലവില്‍ എന്‍ടോര്‍ക്ക് എത്തിത്തുടങ്ങിയത്. വരും ആഴ്ച്ചകളില്‍ കേരളത്തിലും എന്‍ടോര്‍ക്ക് എത്തും. 61,450 രൂപയാണ് ബംഗലുരുവിലെ എക്സ് ഷോറൂം വില. 110 സിസി വിഭാഗത്തില്‍ ആക്ടീവയേപ്പോലെ 125 സിസി വിഭാഗത്തില്‍ ഒരു 'രാജാവ്' നിരത്തുകളില്‍ ഇല്ലാത്തതിനാല്‍ എന്‍ടോര്‍ക്കിന് മുന്നേറാനുള്ള എല്ലാവിധ സാധ്യതകളും ടിവിഎസ് മുന്നില്‍ കാണുന്നുണ്ട്.വ്യത്യസ്ത റൈഡ് മോഡുകള്‍ അവതരിപ്പിക്കുന്ന സ്കൂട്ടറാണ് എന്‍ടോര്‍ക്ക്. സ്ട്രീറ്റ്, സ്പോര്‍ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളില്‍ സ്കൂട്ടര്‍ ഉപയോഗിക്കാം. മൈലേജ് ആവശ്യമുള്ളവര്‍ക്കും കരുത്ത് ആവശ്യമുള്ളവര്‍ക്കും ഏറെ പ്രയോജനപ്രദമായ സൗകര്യമാണ് ഡ്രൈവിംഗ് മോഡുകള്‍.ടോപ് സ്പീഡ് റെക്കോര്‍ഡര്‍, ഇന്‍ബില്‍റ്റ് ലാപ്പ് ടൈമര്‍, ലാസ്റ്റ് പാര്‍ക്ക്ഡ് അസിസ്റ്റ്, സര്‍വീസ് റിമൈന്‍ഡര്‍, ട്രിപ്പ് മീറ്ററുകള്‍ തുടങ്ങി 55 ഫീച്ചറുകള്‍ അടങ്ങിയതാണ് ഡിജിറ്റല്‍ ട്രിപ്പ് മീറ്റര്‍ എന്ന് കമ്പനി അവകാശപ്പെടുന്നു.